മുംബൈ: നഗരത്തിലെ ഫ്ളാറ്റ് സമുച്ചയത്തിലുണ്ടായ തീപിടുത്തത്തില്‍ മരണം ഏഴായി. ചെമ്പൂര് തിലക് നഗറിലെ ഫ്ളാറ്റ് സമുച്ചയത്തിലാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്റെ 14-ാം നിലയിലായിരുന്നു തീപിടുത്തമുണ്ടായത്. തീ പൂര്‍ണമായും അണച്ചു.
ഇന്നലെ സന്ധ്യയ്ക്ക് ഏഴരയ്ക്ക് ശേഷമായിരുന്നു തീപിടുത്തമുണ്ടായത്. എട്ട് മണിയോടെ അഗ്നിശമന സേന സ്ഥലത്തെത്തി. അതേസമയം, തീ അണയ്ക്കാന്‍ സാധിച്ചെങ്കിലും സ്ഥതിഗതികള്‍ ശാന്തമായി വരുന്നേയുള്ളൂ. രാത്രിയും പുലര്‍ച്ചയും അഗ്നിശമന സേനയും മറ്റും രക്ഷാപ്രവര്‍ത്തനം തുടരുകയായിരുന്നു.
അപകടത്തില്‍ ഏഴ് പേരാണ് മരിച്ചത്. ഇവരില്‍ പലരും 75ന് മുകളില്‍ പ്രായമുള്ളവരാണ്. മരിച്ച സുനിതാ ജോഷി (72), ബാലചന്ദ്ര ജോഷി (72), സുമന് ജോഷി (83), സരള സുരേഷ് (52), ലക്ഷ്മിബെന്‍ പ്രേംജി (83) എന്നിവരെ തിരിച്ചറിയാന്‍ സാധിച്ചു. അതേസമയം രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടില്ല. തീപിടുത്തമുണ്ടായപ്പോള്‍ ഓടി രക്ഷപ്പെടാന്‍ സാധിക്കാത്തതാകാം അവര്‍ക്ക് ജീവന് നഷ്ടമാക്കിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.
രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു അഗ്നിശമന സേനാ ഉദ്യോഗസ്ഥനു പരിക്കേറ്റു. മറ്റൊരാള്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, ഇപ്പോഴും കെട്ടിടത്തില്‍ ആരെങ്കിലും കുടുങ്ങി കിടപ്പുണ്ടോ എന്ന് അഗ്നിശമന സേന പരിശോധന നടത്തി വരികയാണ്.