ന്യൂഡൽഹി: പാർലമെന്റിൽ കഴിഞ്ഞ ദിവസമുണ്ടായ ബഹളത്തിൽ കോൺഗ്രസ് എംപിമാർക്കെതിരെ അച്ചടക്ക നടപടി. കേരളത്തിൽ നിന്നുള്ള നാലുപേരടക്കം ഏഴ് എംപിമാരെ ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ടി.എന്‍. പ്രതാപന്, ഡീന്‍ കുര്യാക്കോസ്, ബെന്നി ബഹനാന്, രാജ്മോഹന്‍ ഉണ്ണിത്താന് എന്നീ കേരള എംപിമാർക്കൊപ്പം ഗൗരവ് ഗൊഗോയ്, മാണിക്കം ടാഗോര്‍, ഗുര്‍ജീത് സിങ് ഔജ്ല എന്നിവരെയുമാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ഈ സമ്മേളനകാലം അവസാനിക്കുന്നത് വരെയാണ് സസ്പെൻഷൻ.
ഡൽഹി കലാപത്തിന്റ പശ്ചാത്തലത്തിൽ വലിയ പ്രതിഷേധങ്ങളാണ് കോൺഗ്രസ് ലോക്സഭയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയത്. ഡൽഹി കലാപം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇതിനിടയിൽ സ്പീക്കറുടെ നേർക്ക് കടലാസ് കീറിയെറിഞ്ഞതിനാണ് ഏഴ് എംപിമാർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ നാലു ദിവസവും പ്രതിപക്ഷ എംപിമാർ പാർലമെന്റിന്റെ നടുത്തളത്തിലിറങ്ങുകയും ബഹളംവയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചത്. പ്രമേയം പാസ്സാക്കിയതിനെ തുടര്‍ന്ന് ഏഴു പേരോടും സഭയ്ക്ക് പുറത്തു പോകാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടു.