ചെന്നൈ: വേദാന്തയുടെ തൂത്തുക്കുടിയിലെ വിവാദ സ്റ്റെർലൈറ്റ് പ്ലാന്ര് തുറന്ന് പ്രവർത്തിക്കാൻ ദേശീയ ഹരിത ട്രൈബ്യുണലിന്റെ അനുമതി. പ്ലാന്റ് അടച്ചിടാനുള്ള തമിഴ്നാട് സർക്കാരിന്റെ ഉത്തരവ് ട്രൈബ്യൂണൽ റദ്ദ് ചെയ്തു. വേദാന്ത ഗ്രൂപ്പിന്റെ ഹർജിയിലാണ് നടപടി. എന്നാൽ ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.

പ്രവർത്തിക്കാനായി പല അനുമതികളും കമ്പനിക്കില്ല എന്നിരിക്കെയാണ് ഹരിത ട്രൈബ്യൂണൽ കമ്പനിക്ക് പ്രവർത്തനം തുടരാൻ അനുവാദം നൽകിയിരിക്കുന്നത്. വേദാന്തക്ക് പ്രവർത്തനം തുടരാൻ പുതുക്കിയ ഉത്തരവ് പുറത്തിറക്കണമെന്ന് തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡിനോട് ട്രൈബ്യൂണൽ അവശ്യപ്പെട്ടു. അതീവ സൂക്ഷമതയോടെ കൈകാര്യം ചെയ്യേണ്ട പതാർത്ഥങ്ങൾ ഉപയോഗിക്കുന്നതിനുള്ള അനുമതി നൽകാനാണ് ബോർഡിനോട് ട്രൈബ്യൂണൽ അവശ്യപ്പെട്ടിരിക്കുന്നത്.

മലിനീകരണം ഉണ്ടാക്കുന്ന വേദാന്തയുടെ സ്റ്റെർലൈറ്റ് പ്ലാന്റ് ഉടന്‍ അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് സമരം ചെയ്തവര്‍ക്കെതിരെയുള്ള പൊലീസ് വെടിവെയ്പ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. പ്ലാന്റ് അടച്ചുപൂട്ടാതെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്ന് സമരക്കാര്‍ തീരുമാനം എടുത്തതിനെ തുടര്‍ന്നാണ് പ്ലാന്റ് പൂര്‍ണമായും അടച്ചുപൂട്ടാന്‍ തമിഴിനാട് സർക്കാർ അന്ന് ഉത്തരവിറക്കിയത്.

കമ്പനിയിൽ നിന്ന് പുറംതള്ളുന്ന ചെമ്പ് മാലിന്യം അപകടകരമല്ലന്ന് നിരീക്ഷിച്ച ട്രൈബ്യൂണൽ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനെതിരെ കടുത്ത വിമർശനമാണ് ഉയർത്തിയത്. ചോർച്ച തടയാൻ തടകെട്ടണമെന്ന് കമ്പനിയോട് ബോർഡ് അവശ്യപ്പെട്ടില്ലെന്നും കൂട്ടിച്ചേർത്തു.

ഇതുവരെ വരുത്തിയ വീഴ്ചകള്‍ക്ക് പരിഹാരമായി 2.5കോടി രൂപ അടിയന്തരമായി കെട്ടിവെക്കാൻ ട്രൈബ്യൂണൽ കമ്പനിയോട് അവശ്യപ്പെട്ടു. ഒപ്പം പ്രദേശത്ത് താമസിക്കുന്നവരുടെ ക്ഷേമത്തിനായി മൂന്നു വര്‍ഷത്തിനുള്ളില്‍ ഒരു കോടി രൂപ ചെലവഴിക്കാനും കമ്പനിയോട് ട്രൈബ്യൂണൽ നിര്‍ദേശിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook