ന്യൂഡല്‍ഹി•എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് 11 എയര്‍ബസ് എ-320 വിഭാഗത്തിലുളള പുതിയ നിയോ എഞ്ചിനുകളുളള വിമാനങ്ങള്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ റദ്ദാക്കി. ഇന്‍ഡിഗോയുടെ എട്ട് വിമാനങ്ങളും ഗോ എയറിന്റെ മൂന്ന് വിമാനങ്ങളുമാണ് വ്യോമയാന വിഭാഗം നിരോധിച്ചത്. തിങ്കളാഴ്ച്ച അഹമ്മദാബാദില്‍ നിന്നും ഇന്‍ഡിഗോ വിമാനം പറന്നുയര്‍ന്നയുടനെ എ-320 നിയോ എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് അടിയന്തിരമായി നിലത്തിറക്കിയിരുന്നു.

പുതുതായി ലഭിച്ച എയര്‍ബസ് എ-320 നിയോ വിമാനങ്ങളിലെ പ്രാറ്റ് ആന്‍ഡ് വിറ്റ്നി എന്‍ജിനുകള്‍ക്കാണ് പ്രശ്നം. ഇതോടെ ഇവ ഉപയോഗിച്ച്‌ നടത്തിയിരുന്ന 80 ലേറെ പ്രതിദിന സര്‍വീസുകളാണ് തടസപ്പെടുന്നത്.
എന്‍ജിന്‍ തകരാറുകള്‍ പതിവായതോടെ കഴിഞ്ഞ ആഴ്ച ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പ്രശ്നത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. നേരത്തെ, എന്‍ജിന്‍ പ്രശ്നങ്ങള്‍ക്ക് യുണൈറ്റഡ് ടെക്നോളജീസ് ഇന്‍ഡിഗോയ്ക്ക് നഷ്ടപരിഹാരം നല്‍കിയതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ ഇത് എത്ര തുകയാണെന്ന് വെളിപ്പെടുത്താന്‍ കമ്ബനി തയ്യാറായിട്ടില്ല. എന്‍ജിന്‍ പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ പ്രാറ്റ് ആന്‍ഡ് വിറ്റ്നി ബുദ്ധിമുട്ടുകയാണ്. ഇപ്പോഴത്തെ പ്രശ്നങ്ങള്‍ ഒരു വര്‍ഷമെങ്കിലും വേണ്ടി വരുമെന്നാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്‍ജിനുകള്‍ നീക്കം ചെയ്ത് പകരം ഘടിപ്പിക്കാന്‍ സ്പെയര്‍ എന്‍ജിനുകള്‍ ഇല്ലാത്തതാണ് ഇന്‍ഡിഗോ നേരിടുന്ന പ്രശ്നം.

10 ഇന്ത്യന്‍ വിമാനയാത്രക്കാരില്‍ 4 പേരും ഇന്‍ഡിഗോയിലാണ് യാത്ര ചെയ്യുന്നതെന്നാണ് കണക്കുകള്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ എയര്‍ബസ് 320 നിയോ വിമാന വ്യൂഹമുള്ള കമ്പനിയാണ് ഇന്‍ഡിഗോ. 430 എയര്‍ബസ് 320 നിയോ വിമാനങ്ങളാണ് കമ്പനി ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ഇവയില്‍ 22 എണ്ണം ഇതിനോടകം ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഹരിയാനയിലെ ഗുഡ്ഗാവ് ആസ്ഥാനമായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള ഇന്‍ഡിഗോയ്ക്ക് 141 വിമാനങ്ങളാണ് നിലവിലുള്ളത്. ഇവ ഉപയോഗിച്ച്‌ 7 വിദേശ നഗരങ്ങള്‍ ഉള്‍പ്പടെ 48 നഗരങ്ങളിലേക്ക് 918 പ്രതിദിന സര്‍വീസുകളാണ് നടത്തുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook