ന്യൂഡൽഹി: ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ബില്ലിൽ ഉൾപ്പെടുത്തിയിരുന്ന സർവീസ് ചാർജ് നിർബന്ധമല്ലെന്ന് കേന്ദ്രസർക്കാർ ഉത്തരവിട്ടു. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിച്ചതായും, തുടർ നടപടികൾ സ്വീകരിക്കുന്നതിന് സംസ്ഥാന സർക്കാരുകളോട് ഉടൻതന്നെ ആവശ്യപ്പെടുമെന്നും ഭക്ഷ്യ ഉപഭോക്തൃകാര്യ മന്ത്രി രാം വിലാസ് പാസ്വാൻ ട്വിറ്ററിലൂടെ അറിയിച്ചു.

സര്‍വീസ് ചാര്‍ജ് നല്‍കണോ വേണ്ടയോ എന്നുള്ളത് ഉപഭോക്താവിന് തീരുമാനിക്കാം. എത്രയാണ് നല്‍കേണ്ടത് എന്നതും ഹോട്ടലുകളല്ല തീരുമാനിക്കേണ്ടതെന്നും ഉപഭോക്താവിന്റെ താത്പര്യപ്രകാരമാണ് ഇത് നല്‍കേണ്ടതെന്നും കേന്ദ്രം വ്യക്തമാക്കി.

ബില്ലിൽ സർവീസ് ചാർജിനുള്ള കോളം ഒഴിച്ചിടണമെന്നും പുതിയ മാർഗ നിർദേശത്തിലുണ്ട്. ഈ കോളം പൂരിപ്പിക്കാനുള്ള അവകാശം ഉപഭോക്താവിനാണ്. ഉപഭോക്താവ് എത്രയാണോ സര്‍വീസ് ചാര്‍ജായി നല്‍കുന്നത് അത് മാത്രമാണ് അവിടെ കൂട്ടിച്ചേര്‍ക്കേണ്ടത്.

ഉപഭോക്താവിനോട് ഹോട്ടലുകൾ നിർബന്ധിതമായി സർവീസ് ചാർജ് ഈടാക്കുകയാണെങ്കിൽ ഉപഭോക്തൃ കോടതികളിൽ പരാതിപ്പെടണമെന്നും രാം വിലാസ് പാസ്വാന്‍ അറിയിച്ചു. ഹോട്ടലുകളും റസ്റ്ററന്റുകളും 5 മുതൽ 20 വരെ ശതമാനം നിർബന്ധിത ടിപ്പ് ഇനത്തിൽ ബില്ലിൽ ഉൾപ്പെടുത്തി ഉപഭോക്താക്കളിൽ നിന്നു സർവീസ് ചാർജ് ഈടാക്കുന്നതായി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ഉപഭോക്തൃ മന്ത്രാലയം വിഷയത്തിൽ ഇടപെട്ടത്. സര്‍വീസ് ചാര്‍ജ് എന്നത് നിലവിലില്ലെന്നും ഇത് തെറ്റായ രീതിയിലാണ് ഈടാക്കുന്നതെന്നും പാസ്വാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഹോട്ടലുകള്‍ തെറ്റായ രീതിയില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിനെതിരെ പാസ്വാന്‍ നേരത്തേയും രംഗത്ത് വന്നിട്ടുണ്ട്. ഹോട്ടലുകളില്‍ നിന്നും റസ്റ്റോറന്റുകളില്‍ നിന്നും മന്ത്രി വിശദീകരണവും തേടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ