ന്യൂഡൽഹി: മെയ് ഒന്നു മുതൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിനേഷൻ ആരംഭിക്കുമ്പോൾ, രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ കോവിഷീല്‍ഡ് വാക്സിനായി നല്‍കേണ്ടിവരിക ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വില. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രസെനകയും ചേർന്ന് വികസിപ്പിച്ചെടുത്ത കോവിഷീല്‍ഡ് വാക്സിന്റെ ഒരു ഡോസിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിച്ചിരിക്കുന്ന 600 രൂപ എന്നത് മറ്റേത് രാജ്യത്തെക്കാൾ ഉയർന്നതാണ്.
കോവീഷീല്‍ഡ് വാക്സിന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡോസിന് 400 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കും നല്‍കുമെന്നാണ് കമ്പനി സി.ഇ.ഒ. അദാര്‍ പൂനാവാല അറിയിച്ചത്. കേന്ദ്രസര്‍ക്കാരിന് 150 രൂപ നിരക്കിലായിരുന്നു നല്‍കിയിരുന്നത്. വില നിശ്ചയിക്കാനുള്ള അധികാരം സ്വകാര്യ കമ്പനിക്ക് നല്കിയതും വിലയിലെ വ്യത്യാസംവും ചൂണ്ടിക്കാട്ടി വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ പ്രതിഷേധം അറിയിച്ചിരുന്നു.
ആദ്യത്തെ 100 മില്യൺ ഡോസ് ഇന്ത്യ ഗവൺമെന്റിന് 200 രൂപയ്ക്കും(ഒരു ഡോസിന്) പിന്നീട് വിപണിയിൽ 1000 രൂപയ്ക്കുമായിരിക്കും വിൽക്കുക എന്നും അദാര്‍ പൂനാവാല വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇപ്പോൾ ഇന്ത്യയിലെ സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്ക്കായിരിക്കും ഒരു ഡോസ് വാക്സിൻ നൽകുക എന്നാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നത്. ഇത് ഏകദേശം 8 ഡോളറിന് തുല്യമാണ്. ഒരു ഡോസ് വാക്സിന് ലോകത്ത് ഇടാക്കുന്ന ഏറ്റവും ഉയര്‍ന്ന വിലയാണ്.
സംസ്ഥാനങ്ങള്‍ക്ക് 400 രൂപ നിരക്കിലാണ് വാക്സിന് നല്‍കുന്നത്. വാക്സിന് സൗജന്യമല്ലെന്ന് സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചാല്‍, സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്സിനേഷന് എടുക്കുന്നവരും ഒരു ഡോസിന് 400 രൂപ (5.30 ഡോളറില്‍ കൂടുതല്‍) നല്‍കണം.
സംസ്ഥാനങ്ങള്‍ക്ക് വാക്സിന് നല്‍കാനായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഈടാക്കുമെന്ന് പറയുന് 400 രൂപ പോലും യു.എസ്., യു.കെ., യൂറോപ്യന്‍ യൂണിയന് തുടങ്ങിയ രാജ്യങ്ങളിലെ ഗവണ്മെന്റുകള് നേരിട്ട് അസ്ട്രസെനെക്കയില്‍നിന്ന് വാങ്ങുന്ന വിലയേക്കാള്‍ കൂടുതലാണ്.
ബംഗ്ലാദേശ്, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ ഇതിലും കുറഞ്ഞ നിരക്കിലാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് വാക്സിന് വാങ്ങുന്നതിനായി കരാറിലേർപ്പെട്ടിരിക്കുന്നത്. മിക്ക രാജ്യങ്ങളിലും ഗവൺമെന്റുകൾ വാക്സിൻ വിലകൊടുത്തു വാങ്ങുകയും ജനങ്ങൾക്ക് സൌജന്യമായി വിതരണം ചെയ്യുകയുമാണ് ചെയ്യുന്നത്.
വാക്സിൻ മറ്റുരാജ്യങ്ങളിലെ വില ഇങ്ങനെ:
ഒരു ഡോസ് വാക്സിനായി 2.15 മുതല്‍ 3.5 ഡോളറാണ് (ഏകദേശം 160-270 രൂപ) യൂറോപ്യന്‍ യൂണിയന് മുടക്കുന്നത്. മൂന്ന് ഡോളറിനാണ് (ഏകദേശം 226 രൂപ) ബ്രിട്ടന് ഒരു ഡോസ് വാക്സിന് ലഭിക്കുന്നത്. ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും വാക്സിന് നിര്‍മാണത്തിനായി അസ്ട്രസെനകയില്‍ നിക്ഷേപം നടത്തിയിരുന്നു.
അമേരിക്കയ്ക്ക് ഒരു ഡോസിന് നാല് ഡോളര്‍ (ഏകദേശം 300 രൂപ) നിരക്കിലാണ് വാക്സിൻ നൽകാമെന്ന് സമ്മതിരിച്ചിരിക്കുന്നത്. ബ്രിട്ടനും അമേരിക്കയും അസ്ട്രസെനകയില്‍നിന്ന് നേരിട്ടാണ് വാക്സിന് വാങ്ങുന്നത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഉല്പാദകരില് നിന്ന് ബ്രസീല്‍ 3.15 ഡോളറിനാണ് (ഏകദേശം 237 രൂപ) വാക്സിന് വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.
സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് നേരിട്ട് വാക്സിന് വാങ്ങുന്ന ബംഗ്ലാദേശ് ഒരു ഡോസിന് 4 ഡോളറാണ് (ഏകദേശം 300 രൂപ) മുടക്കുന്നതെന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തത്. ദക്ഷിണാഫ്രിക്കയും സൗദി അറേബ്യയും 5.25 ഡോളറാണ് (ഏകദേശം 395 രൂപ) മുടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോവിഷീൽഡിന് ഒരു ഡോസിന് 400 രൂപ ഈടാക്കാൻ കേന്ദ്രം അനുവാദം നൽകിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹർഷ് വർധനോ, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണോ പ്രതികരിച്ചില്ല.
അന്തിമ തീരുമാനം ഇനിയും വരാനിരിക്കുന്നതിനാൽ, സ്വകാര്യ ആശുപത്രികളിൽ പ്രതിരോധ കുത്തിവയ്പ് എടുക്കുന്ന ആളുകൾ എത്ര രൂപ നൽകേണ്ടിവരുമെന്ന് ഇപ്പോഴും വ്യക്തമല്ല.