ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്സിനുകള്‍ മിശ്രണം ചെയ്ത് പരീക്ഷിക്കാനുള്ള നീക്കത്തെ എതിര്‍ത്ത് കോവിഡ് ഷീല്‍ഡ് നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) ചെയര്മാന് ഡോ. സൈറസ് പൂനവാല. ഇത് വാക്സിന് നിര്‍മാതാക്കള്‍ തമ്മിലുള്ള കുറ്റപ്പെടുത്തല്‍ പ്രവണതയ്ക്ക് ഇടയാക്കുമെന്നുമെന്ന് അദ്ദേഹം പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
”രണ്ട് വ്യത്യസ്ത വാക്സിനുകള്‍ കൂട്ടിക്കലര്‍ത്തുന്നതിനെ ഞാന്‍ എതിര്‍ക്കുന്നു. രണ്ട് വ്യത്യസ്ത വാക്സിനുകള്‍ മിശ്രണം ചെയ്യേണ്ട ആവശ്യമില്ല,” കോവിഷീല്‍ഡിന്റെയും കോവാക്സിന്റെയും കോക്ടെയ്ല്‍ മികച്ച പ്രതിരോധശേഷി ഉണ്ടാക്കുമെന്ന ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചി(ഐസിഎംആര്‍)ന്റെ സമീപകാല പഠനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പൂനവാല പറഞ്ഞു.
പൂനെയില്‍ ലോകമാന്യ തിലക് ദേശീയ പുരസ്കാരം സ്വീകരിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സമീപനത്തിന്റെ ഫലപ്രാപ്തി ആയിരക്കണക്കിന് ആളുകള്‍ ഉള്‍പ്പെട്ട ഫീല്‍ഡ് പരീക്ഷണങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
”കോക്ടെയ്ല്‍ വാക്സിനുകള്‍ നല്കി ഫലം നല്ലതല്ലെങ്കില്‍, മറ്റേ വാക്സിന് നല്ലതല്ലെന്ന് സെറം ഇന്‍സ്റ്റിറ്റിയൂ്ട്ട് പറഞ്ഞേക്കാം. തിരിച്ചും സംഭവിച്ചേക്കാം. സെറം വാക്സിന് കലര്‍ത്തിയതിനാല്‍ ഉദ്ദേശിച്ച ഫലം ലഭിച്ചില്ലെന്ന് മറ്റേ കമ്പനിയും പറഞ്ഞേക്കാം,” പൂനവാല പറഞ്ഞു.
Also Read: കണ്ടെയ്ന്മെന്റ് സോണില്‍ കോവിഡ് ഇല്ലാത്ത മുഴുവന്‍ പേര്‍ക്കും വാക്സിനേഷന് നൽകും
മിശ്രിത വാക്സിനുകള്‍ നിശ്ചിത വാക്സിനുകളുടെ കുറവിന്റെ വെല്ലുവിളികളെ മറികടക്കാന്‍ സഹായിക്കുമെന്നും വിവിധ കോവിഡ് വകദേങ്ങള്ക്കെതിരെ മികച്ച പ്രതിരോധത്തിനു വഴിയൊരുക്കുമെന്നു ഗവേഷകര്‍ പറയുന്നു. ഒരേ വാക്സിന്റെ രണ്ട് ഡോസുകള്‍ സ്വീകരിച്ചവരെ അപേക്ഷിച്ച് കോവിഷീല്‍ഡും കോവാക്സിനും ചേര്‍ന്ന ഡോസുകള്‍ മികച്ച രോഗപ്രതിരോധ ശേഷി സൃഷ്ടിക്കുന്നതിനുള്ള കഴിവ് കാണിക്കുന്നതായി ഐസിഎംആര്‍ നടത്തിയ പഠനം കണ്ടെത്തിയിരുന്നു.
മേയില്‍ ആദ്യ ഡോസായി കോവിഷീല്‍ഡ് വാക്സിന് നല്കിയ ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ് നഗറിലെ 18 പേര്‍ക്കു ആറ് ആഴ്ചയ്ക്കു ശേഷം അശ്രദ്ധ മൂലം രണ്ടാമത്തെ ഡോസ് ലഭിച്ചത് കോവാക്സിനായിരുന്നു. ഇവരിലുണ്ടാക്കിയ മാറ്റം, കോവിഷീല്‍ഡിന്റെ രണ്ട് ഡോസ് എടുത്ത 40 പേരുമായും കോവാക്സിന്റെ രണ്ട് ഡോസ് ലഭിച്ച 40 പേരുമായും ഐസിഎംആര്‍ പഠനം താരതമ്യം ചെയ്തു.
”ഹെറ്ററോളജസ് വിഭാഗത്തിലെ ആല്‍ഫ, ബീറ്റ, ഡെല്‍റ്റ കോവിഡ് വകഭേദങ്ങള്‍ക്കെതിരായ രോഗപ്രതിരോധ ശേഷി മികച്ചതാണ്. ഹോമോലോഗസ് ഗ്രൂപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇമ്യൂണോ ഗ്ലോബിന് ജി (ഐജിജി) ആന്റിബോഡിയും ന്യൂട്രലൈസിങ് ആന്റിബോഡി പ്രതികരണവും വളരെ കൂടുതലാണ്,” ഐസിഎംആര്‍ പറഞ്ഞു.