ന്യൂഡല്‍ഹി: വിവിധ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) രണ്ട് കോടി ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ കേന്ദ്ര സര്‍ക്കാരിന് സൗജന്യമായി വാഗ്ദാനം ചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 410 കോടി രൂപയുടെ ഡോസുകള്‍ സൗജന്യമായി നല്‍കാമെന്ന് അറിയിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവണ്‍മെന്റ് ആന്‍ഡ് റെഗുലേറ്ററി അഫയേഴ്‌സ് ഡയറക്ടര്‍ പ്രകാശ് കുമാര്‍ സിംങ് ആരോഗ്യ മന്ത്രാലയത്തിന് കത്തയച്ചതായാണ് റിപോര്‍ട്ട്.
ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിക്കായി എസ്‌ഐഐ ഇതുവരെ 170 കോടിയിലധികം ഡോസ് കോവിഷീല്‍ഡ് സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. ചൈനയും ദക്ഷിണ കൊറിയയും ഉള്‍പ്പെടെ ചില രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കെ, സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിക്കുകയും ഏത് സാഹചര്യത്തെയും നേരിടാന്‍ തയ്യാറെടുക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെടുകയും ചെയ്തു. ഇതിനകം കോവിഡ് പോസിറ്റീവ് സാമ്പിളുകളുടെ നിരീക്ഷണവും ജീനോം സീക്വന്‍സിംഗും ഇന്ത്യ ശക്തമാക്കി.
യോഗ്യരായ പ്രായപൂര്‍ത്തിയായ ജനസംഖ്യയുടെ 27 ശതമാനം പേര്‍ മാത്രമേ മുന്‍കരുതല്‍ ഡോസ് എടുത്തിട്ടുള്ളൂ എന്നതിനാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ യോഗ്യരാതവരോട് വാക്‌സിന്‍ സീ്രകരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജനുവരിയില്‍ ഇന്ത്യയില്‍ കൊവിഡ് തരംഗത്തിന് സാധ്യതയുള്ളതിനാല്‍ അടുത്ത 40 ദിവസങ്ങള്‍ നിര്‍ണായകമാകുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം ഒരു തരംഗമുണ്ടായാലും മരണവും ആശുപത്രിവാസവും വളരെ കുറവായിരിക്കുമെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ശനിയാഴ്ച മുതല്‍ ഓരോ അന്താരാഷ്ട്ര വിമാനത്തിലും എത്തുന്ന രണ്ട് ശതമാനം യാത്രക്കാര്‍ക്ക് റാന്‍ഡം കൊറോണ വൈറസ് പരിശോധന സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.