പൂനെ: രാജ്യത്ത് കോവിഡ് വാക്സിൻ നിർമിക്കുന്ന പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (എസ്ഐഐ) ക്യാമ്പസിലുണ്ടായ തീപ്പിടിത്തത്തിൽ ആയിരം കോടിയിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായി കമ്പനിയുടെ സിഇഒ ആദർ പൂനവാല. റോട്ടവൈറസ്, ബിസിജി വാക്സിൻ നിർമാണ, സംഭരണ യൂണിറ്റുകളെയാണ് തീപ്പിടിത്തം ബാധിച്ചതെന്നും കോവിഡ്-19 വാക്സിനായ കോവിഷീൽഡിന്റെ വിതരണത്തെ ഇത് ബാധിക്കില്ലെന്നും പൂനവാല അറിയിച്ചു.
“തീപിടുത്തത്തിൽ 1000 കോടിയിലധികം രൂപയുടെ നാശനഷ്ടമാണുണ്ടായത്. തീ കോവിഷീൽഡ് വിതരണത്തെ ബാധിക്കില്ലെങ്കിലും, ഇത് റോട്ടവൈറസ്, ബിസിജി വാക്സിൻ എന്നിവയുടെ നിർമ്മാണ സംഭരണ യൂണിറ്റുകളിൽ നാശനഷ്ടമുണ്ടാക്കി. ഇത് ഞങ്ങൾക്ക് വലിയ സാമ്പത്തിക നഷ്ടമാണ് വരുത്തിയത്,” പൂനവാല ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
എസ്ഐഐ ക്യാംപസിലെ പുതിയ കെട്ടിടത്തിലാണ് വ്യാഴാഴ്ച തീപ്പിടിത്തമുണ്ടായതെന്ന് പൂനവാല പറഞ്ഞു. അവിടെ മരുന്ന് നിർമാണമോ സംഭരണമോ നടക്കുന്നുണ്ടായിരുന്നില്ലെന്നും പുതിയ ഉപകരണങ്ങളുടെ ഇൻസ്റ്റലേഷൻ നടക്കുന്ന ഇടമായിരുന്നെന്നും സിഇഒ പറഞ്ഞു.
Read More: പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിലെ തീപിടിത്തത്തിൽ അഞ്ച് മരണം
പൂനെ മഞ്ചാരിയിൽ സ്ഥിതി ചെയ്യുന്ന കാമ്പസിൽ പുതുതായി നിർമ്മിച്ച ആറ് നില കെട്ടിടത്തിന്റെ മുകളിലത്തെ മൂന്ന് നികളിലാണ് തീ പടർന്നത്. തീപിടുത്തത്തിൽ അഞ്ച് പേർ മരിച്ചിരുന്നു. അഞ്ച് പേരും വെൽഡിംഗ്, എയർ കണ്ടീഷനിംഗ് കരാർ തൊഴിലാളികളാണ്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദവ് താക്കറെ, സംസ്ഥാന ടൂറിസം മന്ത്രി ആദിത്യ താക്കറെ, തൊഴിൽ, എക്സൈസ് മന്ത്രി ദിലീപ് വാൽസ് പാട്ടീൽ, പൂനെ എംപി ഗിരീഷ് ബപത്, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ വെള്ളിയാഴ്ച സംഭവ സ്ഥലം സന്ദർശിച്ചിരുന്നു.
“കോവിഡ് -19 ഇപ്പോഴും ലോകമെമ്പാടും നാശം വിതയ്ക്കുകയാണ്. അത്തരമൊരു സാഹചര്യത്തിൽ, സെറം പ്രതീക്ഷയുടെ ഒരു കിരണമാണ്. തീപ്പിടിത്തത്തിന്റെ വാർത്ത വന്നപ്പോൾ എല്ലാവരും പരിഭ്രാന്തരായി,” മുഖ്യമന്ത്രി താക്കറെ പറഞ്ഞു.
തീപിടുത്തത്തിൽ ഒരാളും മരിച്ചിട്ടില്ലെന്ന് പൂനവാല ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ കരാർ തൊഴിലാളികളുടെ വിവരം തങ്ങൾക്ക് ലഭ്യമല്ലാതിരുന്നതിനാലാണ് അത്തരത്തിൽ തെറ്റിധരിച്ചതെന്ന് പൂനവാല പറഞ്ഞു.

“കരാറുകാരുടെ തൊഴിലാളികളെക്കുറിച്ച് ഞങ്ങൾക്ക് അറിയാത്തതിനാൽ ആദ്യം ആശയക്കുഴപ്പം ഉണ്ടായിരുന്നു. ജീവൻ നഷ്ടപ്പെട്ടിട്ടില്ലെന്ന് ഒരു പ്രാഥമിക റിപ്പോർട്ട് ലഭിച്ചപ്പോൾ, ഞങ്ങൾക്ക് ആശ്വാസമായി, അതിനാൽ ഞാൻ ഒരു ട്വീറ്റ് ചെയ്തു. എന്നാൽ പിന്നീട് പുക നീക്കം ചെയ്ത ശേഷം മൃതദേഹങ്ങൾ കണ്ടെത്തി. തേഡ് പാർട്ടി തൊഴിലാളികളുടെ പൂർണ്ണമായ ലിസ്റ്റ് ഞങ്ങളുടെ പക്കലില്ല, സൈറ്റിൽ എത്രപേർ ജോലി ചെയ്യുന്നുണ്ടെന്ന് അറിയുമായിരുന്നില്ല, ”അദ്ദേഹം പറഞ്ഞു.
Read More: പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സിൻ സ്വീകരിക്കും
തീപ്പിടിത്തം ബാധിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം കമ്പനി ” പ്രഖ്യാപിച്ചിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45 നും 2.15 നും ഇടയിലാണ് തീപിടിത്തമുണ്ടായതെന്ന് പോലീസ്, ഫയർ ബ്രിഗേഡ് അധികൃതർ അറിയിച്ചു. വൈകുന്നേരം 4.30 ഓടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പത്തിലധികം ഫയർ സർവീസ് യൂണിറ്റുകളും നാല് അധിക വാട്ടർ ടാങ്കറുകളും മറ്റ് ഉപകരണങ്ങളും സ്ഥലത്തെത്തിയിരുന്നു. 70 ലധികം അഗ്നിശമന സേനാംഗങ്ങളായിരുന്നു തീയണക്കാനുള്ള ശ്രമത്തിൽ പങ്കാളികളായിരുന്നത്.