ന്യൂഡൽഹി: യുഎസ് മരുന്നു നിർമാതാക്കളായ നോവവാക്സിന്റെ കോവിഡ്-19 വാക്സിനായ നോവോവാക്സിന്റെ ക്ലിനിക്കൽ പരീക്ഷണത്തിന് ഏഴ് മുതൽ 11 വയസ് വരെയുള്ള കുട്ടികളെ എൻറോൾ ചെയ്യാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് അനുമതി. സെൻട്രൽ ഡ്രഗ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷനാണ് (സിഡിഎസ്സിഒ) അനുമതി നൽകിയത്.
“വിശദമായ ആലോചനയ്ക്ക് ശേഷം, പ്രോട്ടോക്കോൾ അനുസരിച്ച് ഏഴ് മുതൽ 11 വയസ് വരെയുള്ള വിഭാഗങ്ങളിലെ കുട്ടികളെ ചേർക്കാൻ കമ്മിറ്റി ശിപാർശ ചെയ്തു,” ക്ലിനിക്കൽ പരീക്ഷണത്തെക്കുറിച്ച് സിഡിഎസ്സിഒയുടെ വിഷയ വിദഗ്ധ പാനൽ പറഞ്ഞു.
Also Read: രാജ്യത്ത് അന്താരാഷ്ട്ര വാണിജ്യ വിമാന സർവീസുകൾക്കുള്ള വിലക്ക് ഒക്ടോബർ 31 വരെ നീട്ടി
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഇതിനകം തന്നെ കോവിഡ്-19 വാക്സിൻ കൊവോവാക്സിൻറെ പരീക്ഷണം നടത്തുന്നുണ്ട്. നോവവാക്സിന്റെ ഷോട്ടിന്റെ ആഭ്യന്തര നിർമിത പതിപ്പായ ഈ വാക്സിൻ 12-17 പ്രായ വിഭാഗത്തിലുള്ളവരിലാണ് പരീക്ഷിക്കുന്നത്. പരീക്ഷണത്തിൽ പങ്കാളികളായ ആദ്യ 100 പേരുടെ സുരക്ഷാ ഡേറ്റ മരുന്നു കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
നോവവാക്സ് വാക്സിൻ ഇതുവരെ ഇന്ത്യ അംഗീകരിച്ചിട്ടില്ല. അടുത്ത വർഷം ജനുവരിയിലോ ഫെബ്രുവരിയിലോ 18 വയസ്സിന് താഴെയുള്ളവർക്ക് കൊവോവാക്സ് നൽകുന്നതിന് അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി ആദർ പൂനാവല്ല ഈ മാസം ആദ്യം, പറഞ്ഞിരുന്നു. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിച്ച കോവിഷീൽഡ് വാക്സിനാണ് മുതിർന്നവരിലെ കുത്തിവയ്പിനു രാജ്യത്ത് പ്രധാനമായും ഉപയോഗിക്കുന്നത്.
കുട്ടികളുടെ കാര്യത്തിൽ സൈഡസ് കാഡിലയുടെ ഡിഎൻഎ കോവിഡ് -19 വാക്സിന് മാത്രമാണ് അനുമതി ലഭിച്ചത്. 12-18 വയസ് വിഭാഗത്തിലുള്ളവരിൽ അടിയന്തിര ഉപയോഗത്തിനുള്ള അനുമതിയാണ് ഈ വാക്സിനു ലഭിച്ചത്.
രാജ്യത്ത് 18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷനാണ് രാജ്യത്ത് ഇതിനകം നടന്നിട്ടുള്ളത്. 87 കോടിയലധികം പേർക്ക് ഒന്നാം ഡോസ് നൽകിയിട്ടുണ്ട്. രണ്ട് ഡോസ് കുത്തിവയ്പ്പും എടുത്തവര് ജനസംഖ്യയുടെ 25 ശതമാനമാണ്.