ന്യൂഡൽഹി: പതിനാലു വർഷത്തിനിടയിൽ 600 പെൺകുട്ടികളെ പീഡിപ്പിച്ചതിന് കഴിഞ്ഞ ദിവസം ഡൽഹിയിൽ അറസ്‌റ്റിലായ സുനിൽ റസ്തോഗിയുടെ ക്രൂരതയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. മകൾ സുഖമില്ലാതെ കിടക്കുമ്പോൾ പോലും ഇയാൾ മറ്റു കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് വിവരം. പതിമൂന്നു വയസ്സുകാരിയായ മകളെ ആശുപത്രിയിൽ കൊണ്ടുപോകാനായി രുദ്രാപൂരിൽ നിന്നും ഡൽഹിയിലേക്ക് പോയ റസ്തോഗി, മകളെ ബന്ധുവിന്റെ വീട്ടിൽ കൊണ്ടുചെന്നാക്കിയ ശേഷം മറ്റു കുട്ടികൾക്കുനേരെ പീഡനശ്രമം നടത്തിയെന്നാണ് ബന്ധുക്കൾ പറയുന്നത്.

പെട്ടെന്ന് തിരിച്ചെത്താമെന്ന് പറഞ്ഞുപോയ റസ്തോഗി പിന്നീട് തിരിച്ചുചെന്നില്ല. ആ ദിവസം പുതിയ പെൺകുട്ടികൾക്കായി അയാൾ തിരച്ചിൽ നടത്തുകയായിരുന്നു. എന്നാൽ അന്ന് പീഡിപ്പിക്കാൻ ശ്രമിച്ച പത്തും പതിനൊന്നും വയസ്സുളള​ പെൺകുട്ടികൾ രക്ഷപ്പെട്ടിരുന്നുവെന്നു പൊലീസ് പറഞ്ഞു.

38 കാരനായ റസ്തോഗിയെ ജനുവരി 15 ന് പൊലീസ് അറസ്‌റ്റ് ചെയ്‌തപ്പോഴാണ് പീഡനവിവരങ്ങൾ പുറംലോകം അറിയുന്നത്. ഒരേ ശൈലിയിലാണ് ഇയാൾ കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചിരുന്നത്. 12 വയസ്സിനു താഴെയുളള പെൺകുട്ടികളെ റസ്തോഗി, അച്‌ഛന്റെ പരിചയക്കാരനാണെന്നു പറഞ്ഞ് ഒഴിഞ്ഞ കെട്ടിടത്തിൽ കൂട്ടിക്കൊണ്ടുപോയാണ് പീഡിപ്പിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook