ന്യൂഡൽഹി: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി രാജ്യത്തേർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗൺ നാലാം ഘട്ടത്തിലേക് കടക്കുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥപനങ്ങൾ എന്ന് തുറക്കാമെന്നതിലും അനിശ്ചിതത്വം തുടരുകയാണ്. ഈ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മേഖലയ്ക്കായി പ്രത്യേക പ്രഖ്യാപനങ്ങൾ നടത്തിയിരിക്കുകയാണ് ധനമന്ത്രി നിർമല സീതാരാമൻ. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ക്ലാസുകൾക്കായുള്ള പ്രത്യേകം ടിവി ചാനലുകൾ.

ഇന്റ‌‌ർനെറ്റില്ലാത്തവർക്ക് ചാനലുകൾ വഴി വിദ്യാഭ്യാസ പരിപാടികൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ 12 ചാനലുകൾ തുടങ്ങുന്നത്. ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകൾക്കായി പ്രത്യേക ടിവി ചാനലുകൾ ആരംഭിക്കുമെന്ന് ധനമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇന്ററർ‍നെറ്റും സ്മാർട്ട് ഡിവൈസുകൾ ഇല്ലാത്തവരെ ഉദ്ദേശിച്ചാണ് ഈ നടപടിയെന്നും മന്ത്രി വ്യക്തമാക്കി.

Also Read: Nirmala Sitharaman Press Conference: സംസ്ഥാനങ്ങളുടെ കടമെടുക്കൽ പരിധി ഉയർത്തി കേന്ദ്രം

നിലവിൽ മൂന്ന് ചാനലുകളിലാണ് സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ക്ലാസുകളും പരിപാടികളും സംപ്രേഷണം ചെയ്യുന്നത്. ഇത് ഓരോ ക്ലാസുകൾക്കുമായി വർധിപ്പിക്കാനാണ് നീക്കം. ഓരോ ക്ലാസിനും ഓരോ ചാനൽ. സ്വയംപ്രഭ എന്ന പേരിലാണ് ഡിടിഎച്ച് ചാനലുകൾ ആരംഭിക്കുന്നത്. ടാറ്റ സ്കൈയും, ഏയർടെല്ലും അടക്കമുള്ള സ്വകാര്യ ഡിടിഎച്ച് സേവനദാതാക്കളുമായി വിദ്യാഭ്യാസ സംബന്ധമായ പരിപാടികൾ സംപ്രേക്ഷണം ചെയ്യുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ടിവി ചാനലുകൾക്ക് പുറമെ റേഡിയോ, കമ്മ്യൂണിറ്റി റേഡിയോ, പോഡ്കാസ്റ്റ് എന്നിവയും വിദ്യാഭ്യാസ പരിപാടികളുടെ പ്രക്ഷേപണത്തിനായി ഉപയോഗിക്കും. സംസ്ഥാനങ്ങളുമായും ഈ കാര്യത്തിൽ സഹകരണമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ദീക്ഷ ഡിജിറ്റൽ വിദ്യാഭ്യാസ പ്ലാറ്റ് ഫോമിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Also Read: മരണപ്പെട്ടവർ 119, വഴിയിൽ പെട്ടുപോയവർ എണ്ണാവുന്നതിലധികം: വാർഷിക ദിനത്തിലെ ദേശീയ പാതയിലെ നിഴലുകൾ

ഇന്ത്യയിൽ ഏറ്റവും ഉയർന്ന റാങ്കിലുള്ള നൂറ് സർവകലാശാലകൾക്ക് ഈ അധ്യായന വർഷം തന്നെ ഓൺലൈൻ കോഴ്സുകൾ തുടങ്ങുന്നതിനുള്ള അനുമതി നൽകുമെന്നും മന്ത്രി അറിയിച്ചു. ആത്മനിർഭർ ഭാരത് രണ്ടാം ഘട്ട സാമ്പത്തിക പാക്കേജിന്റെ അഞ്ചാം ഘട്ട പ്രഖ്യാപനങ്ങൾ നടത്തി ധനമന്ത്രി നിർമല സീതാരാമൻ. 20 ലക്ഷം കോടി പാക്കേജിന്റെ അഞ്ചാം ഘട്ടമാണിത്. കേന്ദ്ര സർക്കാർ ഇതുവരെ നടപ്പിലാക്കിയ കാര്യങ്ങൾ എടുത്തുപറഞ്ഞാണ് ധനമന്ത്രി വാർത്താസമ്മേളനം ആരംഭിച്ചത്. രാജ്യം പ്രത്യേക സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും പ്രതിസന്ധികളെ അവസരങ്ങളാക്കാനാണ് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നതെന്നും നിർമല സീതാരാമൻ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook