വാർസോ: ഗ്രിഷ എന്നാണ് അവനെ അച്ഛനും അമ്മയും വിളിക്കുന്നത്. 26 ദിവസം മുമ്പ് റഷ്യയുടെ റഷ്യൻ അധിനിവേശം ആരംഭിച്ചപ്പോൾ കീവിൽ 11-ാം ക്ലാസിൽ പഠിക്കുകയായിരുന്നു ഗ്രിഷ. പിറ്റേ ദിവസം അവന്റെ മാതാപിതാക്കൾ അവനെ നാട്ടിൽ നിന്ന് പോകുന്ന സുഹൃത്തുക്കൾക്കൊപ്പം പറഞ്ഞയച്ചു. അവർ യുക്രൈനിൽ തന്നെ തുടരാൻ തീരുമാനിച്ചു.
ഇന്ന് ഗ്രിഷ എന്ന ഗ്രിഗറി പോളണ്ടിലെ പ്രധാന റെയിൽവേ സ്റ്റേഷനായ വാർസോ സെൻട്രലിലെ ഒരു സന്നദ്ധപ്രവർത്തകനാണ്. യുക്രൈനിൽ അഭയാർത്ഥികൾക്കുള്ള താത്കാലിക കേന്ദ്രമാണിത്. ഏകദേശം രണ്ട് ദശലക്ഷത്തോളം പേരാണ് ഇതുവരെ യുക്രൈനിൽ നിന്ന് അവിടെ എത്തിയിരിക്കുന്നത്.
നല്ല ഉയരമുള്ള മെലിഞ്ഞ് ഏറെ സൗമ്യത തോന്നുന്ന ഈ പതിനേഴുകാരൻ തന്റെ ഫൊട്ടോ എടുക്കുന്നതിലോ എന്തിന് തന്റെ പൂർണനാമം പങ്കുവക്കുന്നതിന് പോലും അതിയായ ജാഗ്രത പുലർത്തുന്നുണ്ട്. “എന്റെ മാതാപിതാക്കൾ ഇപ്പോഴും കീവിലാണ്,” അവൻ പറയുന്നു. അഭയാർത്ഥികൾക്ക് അഭയം നൽകുകയും കുട്ടികൾക്ക് അഭയവും ജോലിയും വിദ്യാഭ്യാസവും വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും പോളണ്ടിലെ തന്റെ ഭാവിയെക്കുറിച്ചും ഗ്രിഗറി ആശങ്കാകുലനാണ്.
ഗ്രിഗറിക്ക് പോളിഷ് അറിയില്ല, അതിനോട് പൊരുത്തപ്പെടാൻ പാടുപെടുകയാണ്. പിന്നെ, സ്കൂളുണ്ട്. “പക്ഷേ പോളിഷ് അറിയാത്ത, ഇവിടെ വരുന്ന യുക്രൈൻ വിദ്യാർത്ഥികളെ രണ്ട് ക്ലാസുകൾ താഴെയാണ് പ്രവേശനം നൽകുന്നത്. ഞാൻ അവസാന വർഷ വിദ്യാർത്ഥിയാണ്, പോളിഷ് സ്കൂളിൽ തുടരുകയാണെങ്കിൽ, എന്നെ ഒമ്പതാം ക്ലാസിലേക്ക് അയയ്ക്കും. ഞാൻ അത് ചെയ്യില്ല,” ഗ്രിഗറി പറയുന്നു.
മാർച്ച് 18 ന്, പോളണ്ട് വിദ്യാഭ്യാസ മന്ത്രി പ്രെസെമിസ്ലാവ് സാർനെക് യുക്രൈൻ അഭയാർത്ഥികളായ 75,000 കുട്ടികൾ ഇതിനകം പോളിഷ് സ്കൂളുകളിൽ ചേർന്നതായി ട്വീറ്റ് ചെയ്തിരുന്നു. അവരിൽ 90 ശതമാനം പോളിഷ് ക്ലാസിലാണ്. “പോളണ്ട് സ്കൂളുകളിലേക്ക് അപേക്ഷിക്കാൻ 700,000 കുട്ടികൾ ഉണ്ടാകുമെന്ന് ഞങ്ങൾ കണക്കാക്കുന്നു,” അദ്ദേഹം കുറിച്ചു. പോളിഷ് വിദ്യാഭ്യാസ രംഗം തടസപ്പെടില്ലെന്ന് സാർനെക് നേരത്തെ വ്യക്തമാക്കിയിരുന്നു.
സ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ലിവിവിൽ കമ്പ്യൂട്ടർ സയൻസ് പഠിക്കണമെന്നായിരുന്നു ഗ്രിഗറിയുടെ മോഹം. അതുകൊണ്ട് തന്നെ , താൻ ഇതിനകം പഠിച്ച കാര്യങ്ങൾ പോളണ്ടിൽ വീണ്ടും രണ്ട് വർഷം കൂടി പഠിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല. തന്നെപ്പോലുള്ള വിദ്യാർത്ഥികളുടെ ക്ലാസുകൾ വ്യക്തമാക്കുന്ന രേഖകൾ യുക്രൈൻ നൽകുമെന്നും മറ്റ് രാജ്യങ്ങൾ അവ അംഗീകരിക്കുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു.
ഫെബ്രുവരി 24 ന് രാവിലെ ഉണർന്നപ്പോൾ, യുദ്ധം ആരംഭിച്ചതായി അറിഞ്ഞെന്നും അപ്പോൾ തന്നെ അമ്മ “നീ ഇവിടെ പോകാൻ പോകുകയാണെന്ന് എന്നോട് പറഞ്ഞു” അവിടെ നിന്നും അടുത്ത ദിവസം പറഞ്ഞയച്ചു എന്നും ഗ്രിഗറി ഓർത്തു.
അമ്മയുടെ ചില സുഹൃത്തുക്കൾ കാറിൽ പോളണ്ടിലേക്ക് പോകുന്നുണ്ടെന്ന് അറിഞ്ഞു. ഗ്രിഗറിയെയും കൂടെ കൊണ്ടുപോകാൻ അമ്മ അവരോട് അഭ്യർത്ഥിച്ചു. തുടർന്ന് അവനെയും കൂട്ടി അവർ സ്ലോവാക്യയോട് ചേർന്നുള്ള ഉസ്‌ഹോറോഡിലേക്ക് പോയി. “സാധാരണ ഏകദേശം ഒമ്പത് മണിക്കൂറോ അതിൽ കൂടുതലോ ആണ് എടുക്കുക. എന്നാൽ ഞങ്ങൾ എത്താൻ രണ്ടര ദിവസമെടുത്തു,” അവൻ പറഞ്ഞു.
അധികം വൈകാതെ, അവർ ഹംഗറിയിലെ ബുഡാപെസ്റ്റിലേക്ക് നീങ്ങാൻ തീരുമാനിച്ചു, അവിടെ നിന്ന് ഗ്രിഗറി വാർസോയിലേക്ക് വന്നു, അവിടെയുള്ള സഹോദരിയോടൊപ്പം താമസിക്കാനായിരുന്നു വാർസോയിലേക്ക് വന്നത്. പിതാവ് കീവിൽ യുക്രൈൻ സേനയെ സഹായിക്കുകയാണെന്നും എന്നാൽ ഇതുവരെ അയാൾക്ക് നൽകിയ ആയുധം ഉപയോഗിച്ചിട്ടില്ലെന്നും ഗ്രിഗറി പറഞ്ഞു.
യുദ്ധത്തിന് മുമ്പ് കുടുംബത്തിന് ഓണലൈനായി സ്പോർട്സ് ഉപകരണങ്ങൾ വിൽക്കുന്ന ബിസിനസ്സ് ആയിരുന്നു, കൂടാതെ ആൽപൈൻ സ്കീയർമാർക്കായി പരിശീലന യന്ത്രങ്ങൾ ഉണ്ടാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ അതെല്ലാം നിലച്ചിരിക്കുകയാണ്.
തനിക്ക് ഒരു ഭാവി ഉണ്ടാവണം എന്ന് ആഗ്രഹിച്ചാണ് മാതാപിതാക്കൾ തന്നെ വീട്ടിൽ നിന്നും അയച്ചതെന്ന് ഗ്രിഗറി പറയുന്നു. അവർക്കുവേണ്ടി രാജ്യത്തിന് വേണ്ടി അവിടെ തുടർന്ന് കഴിയുന്ന വിധത്തിൽ രാജ്യത്തെ സഹായിക്കാൻ അവർ ഒരുങ്ങുകയാണ് ചെയ്തതെന്നും അവൻ പറഞ്ഞു.
വീടിന് കേവലം 50 കിലോമീറ്റർ അകലെ റഷ്യൻ സൈന്യം എത്തിയതിനാൽ, തന്റെ കുടുംബത്തെ കുറിച്ച് ആശങ്കയുണ്ടെന്നും അവരുമായി എന്നും സംസാരിക്കാറുണ്ടെന്നും ഗ്രിഗറി പറഞ്ഞു.
“റഷ്യൻ നിബന്ധനകൾ യുക്രൈൻ അംഗീകരിക്കരുത്. നമ്മൾ യുദ്ധം ചെയ്യണമെന്ന് ഞാൻ കരുതുന്നു. നമ്മൾ യുദ്ധം തുടരുകയാണെങ്കിൽ, അത് കൂടുതൽ നാശത്തിലേക്ക് നയിച്ചേക്കും, എന്നാൽ നമ്മൾ കീഴടങ്ങിയാൽ, അത് വിദൂര ഭാവിയിൽ ഒരുപാട് നാശമുണ്ടാകും.” തന്റെ രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ചോദിച്ചപ്പോൾ ഗ്രിഗറി വ്യക്തമാക്കി.