മുംബൈ: ഓഹരി വിപണികള്‍ വെള്ളിയാഴ്ച പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ തന്നെ കനത്ത നഷ്ടം രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് വ്യാപാരം നിര്‍ത്തിവച്ചു. നിക്ഷേപകര്‍ക്കിടയിലെ കൊറോണ വൈറസ് ഭീതിയാണ് തുടരുന്ന ഇടിവിന് കാരണം.
നിഫ്റ്റി 10 ശതമാനത്തിലധികം ഇടിഞ്ഞതിനെ തുടര്‍ന്ന് 45 മിനിട്ട് നേരത്തേക്ക് വ്യാപാരം നിര്‍ത്തിവച്ചു. 9000 പോയിന്റിന് താഴേക്ക് നിഫ്റ്റി സൂചിക പതിച്ചു. 966.10 പോയിന്റുകള്‍ (10.07 ശതമാനം) തകര്‍ന്ന് 8,624.05 പോയിന്റിലെത്തിയതിനെ തുടര്‍ന്നാണ് വ്യാപാരം നിര്‍ത്തിയത്. തുടര്‍ന്ന് 10.20-ന് വ്യാപാരം പുനരാരംഭിച്ചു.
സെന്‍സെക്‌സിലും ഓഹരികള്‍ തകര്‍ച്ച നേരിട്ടു. സെന്‍സെക്‌സ് 3090.62 പോയിന്റുകള്‍ (9.43 ശതമാനം) ഇടിഞ്ഞ് 29,687.52 പോയിന്റുകളിലെത്തി.
വിവര സാങ്കേതിക വിദ്യ കമ്പനികളായ എച്ച് സി എല്‍ ടെക്‌നോളജീസിന്റേയും ടെക് മഹീന്ദ്രയുടേയും ടാറ്റ കണ്‍സള്‍ട്ടന്‍സിയുടേയും ഓഹരികളാണ് ഏറ്റവും കൂടുതല്‍ ഇടിവ് രേഖപ്പെടുത്തിയത്. 16 ശതമാനത്തോളം. ബാങ്കുകളായ കൊടാക് മഹീന്ദ്ര ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയുടേയും ഓഹരികള്‍ ഇടിഞ്ഞു.
ഡോളറിനെതിരെ രൂപയുടെ മൂല്യം 16 പൈസ ഇടിഞ്ഞ് 74.44 രൂപ ആയി. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യമാണിത്.
വ്യാപാരം പുനരാംഭിച്ചപ്പോള്‍ വിപണി ശക്തമായ തിരിച്ചുവരവ് രേഖപ്പെടുത്തി. രാവിലെ 10.53 ന് നിഫ്റ്റി 9717.10 പോയിന്റുകളായി ഉയര്‍ന്നു. സെന്‍സെക്‌സ് 33,084.15 പോയിന്റുകളുമെത്തി.