മുംബൈ: തുടർച്ചയായ നാലാം ദിവസവും ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത ഇടിവ്. ബിഎസ്ഇയും എൻഎസ്ഇയും വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ 7 ശതമാനം ഇടിവ് രേഖപ്പെടുത്തി. സെന്‍സെക്സ് 2,155.05 പോയിന്റ് (7.46 ശതമാനം) ഇടിഞ്ഞ് 26,714.46 ലേക്ക് വീണു. നിഫ്റ്റി 8063 പോയിന്റിലാണ് വ്യാപാരം തുടങ്ങിയത്. ഇത് 7,832.55 പോയിന്റിലേക്കാണ് കൂപ്പുകുത്തിയത്. 636.25 പോയിന്റാണ് നിഫ്റ്റി ഇടിഞ്ഞത്.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ മാത്രമല്ല, ആഗോള തലത്തില്‍ തന്നെ വലിയ തിരിച്ചടികളാണ് ഓഹരി വിപണി നേരിടുന്നത്. ബജാജ് ഫിനാൻസ്, ഇൻഡസ്ഇൻഡ് ബാങ്ക്, എച്ച്സിഎൽ ടെക്നോളജീസ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് ഇന്നു വലിയ തിരിച്ചടി നേരിട്ടത്. 8.89 ശതമാനം മുതൽ 13.19 ശതമാനം വരെയാണ് കമ്പനികൾ തകർച്ച നേരിട്ടത്.
Read Also: കോവിഡ് 19: മരണസംഖ്യ അതിവേഗം ഉയരുന്നു, ഇന്ത്യയിൽ 170 പേർക്ക് രോഗം സ്ഥിരീകരിച്ചു
അതിനിടെ, രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. ഡോളറിനെതിരെ 75 രൂപ നിലവാരത്തിലെത്തി. നിലവിൽ ഒരു ഡോളർ ലഭിക്കുന്നതിന് 74.24 രൂപ നൽകണം. നിക്ഷേപകർ കൂട്ടത്തോടെ കറൻസികൾ വിറ്റഴിച്ചതാണ് ഏഷ്യൻ കറൻസികളുടെ നഷ്ടത്തിനും ഡോളറിന്റെ കുതിച്ചു കയറ്റത്തിനും ഇടയാക്കിയത്.