മുംബൈ:  കോവിഡ്‌-19 ഭീതിയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തകര്‍ന്നടിഞ്ഞു കൊണ്ടിരുന്ന ഇന്ത്യയുടെ ഓഹരി വിപണികള്‍ ചൊവ്വാഴ്ച്ച വ്യാപാരത്തിന്റെ തുടക്കത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. സെന്‍സെക്‌സ് 1400 പോയിന്റ് കുതിച്ചു കയറിയപ്പോള്‍ നിഫ്റ്റി 8000 പോയിന്റിന് മുകളിലേക്ക് വീണ്ടും തിരിച്ചു കയറി. രാവിലെ 9.15-ന് ബോംബെ സെന്‍സെക്‌സ് 1,411.96 (5.43 ശതമാനം) പോയിന്റുകള്‍ ഉയര്‍ന്ന് 27,393.20 പോയിന്റിലെത്തി. അതേസമയം, നിഫ്റ്റി 410.70 പോയിന്റുകള്‍ (5.40) ഉയര്‍ന്ന് 8,020 പോയിന്റിലെത്തി.

അമേരിക്കയിലെ ഫെഡറല്‍ റിസര്‍വിന്റെ പ്രഖ്യാപനങ്ങളില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട് ആഗോള വിപണികളില്‍ മുന്നേറ്റമുണ്ടായിരുന്നു. അതിന്റെ ചുവട് പിടിച്ചാണ് ഇന്ത്യയിലും ഓഹരി വിപണി കുതിച്ചത്.

സെന്‍സെക്‌സിലെ എല്ലാ ഓഹരികളും മികച്ച തുടക്കമാണ് കൈവരിച്ചത്. എച്ച്സിഎല്‍ ടെക്‌നോളജീസ് ആണ് ഏറ്റവും കൂടുതല്‍ നേട്ടം കൈവരിച്ചത്. 10 ശതമാനത്തോളം നേട്ടം. 8.5 ശതമാനത്തിലധികം വില ഉയര്‍ന്ന ആക്‌സിസ് ബാങ്കും ബജാജ് ഫൈനാന്‍സുമാണ് നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍.

Read Also: കോവിഡ്-19: ലോകമാകെ മരണസംഖ്യ 16,000 കടന്നു, കൂടുതൽ മരണം ഇറ്റലിയിൽ

നിഫ്റ്റിയുടെ ബാങ്ക് സൂചിക 4.5 ശതമാനം ഉയര്‍ന്നു. ആക്‌സിസ് ബാങ്ക്, ബന്ധന്‍ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നീ ബാങ്കുകളുടെ ഓഹരികളാണ് ബാങ്ക് സൂചികയെ ഉയര്‍ത്തിയത്. ഇന്ന് രൂപയുടെ മൂല്യം 75.9337 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസമിത് 76.2937 ആയി കുറഞ്ഞിരുന്നു.

Read in English

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook