മുതിർന്ന മാധ്യമപ്രവർത്തകൻ വിനോദ് ദുവ അന്തരിച്ചു. ശനിയാഴ്ചയായിരുന്നു മരണം. വിനോദ് ദുവയുടെ മകൾ മല്ലിക ദുവെ മരണ വാർത്ത സ്ഥിരീകരിച്ചു.
“ഞങ്ങളുടെ പിതാവ് വിനോദ് ദുവ അന്തരിച്ചു. നിർഭയനായി നിലകൊണ്ട ആദരണീയനായ വ്യക്തിയാണ് അദ്ദേഹം. ഡൽഹിയിലെ അഭയാർത്ഥി കോളനികളിൽ നിന്ന് ഉയർന്ന് വന്ന് 42 വർഷത്തിലേറെയായി പത്രപ്രവർത്തന മികവിന്റെ ഉന്നതിയിലേക്ക് ഉയർന്ന് അനുകരണീയമായ ഒരു ജീവിതം അദ്ദേഹം നയിച്ചു. എല്ലായ്പ്പോഴും അധികാരത്തിന് നേർക്ക് നോക്കി അദ്ദേഹം സത്യം വിളിച്ചു പറഞ്ഞു. അദ്ദേഹം ഇപ്പോൾ ഞങ്ങളുടെ അമ്മയ്‌ക്കൊപ്പമുണ്ട്, അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഭാര്യ ചിന്നയ്‌ക്കൊപ്പം സ്വർഗത്തിൽ അവർ തുടരും. സംസ്‌കാരം നാളെ (5.12.21) ഉച്ചയ്ക്ക് 12 മണിക്ക് ലോധി ശ്മശാനത്തിൽ നടക്കും,” മല്ലിക ദുവെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.
ആദ്യകാല ഹിന്ദി ടെലിവിഷൻ പത്രപ്രവർത്തക നിരയിലെ പ്രമുഖ വ്യക്തിത്വങ്ങളിലൊരാളാണ് ദുവം. ദൂരദർശനിലും എൻഡിടിവിയിലും പ്രക്ഷേപണം ചെയ്ത വാർത്താ-വാർത്താധിഷ്ടിത പരിപാടികളിലൂടെ ശ്രദ്ധേയനായിരുന്നു.
തന്റെ പിതാവ് ഡൽഹിയിലെ ആശുപത്രിയിലെ ഐസിയുവിലാണെന്നും അദ്ദേഹത്തിന്റെ നില അതീവഗുരുതരമാണെന്നും കഴിഞ്ഞ മാസം മല്ലിക പറഞ്ഞിരുന്നു.
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിന്റെ ഉച്ചസ്ഥായിയിൽ ആയിരിക്കെ ഈ വർഷം ആദ്യം വിനോദ് ദുവയെയും അദ്ദേഹത്തിന്റെ ഭാര്യയെയും ഗുഡ്ഗാവിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് ബാധയെത്തുടർന്ന് ജൂണിൽ അദ്ദേഹത്തിന്റെ ഭാര്യ പദ്മാവതി ‘ചിന്ന’ ദുവ മരിച്ചിരുന്നു.
അന്നുമുതൽ ദുവെയുടെ ആരോഗ്യ നില മോശമായി തുടരുകയായിരുന്നു. ആശുപത്രികളിലും പുറത്തുമായി ചികിത്സ തുടരുകയും ചെയ്തു.
“അമ്മ അദ്ദേഹത്തെ കൈവിടുകയോ അവൻ സ്വയം ഉപേക്ഷിക്കുന്നത് കാണുകയോ ചെയ്യുമായിരുന്നില്ല. അദ്ദേഹത്തിനു വേണ്ടി ഏറ്റവും മികച്ചത് ചെയ്യാൻ അവർ ഞങ്ങൾക്ക് വഴികാട്ടും. എനിക്കും ചേച്ചിക്കും കുഴപ്പമില്ല. ശക്തരായവരാണ് ഞങ്ങളെ വളർത്തിയത്,” മല്ലിക നേരത്തെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ എഴുതിയിരുന്നു.