ചണ്ഡീഗഡ്: പഞ്ചാബില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനെയും അമ്മയേയും മരിച്ച നിലയില്‍ കണ്ടെത്തി. കെ.ജെ സിങ്ങിനയും അദ്ദേഹത്തിന്റെ 92 വയസു പ്രായമുള്ള അമ്മ ഗുരുചരണ്‍ കൗറിനേയുമാണ് സ്വവസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണോ എന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. വീട്ടില്‍ മോഷണ ശ്രമം നടന്നതായും സംശയിക്കുന്നു.

ദി ഇന്ത്യന്‍ എക്‌സ്പ്രസ്സിലെ മുന്‍ മാധ്യമപ്രവര്‍ത്തകനാണ് കെ.ജെ.സിങ്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ കെ.ജെ.സിങ്ങിന്റെ വസതിയില്‍ എത്തിയിട്ടുണ്ട്.

ഇരുവരുടെയും കൊലപാതകത്തില്‍ താന്‍ അപലപിക്കുന്നുവെന്ന് ശിരോമണി അകാലി ദൾ പ്രസിഡന്റ് സുഖ്ബിര്‍ സിങ് ബദല്‍ ട്വിറ്ററില്‍ കുറിച്ചു.

ഈ മാസം അഞ്ചിനായിരുന്നു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് ബെംഗളൂരുവിലെ വീട്ടില്‍ വച്ച് കൊല്ലപ്പെട്ടത്. ബൈക്കില്‍ എത്തിയ ആക്രമികള്‍ ഗൗരി ലങ്കേഷിനെ വെടിവച്ചു കൊല്ലുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ