ചെന്നൈ: തമിഴ്നാട്ടില്‍ മുതിര്‍ന്ന ഡി എം കെ നേതാവ് സ്വയം തീകൊളുത്തി മരിച്ചത് ‘ഹിന്ദി അടിച്ചേല്‍പ്പിക്കലിനെതിരെ’ പ്രതിഷേധം പ്രകടിപ്പിക്കാനാണെന്നു പൊലീസ്. ഡി എം കെ കര്‍ഷക വിഭാഗത്തിന്റെ മുന്‍ നേതാവായ തങ്കവേലാ(85)ണു മരിച്ചത്.
സേലം ജില്ലയിലെ മേട്ടൂര്‍ തഴയൂരിലെ പാര്‍ട്ടി ഓഫീസിനു സമീപമാണു തങ്കവേല്‍ കടുംകൈ ചെയ്തത്. ഇന്നു രാവിലെ പാര്‍ട്ടി ഓഫീസിലെത്തിലെത്തിയ തങ്കവേല്‍ ‘ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ’ മുദ്രാവാക്യം വിളിച്ചുകൊണ്ട ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയും തീപ്പെട്ടി ഉപയോഗിച്ച് തീകൊളുത്തുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
പാര്‍ട്ടി പ്രവര്‍ത്തകരും പൊതുജനങ്ങളും ചേര്‍ന്ന് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും തങ്കവേല്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. ‘തമിഴ് ഭാഷ ഇവിടെയുള്ളപ്പോള്‍ ഹിന്ദി അടിച്ചേല്‍പ്പിക്കേണ്ട ആവശ്യമില്ല’ എന്നെഴുതിയ കേന്ദ്രസര്‍ക്കാരിനെ അഭിസംബോധന ചെയ്യുന്ന കടലാസ് പോലീസ് കണ്ടെടുത്തു.
സംഭവത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ദുഃഖം രേഖപ്പെടുത്തി. തങ്കവേലിന്റെ ദാരുണമായ വിയോഗവാര്‍ത്ത കേള്‍ക്കാനിടയായതില്‍ ദുഃഖമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
”ഹിന്ദി അടിച്ചേല്‍പ്പിക്കലിനെതിരെ പ്രതിഷേധിച്ച് ഡി എം കെയുടെ കര്‍ഷക വിഭാഗം മുന്‍ നേതാവ് തങ്കവേല്‍ സ്വയം തീകൊളുത്തിയെന്നറിഞ്ഞതില് അതിയായ ദുഃഖമുണ്ട്,” അദ്ദേഹം ട്വീറ്ററില്‍ കുറിച്ചു.