ന്യൂഡൽഹി: കോൺഗ്രസിൽ അടിമുടി മാറ്റം ആവശ്യപ്പെട്ട് മുൻമുഖ്യമന്ത്രിമാരടക്കം മുതിർന്ന നേതാക്കൾ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്ത് നൽകി. അഞ്ച് മുൻ മുഖ്യമന്ത്രിമാർ, നിരവധി കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ, സിറ്റിംഗ് എംപിമാർ, നിരവധി മുൻ കേന്ദ്രമന്ത്രിമാർ എന്നിവരുൾപ്പെടെ കോൺഗ്രസിന്റെ 23 മുതിർന്ന നേതാക്കളാണ് അപ്രതീക്ഷിത നീക്കം നടത്തിയിരിക്കുന്നത്.

ബിജെപിയുടെ ഉയർച്ച അംഗീകരിച്ച യുവാക്കൾ നരേന്ദ്ര മോദിക്ക് വോട്ട് ചെയ്തുവെന്ന് സമ്മതിക്കുന്ന കത്തിൽ, പാർട്ടിക്ക് അടിത്തറ ഇല്ലാതാകുന്നതും യുവാക്കളുടെ ആത്മവിശ്വാസം നഷ്ടപ്പെടുന്നതും ഗൗരവകരമാണെന്നും ചൂണ്ടികാട്ടുന്നു. നിലവിലെ നേതൃത്വത്തിനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിക്കുന്ന കത്ത് രണ്ടാഴ്ച മുമ്പാണ് അയച്ചതെന്നാണ് റിപ്പോർട്ട്.

Also Read: ഇനിയൊരു ഗാന്ധി വേണ്ട; കോൺഗ്രസിനെ നയിക്കാൻ പുറത്തുനിന്ന് ആൾവരട്ടെ: പ്രിയങ്ക

നിര്‍ണായക പ്രവര്‍ത്തകസമിതി യോഗം നാളെ ചേരാനിരിക്കെയാണ് സോണിയഗാന്ധിക്ക് നേതാക്കൾ കത്തയച്ചത്. പാർട്ടിയിൽ ചിലർ ഭിന്നതയ്ക്ക് ശ്രമിക്കുന്നു എന്ന് ചില മുതിർന്ന നേതാക്കൾ കത്തിൽ ആരോപിക്കുന്നു. രാഹുൽ ഗാന്ധിയുടെ വരവ് ചിലർ ചെറുക്കുന്നു എന്ന പ്രചാരണം ഇതിന്‍റെ ഭാഗമാണെന്ന ആരോപണവുമുണ്ട്.

രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, പാർലമെന്റ് അംഗങ്ങളും മുൻ കേന്ദ്ര മന്ത്രിമാരുമായ ആനന്ദ് ശർമ, കപിൽ സിബൽ, മനീഷ് തിവാരി, ശശി തരൂർ എഐസിസി ഭാരവാഹി മുഖുൾ വാസ്നിക്, ജിതിൻ പ്രസന്ത, പിജെ കുര്യൻ എന്നിങ്ങനെ കോൺഗ്രസിന്റെ മുഖമായി തന്നെ അറിയപ്പെടുന്ന നേതാക്കളാണ് ആവശ്യവുമായി പാർട്ടിക്കുള്ളിൽ രംഗത്തെത്തിയിരിക്കുന്നത്. ദൃശ്യവും സജീവവും മുഴുവൻ സമയവും ഫലപ്രദവുമായ നേതൃത്വമാണ് നേതാക്കൾ ആവശ്യപ്പെടുന്നത്.

Also Read: ബലിയാടുകളാക്കാൻ ശ്രമിച്ചിരിക്കാമെന്ന് കോടതി: തബ്ലീഗി സമ്മേളനത്തിൽ പങ്കെടുത്തവർക്കെതിരായ എഫ്ഐആർ തള്ളി

നേരത്തെ പാർട്ടിക്കുവേണ്ടി പോരാടുന്നതിനോ അതിനെ ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്നതിനോ ആ സ്ഥാനത്ത് തുടരേണ്ടതില്ലെന്ന് രാഹുൽ ഗാന്ധിയുടെ നിലപാട്. അദ്ദേഹത്തിന്റെ സഹോദരി എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാഹുലിന്റെ തീരുമാനത്തെ പിന്തുണച്ചു. പറഞ്ഞു. ഒരു പുതിയ പുസ്തകത്തിന് നൽകിയ അഭിമുഖത്തിലാണ്, പാർട്ടി മേധാവിയായി ഗാന്ധികുടുംബത്തിന് പുറത്തുനിന്ന് ഒരാൾ വരട്ടെ എന്ന് പ്രിയങ്ക വ്യക്തമാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook