Atal Bihari Vajpayee: അടല്‍ ബിഹാരി വാജ്പേയി അന്തരിച്ചു

Atal Bihari Vajpayee News: മൂന്ന് തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയി കവിയും പ്രാസംഗികനുമായിരുന്നു. ഇന്ത്യയിലെ പരമോന്നത സിവിലയൻ ബഹുമതിയായ ഭാരതരത്ന ലഭിച്ചിട്ടുണ്ട്

Senior BJP Leader Former Prime Minister Atal Bihari Vajpayee
Senior BJP Leader Former Prime Minister Atal Bihari Vajpayee

Atal Bihari Vajpayee: ന്യൂഡൽഹി: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി അടൽ​ ബിഹാരി വാജ്‌പേയി  (93)  അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന്  ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ  ചികിത്സയിലായിരുന്നു  വാജ്‌പേയി. കഴിഞ്ഞ ഒമ്പത് ആഴ്ചയായി എയിംസിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില കഴിഞ്ഞ ദിവസം  വഷളാവുകയായിരുന്നു. പിന്നീട് മുപ്പത് മണിക്കൂറോളമായി  ജീവൻ രക്ഷാ ഉപാധികളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തിയിരുന്നത്.

മൂന്നു തവണ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം ആർഎസ്എസ്സിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് വന്നത്. ജനസംഘത്തിന്റെ പ്രവർത്തകനായിരുന്ന അദ്ദേഹം പിന്നീട് അത് ബിജെപിയായപ്പോൾ അതിന്റെ ഭാഗമായി. ജനസംഘത്തിന്റെ സ്ഥാപകാംഗങ്ങളിലൊരായിരുന്നു. ബിജെപിയുടെ സ്ഥാപക പ്രസിഡന്റുമായിരുന്നു അദ്ദേഹം. മൊറാർജി ദേശായി പ്രധാനമന്ത്രിയായിരുന്ന സർക്കാരിൽ ഇന്ത്യയുടെ വിദേശകാര്യമന്ത്രിയായിരുന്നു. നാല് ദശകത്തിലേറെക്കാലം ലോക്സഭയിൽ ജനപ്രതിനിധിയായിരുന്നു. പത്ത് തവണ ലോക്സഭയിലും രണ്ട് തവണ രാജ്യസഭയിലും അദ്ദേഹം അംഗമായിരുന്നു.

രാഷ്ട്രീയത്തിലെന്നപോലെ സാഹിത്യത്തിലും അദ്ദേഹത്തിന് താൽപര്യമുണ്ടായിരുന്നു. കവി, പ്രഭാഷകൻ എന്നീ നിലകളിലും വാജ്പേയി ശ്രദ്ധ നേടിയിരുന്നു. അദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത കവിതകൾ, ലേഖനങ്ങൾ തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Atal Bihari Vajpayee with Sushma Swaraj

ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന ലഭിച്ച വ്യക്തിത്വമാണ് വാജ്പേയി. അദ്ദേഹത്തിന്റെ ജന്മദിനമായ ഡിസംബർ 25 ഗുഡ് ഗവേൺസ് ദിനമായി പ്രഖ്യാപിച്ചു.

കൃഷ്ണ ബിഹാരി വാജ്പേയിയുടെയും കൃഷ്ണാദേവിയുടെയും മകനായി 1924 ഡിസംബർ 25 ന് ഗ്വാളിയറിൽ ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് കൃഷ്ണ ബിഹാരി വാജ്പേയി കവിയും നാട്ടിലെ സ്കൂൾ അധ്യപകനുമായിരുന്നു. കാൺപൂരിലെ ഡിഎവി കോളേജിൽ നിന്നും പൊളിറ്റിക്കൽ സയൻസിലായിരുന്നു എ.ബി.വാജ്പേയിയുടെ ബിരുദാനന്തര ബിരുദം.

ഗ്വാളിയാറിലെ ആര്യസമാജത്തിന്റെ യുവജനവിഭാഗമായ ആര്യകുമാര സഭയുടെ പ്രവർത്തകനായാണ് അദ്ദേഹം പൊതുജീവിതം ആരംഭിക്കുന്നത്. 1944 ൽ അതിന്റെ സെക്രട്ടറിയായി. അതിന് മുമ്പ് 1939 ൽ തന്നെ ആർഎസ്എസ്സിന്റെ പ്രവർത്തകനായി. 1947 ൽ അദ്ദേഹം ആർഎസ്എസ്സിന്റെ പൂർണസമയ പ്രവർത്തകനായി. വിഭജനകാലത്ത് പ്രചാരക് ആയിരുന്ന അദ്ദേഹം ദീൻദയാൽ ഉപാധ്യായ മുൻകൈയ്യിൽ പ്രസിദ്ധീകരിച്ചിരുന്ന രാഷ്ട്രധർമ്മ, പാഞ്ചജന്യ എന്ന എന്നീ ഹിന്ദി മാസികകളുടെയും സ്വദേശ്, വീർ അർജുൻ എന്നീ പത്രങ്ങളുടെയും പ്രവർത്തകനായി.

With Bal Thackarey

1948ൽ മഹാത്മ ഗാന്ധി വധത്തെ തുടർന്ന് ആർഎസ്എസ്സിനെ നിരോധിച്ചപ്പോൾ ഭാരതീയ ജനസംഘം എന്ന പാർട്ടി രൂപീകരിക്കുകയും അതിൽ​ ദീൻദയാൽ ഉപാധ്യയ്ക്കൊപ്പം പ്രവർത്തിക്കാൻ നിയോഗിക്കപ്പെടുകയും. ചെയ്തു. അതിന്റെ ദേശീയ സെക്രട്ടറിയായിട്ടായിരുന്നു ആദ്യ നിയമനം. അവിടുന്നാണ് അദ്ദേഹം പാർട്ടി നേതാവായ ശ്യാമപ്രസാദ് മുഖർജിയുടെ അനുയായിയാകുന്നത്. 1957ൽ മഥുരയിൽ നിന്നും ലോക്സഭയിലേയ്ക്ക് മത്സരിച്ചുവെങ്കിലും രാജാ മഹേന്ദ്രപ്രതാപിനോട് വിജയിക്കാനായില്ല. എന്നാൽ ബൽരാംപൂർ മണ്ഡലത്തിൽ നിന്നും അദ്ദേഹം ജയിച്ചു.

പ്രസംഗപാടവം കൊണ്ട് അദ്ദേഹം ജനസംഘത്തിന്റെ മുഖമായി മാറി. ദീൻദയാൽ ​ഉപാധ്യയുടെ മരണത്തിന് ശേഷം ജനസംഘത്തിന്റെ പ്രവർത്തനം വാജ്പേയിയുടെ ചുമലിലായി. 1968 ൽ അദ്ദേഹം ജനസംഘത്തിന്റെ ദേശീയ പ്രസിഡന്റായി. നാനാജി ദേശ്‌മുഖ്, പൽരാജ് മഥോക്, എൽ.​കെ.അഡ്വാനി എന്നിവർക്കൊപ്പം അദ്ദേഹം ജനസംഘത്തെ നയിച്ചു. 1975-77 ലെ അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹം തടവ്ശിക്ഷ അനുഭവിച്ചു. അക്കാലത്ത് രൂപ്പെട്ട ജനതാപാർട്ടിയുമായി ജനസംഘത്തെ വാജ്പേയി ലയിപ്പിച്ചു.

Atal Bihari Vajpayee congratulating the Indian Scientists and engineer at a Press conference in New Delhi soon after India successfully conducted three underground nuclear tests in Pokhran range . Express archive photo on 11.05.1998

അടിയന്തരാവസ്ഥ പിൻവലിച്ചതിനെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ ജനതാസഖ്യം വിജയിച്ചതിനെ തുടർന്ന് വാജ്പേയി വിദേശകാര്യ മന്ത്രിയായി. യുഎൻ ജനറൽ അസംബ്ലിയിൽ​ അദ്ദേഹം ഹിന്ദിയിൽ​ പ്രസംഗിച്ചു. ജനതാ മന്ത്രിസഭ താഴെ വീഴുമ്പോഴേയ്ക്കും വാജ്പേയി സ്റ്റേറ്റ്സ്മാൻ എന്ന നിലയിലും രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞിരുന്നു.

പിന്നീട് അദ്ദേഹവും എൽ​.കെ.അഡ്വാനി, ഭൈരോവൺ സിങ് ശെഖാവത്ത് എന്നിവരുമായി ചേർന്ന് 1980 ൽ​ ആർഎസ്എസ്സിന്റെ അനുഗ്രാഹശിരസ്സോടെ ബിജെപി രൂപീകരിച്ചു. അതിന്റെ സ്ഥാപക പ്രസിഡന്റുമായി.

1996ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ കക്ഷിയായി ഉയർന്നു. അതേ തുടർന്ന് ഇന്ത്യയുടെ പത്താമത്തെ പ്രധാനമന്ത്രിയായി എ.ബി.വാജ്പേയി സത്യപ്രതിജ്ഞ ചെയ്തു. എന്നാൽ ലോക്സഭയിൽ ഭൂരിപക്ഷം തെളിയിക്കാനാവാതെ 13 ദിവസത്തിന് ശേഷം അദ്ദേഹത്തിന് രാജിവയ്ക്കേണ്ടിവന്നു.

Atal Bihari Vajpayee. Express archive photo by Mohan Bane

രണ്ടുവർഷത്തിന് ശേഷം 1998 ൽ അദ്ദേഹത്തെ തേടി വീണ്ടും പ്രധാനമന്ത്രി പദമെത്തി. രണ്ട് ഐക്യമുന്നണി സർക്കാരുകൾ നിലംപതിച്ചതിനെ തുടർന്ന് നടന്ന പൊതു തിരഞ്ഞെടുപ്പിൽ​ ബിജെപി ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) മുന്നണിയുണ്ടാക്കി. 1999 വരെ അദ്ദേഹം പ്രധാനമന്ത്രിയായിരുന്നു രണ്ടാം ടേമിൽ.

പതിമൂന്ന് മാസം പിന്നിട്ടപ്പോൾ എഐഡിഎംകെ ആ മന്ത്രിസയ്ക്കുളള പിന്തുണ പിൻവലിച്ചു. അതേ തുടർന്നായിരുന്നു 199 ഏപ്രിൽ 17 ന് ആ രണ്ടാം വാജ്പേയി മന്ത്രിസഭ നിലംപതിച്ചത്.

അതിന് ശേഷം 1999 ൽ​നടന്ന തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന് 303 സീറ്റ് ലഭിച്ചു. മൂന്നാം തവണ 2004 വരെ അദ്ദേഹം ഭരിച്ചു. ഈ​ കാലയളവിലായിരുന്നു ഗുജറാത്ത് വംശഹത്യ നടന്നത്. ഇന്നത്തെ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയായിരുന്നു അന്ന് ഗുജറാത്ത് മുഖ്യമന്ത്രി. ഇന്ത്യ ഷൈനിങ് എന്ന മുദ്രാവാക്യം ഉയർന്നത് ഈ​ കാലത്തായിരുന്നു. എന്നാൽ ആ മുദ്രാവാക്യം കൊണ്ട് 2004 ലെ തിരഞ്ഞെടുപ്പ് വിജയിക്കാൻ സാധിച്ചില്ല.

Atal Bihari Vajpayee. Express archive photo

വാജ്പേയിയുടെ ഭരണകാലത്തായിരുന്നു ഇന്ത്യ രണ്ടാമത്ത് ആണവായുധ പരീക്ഷണം പൊഖ്റാനിൽ നടത്തിയത്. 1974 ൽ ഇന്ദിരാഗാന്ധിയുടെ കാലത്തായിരുന്നു ഇന്ത്യ ആദ്യ ആണവായുധ പരീക്ഷണം നടത്തിയത്. കാർഗിൽ യുദ്ധം, ലാഹോർ ​ഉച്ചകോടി, കാണ്ഡ്മണ്ഠു ഇന്ത്യൻ എയർലൈൻസ് ഹൈജാക്ക്, ശവപ്പെട്ടി കുംഭകോണം, പെട്രോൾ​കുംഭകോണം അങ്ങനെ സംഭവബഹുലമായിരുന്നു വാജ്പേയി പ്രധാനമന്ത്രിയായിരുന്ന മൂന്നാമത്തെ കാലയളവ്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Senior bjp leader former prime minister atal bihari vajpayee passes away

Next Story
Kerala Flood: മുല്ലപ്പെരിയാറിലെ ജലനിരപ്പ്: ഇടുക്കി സ്വദേശിയുടെ ഹർജി സുപ്രീം കോടതിയിൽAyodhya Case, Timeliner
The moderation of comments is automated and not cleared manually by malayalam.indianexpress.com