മുംബൈ: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തില്‍. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിനു ശുപാര്‍ശ നല്‍കി. രാഷ്ട്രപതി ഭരണം വേണമെന്ന ഗവര്‍ണറുടെ നിലപാടിനെ പിന്തുണയ്ക്കുകയാണ് കേന്ദ്ര സര്‍ക്കാരും. എന്‍സിപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ നല്‍കിയ സമയം ഇന്ന് രാത്രി 8.30 ന് അവസാനിക്കും. അതിനുശേഷം, രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങാനാണ് സാധ്യത. ഭരണഘടനയുടെ 356-ാം അനുച്ഛേദ പ്രകാരമാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിനുള്ള ശുപാര്‍ശ നല്‍കിയിരിക്കുന്നത്.

അതേസമയം, ഗവര്‍ണര്‍ക്കെതിരെ ശിവസേന സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ രൂപീകരണത്തിനു ഗവര്‍ണര്‍ അധികം സമയം അനുവദിച്ചില്ല എന്നാണ് ശിവസേനയുടെ ആരോപണം. എന്‍സിപിയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണ കത്ത് ലഭിക്കാന്‍ മൂന്നു ദിവസത്തെ സമയം വേണമെന്നാണ് ശിവസേന ഗവര്‍ണറോട് ആവശ്യപ്പെട്ടത്. എന്നാല്‍, ഗവര്‍ണര്‍ ഇത് അംഗീകരിച്ചില്ല. ഇതേ തുടര്‍ന്നാണ് സേന സുപ്രീം കോടതിയെ സമീപിച്ചത്.

Read Also: മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക്; ഗവര്‍ണര്‍ ശുപാര്‍ശ നല്‍കി

അടിസ്ഥാന നീതി തങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന് ശിവസേന പറയുന്നു. ഭൂരിപക്ഷം തെളിയിക്കാന്‍ തങ്ങള്‍ക്ക് കൂടുതല്‍ സമയം വേണമെന്ന് ശിവസേന കോടതിയില്‍ ആവശ്യപ്പെടും. കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബലാണ് ശിവസേനയ്ക്കു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകുക.

Read Also: അന്ന് രാധിക പ്രവചിച്ചു, മലയാളത്തില്‍ ഇതു ചെയ്യുക ഏട്ടനായിരിക്കും: സുരേഷ് ഗോപി

അതേസമയം, എന്‍സിപിയും കോണ്‍ഗ്രസും തമ്മില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ശിവസേനയെ പിന്തുണക്കണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസിനും എന്‍സിപിക്കും ഇതുവരെ സാധിച്ചിട്ടില്ല. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 105 സീറ്റുകളാണ് കിട്ടിയത്. സേനയ്ക്ക് 56 സീറ്റുകൾ. 288 അംഗങ്ങളുള്ള നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 145 സീറ്റുകൾ വേണം. കോൺഗ്രസിന് കിട്ടിയത് 44 സീറ്റുകളാണ്. എൻസിപിക്ക് 54 സീറ്റുകളുണ്ട്. ബഹുജൻ വികാസ് ആഖഡിക്ക് 3 സീറ്റ് കിട്ടി. മജ്‍ലിസ് ഇ-ഇത്തിഹാദുൽ മുസ്ലിമീൻ, പ്രഹർ ജനശക്തി പാർട്ടി, സമാജ്‍വാദി പാർട്ടി എന്നിവർക്ക് 2 സീറ്റുകൾ വീതം കിട്ടി. 13 സ്വതന്ത്രർ ജയിച്ചിട്ടുണ്ട്. സിപിഎമ്മടക്കം ഏഴ് പാർട്ടികൾക്ക് ഓരോ സീറ്റ് വീതവും കിട്ടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook