ന്യൂഡൽഹി: അതിഥി തൊഴിലാളികളെ 15 ദിവസത്തിനകം സ്വന്തം സംസ്ഥാനങ്ങളിലേക്ക് എത്തിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി. തൊഴില്‍ സാധ്യതകള്‍ കണ്ടെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സുപ്രീം കോടതി നിർദേശം നൽകി.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് വിവിധ സര്‍ക്കാരുകള്‍ തൊഴിലാളികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുന്നത് പരിഗണിക്കണമെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബഞ്ച് അധികൃതരോട് ആവശ്യപ്പെട്ടു. ദേശീയ ദുരന്ത നിവാരണ നിയമപ്രകാരമാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് വിവിധ സര്‍ക്കാരുകള്‍ വീടുകളിലേക്ക് മടങ്ങാന്‍ ശ്രമിച്ചവര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Read More: കോവിഡിൽ സർക്കാരിന് പിഴച്ചുകാണും, പക്ഷെ പ്രതിപക്ഷം എന്തു ചെയ്തു? അമിത് ഷാ

തങ്ങളുടെ ജോലിസ്ഥലങ്ങളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന കുടിയേറ്റ തൊഴിലാളികൾക്ക് കൗൺസിലിങ് നൽകണമെന്ന് സുപ്രീം കോടതി പറഞ്ഞു.

തൊഴിലാളികളുടെ പുനരധിവാസത്തിനായി സര്‍ക്കാരുകള്‍ തയ്യാറാക്കിയ എല്ലാ പദ്ധതികളും, അനൂകൂല്യങ്ങളും പരസ്യപ്പെടുത്തണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. കൂടാതെ സ്വന്തം വീടുകളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ യാത്രയ്ക്കുള്ള സൗകര്യങ്ങള്‍ അടിയന്തരമായി ഒരുക്കണമെന്നും സുപ്രീം കോടതി സര്‍ക്കാരുകളോട് നിര്‍ദേശിച്ചു. മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കണം. സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനുള്ളില്‍ റെയില്‍വേ ശ്രമിക് ട്രെയിനുകൾ അനുവദിക്കണം.

ജൂൺ മൂന്നുവരെ റെയിൽവേ 4,228 പ്രത്യേക ശ്രമിക് ട്രെയിനുകൾ ഓടിച്ചിട്ടുണ്ടെന്നും 57 ലക്ഷം പേരെ അവരുടെ നാടുകളിൽ എത്തിച്ചിട്ടുണ്ടെന്നും കഴിഞ്ഞ വാദത്തിനിടെ കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. 41 ലക്ഷം പേർ റോഡ് മാർഗം നാട്ടിലേക്ക് പോയിട്ടുണ്ടെന്നും നഗരങ്ങളിൽ നിന്ന് പുറത്തുപോയ തൊഴിലാളികളുടെ ആകെ എണ്ണം ഒരു കോടിയായെന്നും അദ്ദേഹം പറഞ്ഞിരുന്നു. അസുഖം മൂലമുള്ള മരണമല്ലാതെ, ശ്രാമിക് ട്രെയിനുകളിൽ വെള്ളം, ഭക്ഷണം, മരുന്ന് എന്നിവ ലഭിക്കാതെ ആരും മരിച്ചിട്ടില്ലെന്നും മേത്ത സുപ്രീം കോടതിയെ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook