മുംബൈ: പശുസംരക്ഷകരെ കശ്മീരിലെ ഭീകരവാദത്തിനെതിരെ പോരാടാൻ അയക്കണമെന്ന് ശിവസേനാ അധ്യക്ഷൻ ഉദ്ദവ് താക്കറെ. ” പശുസംരക്ഷണം എന്ന പേരില്‍ വലിയൊരു പ്രഹസനം തന്നെ നടക്കുന്നുണ്ട് ഇവിടെ. എന്തുകൊണ്ട് നിങ്ങള്‍ക്ക് ഈ പശു സംരക്ഷകരെ കശ്മീരിലെ ഭീകരവാദത്തിനെതിരെ പൊരുതാന്‍ അയച്ചുകൂടാ ? ഈ ഭീകരവാദികളുടെ കൈയ്യില്‍ ഗ്രനേഡുകള്‍ക്കും തോക്കിനും പകരം ബീഫ് ആണ് കണ്ടെത്തിയത് എങ്കില്‍ അവരില്‍ ഒരാള്‍ പോലും രക്ഷപ്പെടില്ല എന്നാണോ ഞാന്‍ വിശ്വസിക്കേണ്ടത് ? ” നഗരത്തില്‍ ഗണേശ് ചതുര്‍ഥിയോടനുബന്ധിച്ചു നടന്ന പൊതുപരിപാടിയെ അഭിസംബോധന ചെയ്യവേ ശിവസേന നേതാവ് ആരാഞ്ഞു.

വളരെ കര്‍ശനമായ നിയന്ത്രണങ്ങളിലാണ് ഈ വര്‍ഷത്തെ ഗണേശ ചതുര്‍ഥി നടക്കുന്നത്. പൊതു ഇടങ്ങളില്‍ പന്തൽ കെട്ടുന്നതിനും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമര്‍നാഥ് യാത്രയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഹിന്ദുകളെ ലക്ഷ്യംവെച്ചുള്ള അക്രമങ്ങളാണ് നടക്കുന്നത് എന്നും താക്കറെ പറഞ്ഞു. “നമ്മള്‍ ഒരു ഇരുണ്ടകാലത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. ഇതുപോലുള്ള ഉത്സവങ്ങളിലാണ് നമ്മള്‍ ബുദ്ധിമുട്ടുകള്‍ മറക്കുന്നത്. എന്നാല്‍ ഇവിടെയും നിങ്ങള്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരികയാണ് എങ്കില്‍ ശിവസേന നിങ്ങളെ സമാധാനത്തോടെ കഴിയാന്‍ അനുവദിക്കില്ല എന്ന് ഓര്‍ത്തുകൊള്ളുക.” ബിജെപി സര്‍ക്കാരിനെ ലക്ഷ്യംവെച്ചുകൊണ്ട് ഉദ്ദവ് താക്കറെ പറഞ്ഞു.

ശിവസേന പാക്കിസ്ഥാനിൽ നിന്നുമുള്ള അഭിനേതാക്കളെയും കായികതാരങ്ങളേയും എതിര്‍ത്ത സാഹചര്യത്തില്‍ രാഷ്ട്രീയത്തെ സംസ്കാരവും കായികലോകവുമായി കൂട്ടിക്കുഴയ്ക്കരുത് എന്നു പറഞ്ഞവര്‍ക്ക് എതിരെയും ഉദ്ദവ് താക്കറെ പ്രതികരിക്കുകയുണ്ടായി. “രാഷ്ട്രീയത്തെ സംസ്കാരവും കായികലോകവുമായി കൂട്ടിക്കുഴയ്ക്കരുത് എന്നാണ് ഞങ്ങളോട് ചിലര്‍ പറഞ്ഞത്. എന്നാല്‍ ഇന്നലെ രാഷ്ട്രീയത്തേയും മതത്തേയും ബന്ധിപ്പിച്ചുകൊണ്ടാണ് അമര്‍നാഥിലെ തീര്‍ഥാടകര്‍ക്ക് നേരെ ആക്രമണമുണ്ടായത്. ആ ഭീകരവാദികളോടും ഇതേ കാര്യം പറയാന്‍ നിങ്ങള്‍ക്ക് ചങ്കൂറ്റം ഉണ്ടോ ?” ഉദ്ദവ് താക്കറെ ചോദിച്ചു.

ജമ്മു കശ്മീരിലെ ഭീകരവാദം തടയാന്‍ ചര്‍ച്ചകള്‍ കൊണ്ട് മാത്രം സാധിക്കില്ല എന്നും ശിവസേന പറഞ്ഞു. അമര്‍നാഥ് യാത്രികർക്ക് നേരെ ആക്രമണമുണ്ടാവുകയാണ് എങ്കില്‍ മുംബൈയില്‍ നിന്നും ഹജ് യാത്രയ്ക്ക് പോവുന്ന വിമാനങ്ങളെ പറക്കാന്‍ അനുവദിക്കുകയില്ല എന്ന്‍ ശിവസേനയുടെ സ്ഥാപകനേതാവായ ബാൽ താക്കറെ ഭീഷണിപ്പെടുത്തിയിരുന്നതായും ശിവസേന ഓര്‍മിപ്പിച്ചു. “അമര്‍നാഥിലെ ആക്രമണം തീര്‍ഥാടകര്‍ക്ക് നേരെ മാത്രമല്ല , കേന്ദ്രസര്‍ക്കാരിനും രാജ്യത്തിനും നേരെയാണ്. ഭീകരവാദികളെ  അതേ നാണയത്തില്‍ തിരിച്ചടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.” ശിവസേന എംപി സഞ്ജയ്‌ റൗട്ട് പറഞ്ഞു.

“സര്‍ജിക്കല്‍ സ്ട്രൈക്കും നോട്ടുനിരോധനവും ഒരുവിധത്തിലും ഭീകരവാദത്തിനെ ബാധിച്ചിട്ടില്ല എന്ന സൂചനയാണ് അമര്‍നാഥ് സംഭവം ” പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യം വച്ചായിരുന്നു ശിവസേനാ രാജ്യസഭാ അംഗത്തിന്‍റെ വിമര്‍ശനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook