വാഷിങ്ടണ്‍: പെന്റഗണിലെ ഉന്നത നേതൃത്വ സ്ഥാനങ്ങളിലൊന്നായ എയർഫോഴ്‌സിന്റെ പ്രതിരോധ അസിസ്റ്റന്റ് സെക്രട്ടറിയായി ഇന്ത്യൻ അമേരിക്കൻ വംശജന്‍ രവി ചൗധരി. യുഎസ് സെനറ്റാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാൻസ്‌പോർട്ടേഷനിൽ സീനിയർ എക്‌സിക്യൂട്ടീവായി ചൗധരി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനിലെ (എഫ്‌എഎ) ഓഫീസ് ഓഫ് കൊമേഴ്‌സ്യൽ സ്‌പേസിന്റെ അഡ്വാൻസ്ഡ് പ്രോഗ്രാമുകളുടെയും ഇന്നൊവേഷന്റെയും ഡയറക്ടറായിരുന്നു.
എഫ്എഎയുടെ വാണിജ്യ ബഹിരാകാശ ഗതാഗത ദൗത്യത്തിന്റെ വിപുലമായ വികസന, ഗവേഷണ പരിപാടികള്‍ നടപ്പിലാക്കുന്നതിന്റെ ചുമതല അദ്ദേഹത്തിനായിരുന്നു. ഗതാഗത വിഭാഗത്തിലായിരുന്നപ്പോള്‍ ഒന്‍പത് പ്രദേശങ്ങളിലെ ഏവിയേഷന്‍ ഓപ്പറേഷനുകളുടെ നിരീക്ഷണം ചൗദരിക്കായിരുന്നു.
യുഎസ് എയർഫോഴ്‌സിൽ സേവനമനുഷ്ഠിച്ചിരുന്ന കാലത്ത്, ചൗധരി വിവിധ എഞ്ചിനീയറിങ്, സീനിയർ സ്റ്റാഫ് അസൈൻമെന്റുകൾ പൂർത്തിയാക്കിയിട്ടുണ്ട്. 1993-2015 കാലയളവിലായിരുന്നു ഇത്. സി-17 പൈലറ്റെന്ന നിലയിൽ, അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും നിരവധി യുദ്ധ ദൗത്യങ്ങളില്‍ അദ്ദേഹം ഭാഗമായിട്ടുണ്ട്.
തന്റെ കരിയറിന്റെ തുടക്കത്തിൽ, ഗ്ലോബൽ പൊസിഷനിങ് സിസ്റ്റത്തിനായുള്ള (ജിപിഎസ്) ബഹിരാകാശ വിക്ഷേപണ പ്രവർത്തനങ്ങളില്‍ ചൗധരി ഭാഗമായിരുന്നു. കൂടാതെ ആദ്യത്തെ ജിപിഎസ് കോണ്‍സ്റ്റലേഷന്റെ പ്രവർത്തന ശേഷി ഉറപ്പാക്കുന്നതിനായുള്ള മൂന്നാം ഘട്ട പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി.
സിസ്റ്റം എഞ്ചിനീയർ എന്ന നിലയിൽ, നാസ ബഹിരാകാശയാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നാസയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയ സംരക്ഷണ പ്രവർത്തനങ്ങളിലും അദ്ദേഹത്തിന്റെ പിന്തുണയുണ്ടായിരുന്നു.
ബരാക്ക് ഒബാമയുടെ ഭരണകാലത്ത് ഏഷ്യൻ അമേരിക്കന്‍ വംശജരുമായും പസഫിക് ദ്വീപ് നിവാസികളുമായും ബന്ധപ്പെട്ട പ്രസിഡന്റിന്റെ ഉപദേശക കമ്മിഷൻ അംഗമായും ചൗധരി സേവനമനുഷ്ഠിച്ചിട്ടുണ്ട്.