മുംബൈ: നാളെ ഡല്‍ഹിയില്‍ നടക്കുന്ന എന്‍ഡിഎ യോഗത്തില്‍ പപങ്കെടുത്തില്ലെന്ന് വ്യക്തമാക്കി ശിവസേന. തിങ്കളാഴ്ച പാര്‍ലമെന്റിന്റെ ശൈത്യകാല സെഷന്‍ തുടങ്ങാനിരിക്കെയാണ് സഖ്യകക്ഷികളുടെ യോഗം. ശിവസേന യോഗത്തില്‍ പങ്കെടുക്കില്ലെന്നും ബിജെപി നയിക്കുന്ന എന്‍ഡിഎയുമായുള്ള സഖ്യം പിരിയുന്നതില്‍ ഔപചാരികത മാത്രമാണ് ബാക്കിയുള്ളതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
അതേസമയം തങ്ങള്‍ പങ്കെടുക്കാത്തത് ക്ഷണം ലഭിക്കാത്തതിനാലാണെന്ന് മറ്റൊരു ബിജെപി എംപിയായ വിനായക് റാവത്ത് പറഞ്ഞു. നവംബര്‍ 17 ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറയുടെ ചരമദിനവുമാണ്. ശിവസേന എന്‍ഡിഎ വിടുന്നതില്‍ ഔപചാരികത മാത്രമാണോ ബാക്കിയുള്ളതെന്ന ചോദ്യത്തിന് അങ്ങനെ പറയുന്നതില്‍ തെറ്റില്ലെന്നായിരുന്നു റാവത്തിന്റെ മറുപടി.
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ എന്‍സിപിയും കോണ്‍ഗ്രസുമായി ധാരണയിലെത്തിയിട്ടുണ്ടെന്നും അതിനാല്‍ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് സംബന്ധിച്ച പൊതുമിനിമം പരിപാടി കോണ്‍ഗ്രസ് മുന്നോട്ട് വച്ചിരുന്നു. അത് ശിവസേന അംഗീകരിക്കുകയായിരുന്നു.
സാഹചര്യങ്ങള്‍ വിലയിരുത്താനും തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാനുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും എന്‍സിപി നേതാവ് ശരദ് പവാറും നാളെ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ശിവസേനയുടെ പ്രതികരണം. നേരത്തെ രാഷ്ട്രപതി ഭരണത്തിന്റെ മറവില്‍ ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിക്കുകയാണെന്ന് ശിവസേന ആരോപിച്ചിരുന്നു.