ബീജിംങ്: 2011ല്‍ ഗാഡ്ജെറ്റ് പ്രേമികളെ കൊതിപ്പിച്ച ഫോണാണ് ആപ്പിളിന്റെ ഐഫോണ്‍ 4. പലരും ഈ ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിച്ചു. പണമില്ലാതിരുന്നവര്‍ ക്ഷമയോടെ കാത്തിരുന്നു. എന്നാല്‍ ചൈനയിലെ ഒരു യുവാവ് സ്വന്തം വൃക്ക വിറ്റ് ഐഫോണ്‍ 4 വാങ്ങിയത് വന്‍ വാര്‍ത്തയായി മാറി. വീട്ടുകാരെ അറിയിക്കാതെ ആയിരുന്നു അന്ന് 17 വയസ് മാത്രം പ്രായമുളള ഷിയാവോ വാംങ് വൃക്ക വിറ്റ് ഫോണ്‍ വാങ്ങിയത്. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന വാംങിന്റെ മാതാപിതാക്കള്‍ക്ക് ഫോണ്‍ വാങ്ങി കൊടുക്കാന്‍ പണമുണ്ടായിരുന്നില്ല.

ഇത് മനസ്സിലാക്കിയാണ് വാംങ് കടന്ന കൈ ചെയ്തത്. അനധികൃതകമായി അവയവം വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന അധോലോക സംഘത്തെ 2011ല്‍ വാംങ് സമീപിക്കുകയായിരുന്നു. അന്ന് 699 ഡോളറായിരുന്നു ഐഫോണ്‍ 4ന്റെ വില. വാംങിന് തന്റെ കിഡ്നി വിറ്റപ്പോള്‍ 3,200 ഡോളറാണ് ലഭിച്ചത് (ഏകദേശം 2.23 ലക്ഷം രൂപ). ഈ പണം കൊണ്ട് ഐഫോണ്‍ വാങ്ങി വാംങ് സ്കൂളിലെ താരമായി.

അന്ന് അധോലോക സംഘം രഹസ്യമായി നടത്തിയിരുന്ന ഒരു കേന്ദ്രത്തില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ നടത്തി വൃക്ക നീക്കം ചെയ്തത്. കുറച്ച് ദിവസം കഴിഞ്ഞാല്‍ മുറിവ് ഉണങ്ങി സുഖം പ്രാപിക്കുമെന്ന് അധോലോക സംഘം വാംങിന് ഉറപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ വാംങിന്റെ രണ്ടാമത്തെ വൃക്കയില്‍ അണുബാധയുണ്ടാവുകയായിരുന്നു.

സുരക്ഷയോ വൃത്തിയോ ഇല്ലാത്ത അന്തരീക്ഷത്തില്‍ നടത്തിയ ശസ്ത്രക്രിയയാണ് ഇപ്പോള്‍ 24 വയസുളള വാംങിന്റെ ജീവിതം തകര്‍ത്തത്. മകന് രോഗം ബാധിച്ചപ്പോള്‍ മാത്രമാണ് വൃക്ക വിറ്റിരുന്ന കാര്യം മാതാപിതാക്കള്‍ അറിയുന്നത്. മകന്‍ രോഗാവസ്ഥയിലായതോടെ ഡയാലിസിസ് ചെയ്യാനായി ഉളളത് മുഴുവന്‍ ഈ കുടുംബം വിറ്റു. ഇപ്പോള്‍ മുഴുവന്‍ സമയവും കിടക്കയിലാണ് വാംങ് കഴിയുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ