മുംബൈ: നിരവധി സാമ്പത്തിക തിരിമറികള്‍ നടത്തി വിവാദങ്ങളില്‍പെട്ട ആള്‍ദൈവം ചന്ദ്രസ്വാമി അന്തരിച്ചു. 66 വയസായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടർന്ന് കുറേ നാളായി ചികിത്സയിലായിരുന്നു. വൃക്കരോഗ ബാധിതനായി ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പ്രതിയായ ചന്ദ്രസ്വാമിയ്ക്കെതിരെ ഫോറിൻ എക്സ്ചേഞ്ച് മാനേജ്നമെന്റ് ആക്ട് ലംഘിച്ചതിന് സുപ്രീം കോടതി ശിക്ഷ വിധിച്ചിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റായിരുന്നു ഇദ്ദേഹത്തിനെതിരെ കേസെടുത്തത്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധവുമായി ചന്ദ്രസ്വാമിക്ക് ബന്ധമുണ്ടെന്ന് ജെയിന് കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
1948ല്‍ ജനിച്ച അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് നമി ചന്ദ് എന്നായിരുന്നു. രാജസ്ഥാനിലെ ബെഹ്റോറില്‍ നിന്നുള്ള പലിശക്കാരനായിരുന്നു ഇദ്ദേഹത്തിന്റെ പിതാവ്.