അഹമ്മദാബാദ്: സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പുവിനു ബലാത്സംഗക്കേസില്‍ ജീവപര്യന്തം തടവ്. യുവശിഷ്യയെ ബലാത്സംഗം ചെയ്‌തുവെന്ന 2013ലെ കേസില്‍ ഗുജറാത്ത് ഗാന്ധിനഗര്‍ സെഷന്‍സ് കോടതിയാണു ശിക്ഷ വിധിച്ചത്.
എണ്‍പത്തി ഒന്നുകാരനായ ആശാറാം ബാപ്പു എന്ന അശുപാല്‍ ഹര്‍പലാനി ബലാത്സംഗം, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ എന്നിവയ്ക്ക് കുറ്റക്കാരനാണെന്നു ജഡ്ജി ഡി കെ സോണി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഇന്നു ശിക്ഷ സംബന്ധിച്ച വാദം കേട്ട ശേഷമാണു വിധി പ്രസ്താവിച്ചത്.
യുവതിയെ 2001 മുതല്‍ 2006 വരെ പലതവണ ആശാറാം ബാപ്പു ബലാത്സംഗം ചെയ്തുവെന്നാണു കേസ്. നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ബാപ്പുവിന്റെ ആശ്രമത്തില്‍ നടന്ന സംഭവത്തില്‍ അഹമ്മദാബാദിലെ ചന്ദ്‌ഖേഡ പൊലീസ് സ്റ്റേഷനിലാണ് എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തത്. കേസില്‍, ആശാറാം ബാപ്പുവിന്റെ ഭാര്യ ഉള്‍പ്പെടെ മറ്റ് അഞ്ച് പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു.
അനധികൃതമായി തടങ്കലില്‍വച്ച് ബലാത്സംഗത്തിനിരയാക്കിയെന്ന് ആരോപിച്ച് സൂറത്തില്‍നിന്നുള്ള യുവതി ആശാറാം ബാപ്പുവിനും മറ്റ് ഏഴു പേര്‍ക്കുമെതിരെയാണു പരാതി നല്‍കിയത്. കുറ്റാരോപിതരില്‍ ഒരാള്‍ വിചാരണയ്ക്കിടെ 2013 ഒക്ടോബറില്‍ മരിച്ചു. കേസില്‍ 2014 ജൂലൈയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
376 2 (സി) (ബലാത്സംഗം), 377 (പ്രകൃതിവിരുദ്ധ കുറ്റകൃത്യങ്ങള്‍) എന്നിവയ്ക്കും നിയമവിരുദ്ധമായി തടങ്കലില്‍വച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മറ്റു വകുപ്പുകള്‍ പ്രകാരവും ആശാറാം ബാപ്പു കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയതായി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍ സി കോദേക്കര്‍ പറഞ്ഞു.
മറ്റൊരു ബലാത്സംഗ കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്നു രാജസ്ഥാനിലെ ജോധ്പൂരിലെ ജയിലില്‍ കഴിയുകയാണ് ആശാറാം ബാപ്പു. 2013ല്‍ രാജസ്ഥാനിലെ ആശ്രമത്തില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നാണു കേസ്.