കോഴിക്കോട്: ലോ അക്കാദമിക്കെതിരെയും മറ്റു നിരവധി സ്വാശ്രയ സ്ഥാപനങ്ങൾക്കെതിരെയും പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജേക്കബ് തോമസ്. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടൈറ്റാനിയം കേസിൽ രാഷ്ട്രീയമായ ഗൂഢാലോചന അന്വേഷിക്കണമെന്ന് വയനാട്ടിൽ നിന്ന് മുൻമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. 1996 മുതലുള്ള അന്വേഷണമാണ് ടൈറ്റാനിയം കേസ്. ആ കേസിൽ വിട്ടുവീഴ്ചയില്ല. ശുഷ്കാന്തിയോടെ അന്വേഷിക്കും. ടൈറ്റാനിയം കേസിൽ ക്രിമിനൽ കുറ്റകൃത്യം നടന്നോയെന്ന് ഇപ്പോൾ പറയാനാകില്ല. ടൈറ്റാനിയം ഇടപാടിൽ സർക്കാരിന് നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. അതിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമാകാൻ വിശദമായ അന്വേഷണം വേണ്ടിവരും. അന്വേഷണത്തിന് സാവകാശം വേണം. മന്ത്രി കടകംപളളി സുരേന്ദ്രനെതിരെ എന്നല്ല ആർക്കെതിരെ പരാതി കിട്ടിയാലും അന്വേഷിക്കും.
വിജിലൻസ് കോടതിയും വിജിലൻസ് ഡിപ്പാർട്ട്മെന്റും ഒരേ ലക്ഷ്യത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. കോടതി പരാമർശങ്ങൾ പലപ്പോഴും ഊർജ്ജം നൽകിയിട്ടുണ്ടെന്നും ജേക്കബ് തോമസ് പറഞ്ഞു.