ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കഴിഞ്ഞ ദിവസമായിരുന്നു രാഹുലിനെ കശ്മീരിലേക്ക് സത്യപാല്‍ ക്ഷണിച്ചത്. പിന്നാലെ രാഹുല്‍ ക്ഷണം സ്വീകരിക്കുകയും ചെയ്തിരുന്നു.

ജമ്മു കശ്മീരിലേക്ക് വരാന്‍ രാഹുലിന് ഗവര്‍ണര്‍ വിമാനം വാഗ്‌ദാനം ചെയതിരുന്നു. എന്നാല്‍ വിമാനമല്ല തനിക്കും പ്രതിപക്ഷ നേതാക്കള്‍ക്കും വേണ്ടത് ആളുകളെ കാണാനും സംസാരിക്കാനുമുള്ള സ്വാതന്ത്ര്യമാണ് വേണ്ടത് എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ഇതിന് മാലിക് പ്രതികരിച്ചില്ലെങ്കിലും രാഹുല്‍ വിഷയത്തെ രാഷ്ട്രീയവത്കരിക്കുകയാണെന്നും രാഹുല്‍ ഒരുപാട് നിബന്ധനകള്‍ മുന്നോട്ട് വച്ചതിനാല്‍ വാഗ്‌ദാനം പിന്‍വലിക്കുന്നതുമായി പ്രസ്താവനയിലൂടെ അറിയിച്ചു

Read More: ‘സർക്കാരിന് സമയം നൽകണം’; ജമ്മു കശ്മീർ വിഷയത്തിൽ ഉടൻ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി

പ്രസ്താവനയിലൂടെയാണ് രാജ്ഭവന്‍ രാഹുലിന്റെ ട്വീറ്റിനോട് പ്രതികരിച്ചത്. ഇതിന് പിന്നാലെ വീണ്ടും പ്രതികരണവുമായി രാഹുല്‍ രംഗത്ത് എത്തുകയായിരുന്നു. ഒരു നിബന്ധനകളുമില്ലാതെ തന്നെ ജമ്മു കശ്മീര്‍ ഗവര്‍ണറുടെ ക്ഷണം സ്വീകരിക്കുന്നതായി രാഹുല്‍ ട്വീറ്റ് ചെയ്തു. നിങ്ങളുടെ ദുര്‍ബലമായ മറുപടി കണ്ടെന്നും രാഹുല്‍ പറയുന്നു. താന്‍ എപ്പോഴാണ് വരേണ്ടതെന്നും രാഹുല്‍ ട്വീറ്റില്‍ ചോദിക്കുന്നുണ്ട്.

പ്രത്യേക പദവി റദ്ദാക്കുന്നതിനു മുന്നോടിയായി പൊലീസ് കസ്റ്റഡിയിലെടുത്ത സിപിഎം എംഎല്‍എ യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാനായി കശ്മീരിലെത്തിയ ഇടത് നേതാക്കളായ സീതാറാം യെച്ചൂരിക്കും ഡി.രാജയ്ക്കും അദ്ദേഹത്തിനെ കാണാന്‍ കഴിഞ്ഞിരുന്നില്ല. ഇരുവരേയും വിമാനത്താവളത്തില്‍ തടയുകയായിരുന്നു. കൂടാതെ കശ്മീരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും മുന്‍ മുഖ്യമന്ത്രിമാരുമായ ഉമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവര്‍ ഇപ്പോഴും വീട്ടുതടങ്കലിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook