ബെംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിദ്യാർഥികൾ നാടകം കളിച്ച സംഭവത്തിൽ സ്‌കൂളിനെതിരെ രാജ്യദ്രോഹ കേസ്. കർണാടകയിലെ ബിദാറിലാണു സംഭവം. സമാധാനം തകർക്കാൻ ശ്രമിച്ചുവെന്ന കുറ്റവും സ്കൂൾ മാനേജ്‌മെന്റിനെതിരെ ചുമത്തിയിട്ടുണ്ട്.

നീലേഷ് രക്ഷ്യാൽ എന്നയാൾ നൽകിയ പരാതിയിലാണു ഷഹീൻ സ്‌കൂൾ മാനേജ്‌മെന്റിനെതിരെയാണു കേസെടുത്തത്. നാലാം ക്ലാസ് വിദ്യാർഥികൾ കളിച്ച നാടകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായയെ മോശമായി ചിത്രീകരിച്ചുവെന്ന് പരാതിയിൽ പറയുന്നു. ന്യൂടൗണ്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. ആരെയും ഇതുവരെ അറസ്റ്റ് ചെയ്‌തിട്ടില്ല.

അതേസമയം, രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥയാണ് നാടകത്തിലൂടെ കുട്ടികൾ കാണിച്ചതെന്ന് സ്‌കൂൾ മാനേജ്‌മെന്റ് വ്യക്തമാക്കി. പൊലീസ് നടപടിയെ സ്‌കൂൾ മാനേജ്‌മെന്റ് വിമർശിച്ചു.

Read Also: ഭാമയുടെ മൈലാഞ്ചി കല്യാണം; വീഡിയോ

പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ റജിസ്റ്ററും നിലവിൽ വന്നാൽ രാജ്യത്തെ മുസ്‌ലിങ്ങൾ ഇവിടെനിന്ന് പുറത്തുപോകേണ്ടി വരുമെന്ന് പ്രചരിപ്പിക്കുന്നതാണ് നാടകമെന്ന് പരാതിക്കാരൻ പറയുന്നു. നാടകത്തിന്റെ ഒരു വീഡിയോ ഭാഗവും പരാതിക്കാരൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ദേശവിരുദ്ധതയാണ് നാടകത്തിലൂടെ പ്രചരിപ്പിച്ചതെന്നാണ് പരാതിക്കാരന്റെ പ്രധാന ആരോപണം. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തിൽ നാടകത്തിനിടെ അടിയ്‌ക്കുന്നതിനെയും പരാതിക്കാരൻ ചൂണ്ടിക്കാട്ടിയിരിക്കുന്നു.

വിദ്യാർഥികളെ ഉപയോഗിച്ച് ദേശവിരുദ്ധത പ്രചരിപ്പിക്കാനാണ് സ്‌കൂൾ മാനേജ്‌മെന്റ് ശ്രമിച്ചത്. നാടകത്തിന്റെ വീഡിയോ പ്രചരിക്കുന്നത് മതങ്ങൾ തമ്മിലുള്ള ഐക്യം തകരുന്നതിനു കാരണമാകും. സ്‌കൂൾ മാനേജ്‌മെന്റും നാടക സംവിധായകനും കുറ്റക്കാരാണെന്നും പരാതിക്കാരൻ ആരോപിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook