കവരത്തി: രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയെ കവരത്തി പൊലീസ് ചോദ്യം ചെയ്യുന്നു. രാവിലെ പത്തരയോടെ സ്റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരുന്നത്.
ഐഷയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയക്കാനാണ് സാധ്യത. അറസ്റ്റ് നടത്തിയാല്‍ ജാമ്യം അനുവദിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ഐഷയെ കവരത്തി പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചത്. എന്നാല്‍ മൂന്ന് ദിവസം കൂടി ദ്വീപില്‍ തുടരണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ക്വാറന്റൈനില്‍ തുടരാത്തതിന് ഐഷയ്ക്ക് ലക്ഷദ്വീപ് കലക്ടര്‍ അസ്ഗര്‍ അലി താക്കീത് നല്കി. ഐഷ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നാണ് കലക്ടറുടെ ആരോപണം.
ചോദ്യം ചെയ്യലിന് മാത്രം ഹാജരാകാനാണ് പറഞ്ഞിട്ടുള്ളത്. അല്ലാത്ത പക്ഷം ഹോം ക്വാറന്റൈനില്‍ തുടരേണ്ടതാണ്. എന്നാല്‍ ഐഷ പല യോഗങ്ങളിലും പങ്കെടുത്തതായും, ഇനി ആവര്‍ത്തിച്ചാല്‍ നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.
ലക്ഷദ്വീപ് വിഷയത്തില്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ ബയോ വെപ്പണ്‍ എന്ന വാക്ക് ഉപയോഗിച്ചതിനാണ് ഐഷയ്ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത്. കവരത്തി പൊലീസാണ് കേസെടുത്തത്.
Also Read: ഐഷ സുൽത്താനയ്ക്കെതിരായ രാജ്യദ്രോഹ കേസ്: വിശദീകരണം തേടി ഹൈക്കോടതി