കവരത്തി: രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവര്‍ത്തകയും ലക്ഷദ്വീപ് സ്വദേശിയുമായ ഐഷ സുല്‍ത്താനയെ മൂന്നാംവട്ടവും ചോദ്യം ചെയ്യലിനുശേഷം കവരത്തി പൊലീസ് വിട്ടയച്ചു. ഐഷയെ ഇന്നും ഇന്നലെയും ഞായറാഴ്ചയും പൊലീസ് ചോദ്യം ചെയ്തിരുന്നു.
ഇന്നു രാവിലെ 9.45 ന് ഹാജരാകാനാണ് ഐഷയ്ക്കു നോട്ടീസ് നല്‍കിയിരുന്നത്. തുടർന്ന് മൂന്നു മണിക്കൂറോളം ചോദ്യം ചെയ്തു.
”എല്ലാം കഴിഞ്ഞു. എനിക്ക് കൊച്ചിയിലേക്ക് മടങ്ങാമെന്ന് പറഞ്ഞു. നാളെ അല്ലെങ്കില്‍ മറ്റന്നാള്‍ ഞാന്‍ കൊച്ചിയില്‍ എത്തും,” ചോദ്യം ചെയ്യലിനുശേഷം കവരത്തി പൊലീസ് സ്റ്റേഷനില്‍നിന്നു പുറത്തുവന്ന ഐഷ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഇന്നലെ ഐഷയെ എട്ടു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. വൈകുന്നേരം 6.40 വരെ ചോദ്യം ചെയ്യല്‍ തുടര്‍ന്നു. പ്രധാനമായും ഫോണ്‍ കോളുകളുടെ വിശദാംശങ്ങളും സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളുമാണ് പൊലീസ് ശേഖരിച്ചതെന്നാണ് ഐഷ പറഞ്ഞത്.
വിദേശത്ത് എന്തെങ്കിലും ബന്ധമുണ്ടോയെന്ന് ഇന്നലെ പൊലീസ് ചോദിച്ചതായി ഐഷ പറഞ്ഞിരുന്നു. ”അവര്‍ എന്റെ വാട്ട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ പരിശോധിച്ചു. എനിക്ക് വിദേശ രാജ്യങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അവര്‍ തിരയുന്നു,” മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയില്‍ ഐഷ പറഞ്ഞിരുന്നു.
ലക്ഷദ്വീപിലെ വിവാദ ഭരണപരിഷ്കാരങ്ങള്‍ സംബന്ധിച്ച് ഈ മാസം ഏഴിന് നടന്ന ചാനല്‍ ചര്‍ച്ചയ്ക്കിടെ ഐഷ നടത്തിയ ബയോ വെപ്പണ്‍ പരാമര്‍ശമാണ് കേസിനിടയാക്കിയത്. ദ്വീപിലെ ബിജെപി നേതാവാണ് കവരത്തി പൊലീസില്‍ പരാതി നല്‍കിയത്.
മുന്‍കൂര്‍ ജാമ്യം തേടി ഹർജി സമർപ്പിച്ച ഐഷ സുല്‍ത്താനയോട് ചോദ്യം ചെയ്യലിനു കവരത്തി പൊലീസിനു മുൻപാകെ ഞായറാഴ്ച ഹാജരാവാനായിരുന്നു 17ന് ഹൈക്കോടതി നിർദേശിച്ചത്. അറസ്റ്റ് ചെയ്താല്‍ ഒരാഴ്ചത്തെ ജാമ്യം അനുവദിക്കണമെന്നു പൊലീസിനോട് നിര്‍ദേശിച്ചിരുന്നു. 50,000 രൂപയുടെ ബോണ്ടും ആള്‍ജാമ്യവുമാണ് വ്യവസ്ഥ. തുടര്‍ന്ന് ചോദ്യം ചെയ്യുന്നുണ്ടെങ്കില്‍ അഭിഭാഷകന്റെ സാന്നിധ്യം അനുവദിക്കണമെന്നും കോടതി ഉത്തരവിട്ടരുന്നു.
ഞായറാഴ്ച വൈകിട്ട് ചോദ്യം ചെയ്യലിന് ഹാജരാവാനാണ് ഐഷയ്ക്ക് കവരത്തി പൊലീസ് ആദ്യം നോട്ടിസ് നൽകിയത്. കൊച്ചിയിൽനിന്ന് രണ്ടു ദിവസം മുൻപ് കവരത്തിയിലെത്തിയ ഐഷയെ ഞായറാഴ്ച മൂന്നൂ മണിക്കൂറോളം ചോദ്യം ചെയ്തു. തുടർന്ന് മൂന്ന് ദിവസം കൂടി ദ്വീപില്‍ തുടരാൻ ഐഷയോട് പൊലീസ് നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെയും ഇന്നും ചോദ്യം ചെയ്തത്.
അതിനിടെ, ഐഷ ക്വാറന്റൈന് ലംഘിച്ചുവെന്ന് ലക്ഷദ്വീപ് കലക്ടർ ആരോപിച്ചിരുന്നു. ആരോപണം ശരിയല്ലെന്നും ഇത് സംബന്ധിച്ച് ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയെന്നും അഭിഭാഷകന് പറഞ്ഞു. ഐഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഉടന്‍ വിധി പറയും.