ആഗ്ര: പ്രണയത്തിന്റെ പ്രതീകമായി നിലകൊളളുന്ന താജ്മഹലിന് ഭീകരാക്രമണ ഭീഷണി. താജ്മഹലിനെ ലക്ഷ്യമാക്കി ഭീകരാക്രമണം നടത്തുമെന്ന തരത്തിൽ ഒരു പ്രാദേശിക വെബ്സൈറ്റിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. തോക്കുകൾ കയ്യിലേന്തി ഭീകരർ താജ്മഹലിന്റെ വശങ്ങളിൽ നിൽക്കുന്ന ചിത്രമാണ് വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടത്. ഈ ചിത്രം ഇന്നു ചില പ്രാദേശിക പത്രങ്ങൾ പുറത്തുവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ താജ്മഹലിനുളള സുരക്ഷ ശക്തമാക്കി. ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ആണ് ഇതിനു പിന്നിലെന്നാണ് പൊലീസ് സംശയം.

മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെയും ഇന്റലിജൻസിന്റെയും നേതൃത്വത്തിലുളള സഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പൊലീസ് കനത്ത ജാഗ്രതയിലാണെന്നും സന്ദർശകരെയും കർശനമായി നിരീക്ഷിക്കുന്നുണ്ടെന്നും സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് പ്രീതീന്ദർ സിങ് പറഞ്ഞു. താജ്മഹലിനു സമീപ പ്രദേശങ്ങളും പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഇന്നലെ ബോംബ് സ്ക്വാഡും ഡ്വാഗ് സ്ക്വാഡും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയിരുന്നു.

വർഷം തോറും ലക്ഷക്കണക്കിനു പേരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി താജ്മഹൽ സന്ദർശിക്കാനെത്തുന്നത്. ഓരോ വർഷവും സന്ദർശകരുടെ എണ്ണത്തിൽ വൻ വർധനയാണുളളത്. വർഷം തോറും നടക്കാറുളള താജ് മഹോൽസവ് ശനിയാഴ്ച തുടങ്ങാനിരിക്കെയാണ് ഭീകരാക്രമണ ഭീഷണി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ