മുംബൈ: പൊതു മിനിമം പരിപാടിക്ക് പ്രാധാന്യം നല്‍കി മഹാരാഷ്ട്രയിലെ മഹാസഖ്യം. ജനകീയ പ്രഖ്യാപനങ്ങളാണ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. മതേതര മൂല്യങ്ങളില്‍ ഊന്നിയായിരിക്കും സര്‍ക്കാര്‍ മുന്നോട്ടു പോകുക എന്ന് ത്രികക്ഷി സഖ്യം അവകാശപ്പെടുന്നു. പൊതുമിനിമം പരിപാടിയില്‍ മതേതര നിലപാടിനെ കുറിച്ച് പ്രത്യേകം പരാമര്‍ശിക്കുന്നുമുണ്ട്.

സാധാരണക്കാരായ ജനങ്ങള്‍ക്ക് 80 ശതമാനം തൊഴില്‍ സംവരണം, താലൂക്കുകളില്‍ ആരോഗ്യ സംരക്ഷണത്തിനായി പ്രത്യേകം പരിപാടികള്‍, കര്‍ഷകര്‍ക്ക് പ്രത്യേക ധനസഹായം എന്നിവയെല്ലാം ത്രികക്ഷി സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നു.

പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണു മഹാരാഷ്ട്രയില്‍ ത്രികക്ഷി സര്‍ക്കാര്‍ അധികാരമേറ്റത്. കോൺഗ്രസും എൻസിപിയും മുന്നോട്ടുവച്ച പൊതു മിനിമം പരിപാടി ശിവസേന അംഗീകരിക്കുകയായിരുന്നു. ഇന്ത്യൻ ഭരണഘടന നിഷ്‌കർഷിക്കുന്ന മതേതര മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുമെന്ന് ത്രികക്ഷി സഖ്യം നിലപാടെടുത്തു. സാധാരണക്കാർക്ക് വേണ്ടി നിലകൊള്ളുന്ന സർക്കാരായിരിക്കും തങ്ങളുടേതെന്നും മഹാസഖ്യം അവകാശപ്പെടുന്നു.

Read Also: Horoscope Today November 29, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

മഹാരാഷ്ട്രയുടെ 18-ാമത് മുഖ്യമന്ത്രിയായി ശിവസേന തലവൻ ഉദ്ധവ് താക്കറെ ഇന്നലെയാണ് സത്യപ്രതിജ്ഞ ചെയ്‌തത്. ഇന്നലെ വെെകീട്ട് 6.45 ന് ശിവജി പാർക്കിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ഗവർണർ ഭഗത് സിങ് കോശ്യാരി സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. താക്കറെ കുടുംബത്തിൽ നിന്ന് മുഖ്യമന്ത്രി സ്ഥാനത്തെത്തുന്ന ആദ്യ നേതാവും ശിവസേനയിൽ നിന്ന് മുഖ്യമന്ത്രി സ്ഥാനത്തെത്തുന്ന മൂന്നാമത്തെ നേതാവുമാണ് ഉദ്ധവ് താക്കറെ.

ഉദ്ധവ് താക്കറെ അടക്കം ഏഴ് പേരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തത്. ശിവസേനയിൽ നിന്ന് മൂന്ന് പേരും (ഉദ്ധവ് താക്കറെ അടക്കം) കോൺഗ്രസ്, എൻസിപി പാർട്ടികളിൽ നിന്ന് രണ്ട് പേർ വീതവുമാണ് സത്യപ്രതിജ്ഞ ചെയ്‌തത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കു പുറമെ മന്ത്രിമാരായി ഏക്‌നാഥ് ഷിന്‍ഡെ, സുഭാഷ് ദേശായ് (ശിവസേന), ജയന്ത് പാട്ടീല്‍, ഛഗന്‍ ഭുജ്ബല്‍ (എന്‍സിപി), നിതിന്‍ റാവത്ത് (കോണ്‍ഗ്രസ്) എന്നിവരാണു സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞ ചടങ്ങിനു ശേഷം രാത്രി എട്ടിന് മന്ത്രിസഭായോഗം നടന്നിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook