scorecardresearch
Latest News

Section 377 verdict live-updates: സ്നേഹവിലക്കുകളുടെ ‘നൂലറുത്തിട്ട്’ സുപ്രിംകോടതി; ‘സ്വവർഗ ലൈംഗികത കുറ്റകരമല്ല’

സ്വവർഗ ലൈംഗികതയെ ശിക്ഷിക്കാനുള്ള ക്രിമിനൽ കുറ്റമാക്കിയ കൊളോണിയൽ കാലഘട്ടത്തിലെ നിയമം റദ്ദാക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ ഉന്നത നീതി പീഠം ഇന്ന് തീരുമാനം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്

Section 377 verdict live-updates: സ്നേഹവിലക്കുകളുടെ ‘നൂലറുത്തിട്ട്’ സുപ്രിംകോടതി; ‘സ്വവർഗ ലൈംഗികത കുറ്റകരമല്ല’

ന്യൂഡൽഹി: ചരിത്രപരമായ വിധിയിലൂടെ സ്വവർഗരതി കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377ആം വകുപ്പ് സുപ്രീം കോടതി ഭാഗികമായി റദ്ദാക്കി. സ്വവർഗ ബന്ധങ്ങൾ അംഗീകരിക്കണമെന്നും എല്ലാത്തരം അടിച്ചമർത്തലുകളും നിയമവിരുദ്ധമാണെന്നും സുപ്രിംകോടതി നിരീക്ഷണം. സ്വവർഗ ലൈംഗികതയെ ശിക്ഷിക്കാനുള്ള ക്രിമിനൽ കുറ്റമാക്കിയ കൊളോണിയൽ കാലഘട്ടത്തിലെ നിയമം റദ്ദാക്കി കൊണ്ടാണ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. എൽ.ജി.ബി.ടി സമൂഹത്തിനെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറുന്നതിന് കേന്ദ്ര സർക്കാർ മാധ്യമങ്ങളിലൂടെയും മറ്റും പ്രചരണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.

ഉഭയകക്ഷി സമ്മതപ്രകാരമുള്ള സ്വവർഗ ലൈംഗികത പൗരാവകാശം എന്ന നിലയിലേക്കാണ് ചരിത്രപരമായ വിധിയിലൂടെ മാറ്റം വന്നിരിക്കുന്നത്. കേസിൽ നാല് വിധിപ്രസ്താവം ഉണ്ടെങ്കിലും ഏകാഭിപ്രായമാണെന്ന് വിധി ആദ്യം വായിച്ച ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.വ്യത്യസ്ത വ്യക്തിത്വങ്ങളെ അംഗീകരിക്കാൻ സമൂഹം പക്വതയാർജിച്ചിരിക്കുന്നുവെന്ന് ചീഫ് ജസ്റ്റീസ് വിധി പ്രസ്താവത്തിൽ വ്യക്തമാക്കി. ആരെ പങ്കാളിയായി സ്വീകരിക്കണമെന്നത് വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്‍റെ പരിധിയിൽ വരുന്ന കാര്യമാണ്. ലൈംഗികതയുടെ പേരിൽ ഒരു വ്യക്തി ഭയത്തോടെ ജീവിക്കേണ്ട സാഹചര്യം സമൂഹത്തിലുണ്ടാകരുത്. ജീവിക്കാനുള്ള പൗരന്‍റെ സ്വാതന്ത്ര്യമാണ് പരമപ്രധാനമെന്നും കോടതി വിധിച്ചു.

ഐ പി സി യിലെ സെക്ഷൻ 377 പ്രകാരം ആരെങ്കിലും സ്വമേധയാ പോലും പ്രകൃതിയുടെ നിയമത്തിന് വിരുദ്ധമായി പുരുഷൻ, സ്ത്രീ, മൃഗം എന്നിവയിൽ ആരുമായി ശാരീരികമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാലും ശിക്ഷിക്കപ്പെടും. ശിക്ഷ ജീവപര്യന്തം തടവ്, അല്ലെങ്കിൽ ജീവപര്യന്തം അല്ലങ്കിൽ പത്ത് വർഷം വരെയുളള തടവ്, പുറമെ പിഴയും ഈടാക്കുന്നതാണ് ശിക്ഷ. 1861ലെ പുരാതനമായ ഈ ബ്രിട്ടീഷ് നിയമപ്രകാരം പുരുഷലിംഗം നിവേശിക്കപ്പെടുന്ന ലൈംഗിക ബന്ധങ്ങളിൽ പ്രകൃതിയുടെ നിയമത്തിന് വിരുദ്ധമെന്ന വ്യാഖാനിക്കുന്ന പ്രവൃത്തികളൊക്കെ കുറ്റകരമാക്കിയിട്ടുണ്ട്. കോടതിയുടെ പുതിയ വിധിയോടെ സ്വവര്‍ഗരതി നിയമവിധേയമായി.

1.00 pm: ലൈംഗികത നിയമവിധേയമാക്കിയത് പോലെ തന്നെ എല്‍ജിബിടി വിവാഹങ്ങളും കുട്ടികളെ ദത്തെടുക്കലും നിയമവിധേയമാക്കണമെന്ന് നിരവധി ട്രാന്‍സ്ജെന്‍ഡര്‍ അക്ടിവിസ്റ്റ് സംഘടനകള്‍ ആവശ്യപ്പെട്ടു

12.50 pm: എല്‍ജിബിടി സമൂഹത്തോട് ചരിത്രം മാപ്പ് പറയാന്‍ കടപ്പെട്ടിരിക്കുന്നുവെന്ന് വിധി പുറപ്പെടുവിച്ച സുപ്രിംകോടതി അഞ്ചംഗ ബെഞ്ചിലെ ഏക വനിതാ ജഡ്ജിയായ ഇന്ദു മല്‍ഹോത്ര പറഞ്ഞു. ‘അവകാശങ്ങള്‍ ഉറപ്പാക്കാന്‍ ഇത്രയും വൈകിയതിന് ചരിത്രം എല്‍ജിബിടി സമൂഹത്തോട് മാപ്പ് പറയാന്‍ കടപ്പെട്ടിരിക്കുന്നു’- ഇന്ദു മല്‍ഹോത്ര

12.45 pm: സെക്ഷന്‍ 377 പൊലീസും സര്‍ക്കാരും എല്‍ജിബിടി സമൂഹത്തെ അക്രമിക്കാനും അവരുടെ ജീവിതത്തിലേക്ക് കടന്ന് കയറാനും ഉപയോഗിച്ചിരുന്നതായി പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

12.37 pm: സുപ്രിംകോടതി വിധിയില്‍ അതിയായ സന്തോഷമുണ്ടെന്ന് ട്രാന്‍സ്‍സെക്ഷ്വല്‍ ആക്ടിവിസ്റ്റായ ദയാ ഗായത്രി വ്യക്തമാക്കി. സ്ത്രീയുടെ ശരീരവുമായി ജീവിക്കുന്ന തന്റെ പങ്കാളിയായ ട്രാന്‍സ്മാനാണ് വിധിയുടെ വിവരം തന്നെ അറിയിച്ചതെന്ന് ദയ പറഞ്ഞു. ‘എല്ലാവരുടെ സ്വകാര്യതയും പ്രധാനപ്പെട്ടതാണെന്ന് നമ്മള്‍ മനസ്സിലാക്കണം. നിര്‍ദ്ദയമായ ഈ നിയമം കാരണം നിരവധി പേര്‍ ആത്മഹത്യ ചെയ്യേണ്ടി വന്നു. നിരവധി പേര്‍ വീട്ടുകാരുടെ നിര്‍ബന്ധം മൂലം അനിഷ്ടമായ വിവാഹം സ്വീകരിക്കേണ്ടി വന്നു. എന്നാല്‍ ഇന്ന് ആഘോഷിക്കാനുളള ദിവസമാണ്’, ദയ വ്യക്തമാക്കി.

12.33 pm: വിധിയിലൂടെ ആത്മവിശ്വാസവും ജീവിക്കാനുളള സ്വാതന്ത്ര്യവും ആണ് ലഭിക്കുന്നതെന്ന് ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് സൂര്യ പറഞ്ഞു

12.31 pm: ‘സുപ്രിംകോടതിയുടെ വിധിയുടെ വെളിച്ചത്തില്‍ ഒരു മാറ്റത്തിന്റെ കൈചൂണ്ടിയായി കണ്ട് സമൂഹത്തിന്റെ എല്ലാ തട്ടിലേക്കും എല്‍ജിബിടി സമൂഹത്തെ ഉയര്‍ത്താന്‍ നമുക്ക് കഴിയണം. അതിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ശ്രമം ഉണ്ടാവണം’- സാഹിത്യകാരന്‍ സക്കറിയ പറഞ്ഞു

12.30 pm: ‘ഞാന്‍ മേരിക്കുട്ടി എന്ന ചിത്രം എടുക്കാനുണ്ടായ സാഹചര്യം ഒരാള്‍ക്ക് അവരായി അന്തസോടെ ജീവിക്കാനുളള സ്വാതന്ത്ര്യം ഇല്ലെന്ന തിരിച്ചറിവിലാണ്. സുപ്രിംകോടതിയുടെ വിധിയില്‍ അഭിമാനമുണ്ട്, സന്തോഷമുണ്ട്’- രഞ്ജിത് ശങ്കര്‍

12.25 pm: ‘ചരിത്രപരമായ വിധി, വളരെയധികം അഭിമാനമുണ്ട്. മനുഷ്യത്വത്തിനും തുല്യ അവകാശങ്ങള്‍ക്കുമുളള ഊര്‍ജ്ജമാണ് സുപ്രിംകോടതി വിധി. രാജ്യത്തിന് അതിന്റെ ഓക്സിജന്‍ തിരികെ ലഭിച്ചു’- കരണ്‍ ജോഹര്‍

12.20 pm: ‘രാജ്യത്തിന് അതിന്റെ ഓക്സിജന്‍ തിരികെ ലഭിച്ചു’- കരണ്‍ ജോഹര്‍

12.15 pm: ‘ഈ വിധി ലൈംഗികതയെ കുറിച്ച് മാത്രമല്ല, വ്യക്തിത്വത്തെ കുറിച്ച് കൂടിയുളളതാണ്. സുപ്രിംകോടതിയുടെ വിധിയെ സ്വീകരിക്കുന്നു. ഇന്ന് ശരിക്കും നമ്മുടെ നിരവധി സഹജീവികള്‍ക്ക് സ്വാതന്ത്ര്യം ലഭിച്ച ദിവസമാണ്. മനുഷ്യന്റെ വ്യക്തിത്വവും അഭിമാനവും ഉയര്‍ത്തിപ്പിടിക്കുന്ന വിധിയാണിത്’- ശശി തരൂര്‍

12.13 pm: സുപ്രിംകോടതി വിധിയെ ആഹ്ളാദത്തോടെ സ്വീകരിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍

12.10 pm: ‘വ്യക്തികളുടെ തിരഞ്ഞെടുക്കലുകളെ ബഹുമാനിക്കുക എന്നതാണ് സ്വാതന്ത്യത്തിന്റെ ഉള്‍ക്കാമ്പ്. എല്‍ജിബിടി സമൂഹത്തിനും ഭരണഘടനയില്‍ പറയുന്ന തുല്യ അവകാശമുണ്ട്’- ജസ്റ്റിസ് ദീപക് മിശ്ര

12.08 pm: ജനിതപരമായ അവകാശങ്ങളെ അടിച്ചമര്‍ത്തുന്നത് മൗലികാവകാശങ്ങളുടെ ലംഘനമായി പരിണമിക്കുമെന്ന് ദീപക് മിശ്ര

12.05 pm: ഭരണഘടനാപരമായ ധാര്‍മ്മികത മാത്രമാണ് അനുവദിക്കുക എന്നും സാമൂഹ്യ ധാര്‍മ്മികതയല്ല വിഷയത്തില്‍ പരിഗണിക്കുക എന്നും ജസ്റ്റിസ് ദീപക് മിശ്ര

12.03 pm: ഒരേലിംഗത്തിലുളള പ്രായപൂര്‍ത്തിയായവര്‍ തമ്മിലുളള ലൈംഗികത ക്രിമിനല്‍ കുറ്റല്ലെങ്കിലും ഐപിസി 377 പ്രകാരം മൃഗസംഭോഗം ക്രിമിനല്‍ കുറ്റമായി തുടരും

11.53 am: നാല് വ്യത്യസ്ഥ വിധികളാണെങ്കിലും ഒരൊറ്റ അന്തിമവിധിയിലൂടെയാണ് സ്വവര്‍ഗരതി നിയമവിധേയമാക്കിയത്

11.52 am: ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനമെന്നും കോടതി നിരീക്ഷണം, സ്വവർഗരതി കുറ്റകരമാക്കുന്നത് എൽ.ജി.ബി.ടി സമൂഹത്തെ പാർശ്വവത്കരിക്കും. ഇത് അവരുടെ വ്യക്തിത്വത്തേയും മാന്യതയേയും മാത്രമല്ല ജീവിതത്തെ തന്നെ നശിപ്പിക്കുമെന്നും കോടതി

11.51 am: സ്വവർഗ ബന്ധങ്ങൾ അംഗീകരിക്കണമെന്നും എല്ലാത്തരം അടിച്ചമർത്തലുകളും നിയമവിരുദ്ധമാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച്

11.50 am: 157 വര്‍ഷത്തിന് ശേഷമാണ് സുപ്രിംകോടതിയുടെ ചരിത്രവിധി വന്നിരിക്കുന്നത്

11.48 am: സ്വകാര്യത മൗലികാവകാശമാണെന്നും എല്ലാവര്‍ക്കും പങ്കാളികളെ തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം ഉണ്ടെന്നും കോടതി

11.45 am: ബെഞ്ചില്‍ ആരും തന്നെ വിയോജിച്ചില്ലെന്നും സ്വര്‍ഗ ലൈംഗികത നിയമവിധേയമാക്കണമെന്നാണ് എല്ലാ ജഡ്ജിമാരുടേയും അഭിപ്രായമെന്നും ജസ്റ്റിസ് ദീപക് മിശ്ര

11.43 am: ചരിത്രപരമായ വിധിയിലൂടെ സ്വവർഗരതി കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377ആം വകുപ്പ് സുപ്രീം കോടതി റദ്ദാക്കി

11.40 am: സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രിംകോടതി

11.35 am: നാല് ജഡ്ജിമാര്‍ക്കും വിഷയത്തില്‍ ഒരേ നിലപാടാണ് എന്നാണ് പുതിയ വിവരം

11.30 am: കോടതി നടപടികള്‍ പുനരാരംഭിച്ചു

11.10 am: കോടതിക്ക് പുറത്ത് നിരവധി സംഘടനകളും എല്‍ജിബിടി സമൂഹത്തില്‍ ഉള്‍പ്പെട്ടവരും തമ്പടിക്കുന്നുണ്ട്.

11.00 am: ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസ് ഫാലി നരിമാന്‍, എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഢ്, ഇന്ദു മല്‍ഹോത്ര എന്നിവര്‍ നാല് വിധികള്‍ പുറപ്പെടുവിക്കും

10.55 am: രാവിലെ 11.30നാണ് വിധി പുറത്തുവരിക എന്നാണ് പ്രതീക്ഷിക്കുന്നത്

10.45 am: എല്ലാ കണ്ണുകളും സുപ്രിംകോടതിയില്‍

10.35 am: നാല് ജഡ്ജിമാരുടേയും വിധി പുറത്തുവന്നതിന് ശേഷം മാത്രമാണ് വിഷയത്തില്‍ സുപ്രിംകോടതിയുടെ അന്തിമവിധി എന്താണെന്ന് പറയാന്‍ കഴിയുകയുളളു

10.30 am: നാല് വിധി പ്രസ്താവങ്ങളില്‍ എല്ലാ ജഡ്ജിമാരും സ്വവര്‍ഗലൈംഗികതയെ അനുകൂലിക്കുമോ ഇല്ലയോ എന്നാണ് രാജ്യം ഉറ്റു നോക്കുന്നത്

10.20 am: നാല് ജഡ്ജികളുടെ നാല് വിധി പ്രസ്താവങ്ങളാണ് ഇന്ന് കോടതിയിലുണ്ടാവുക

10.15 am: ലൈംഗികത്വത്തി​​ന്റെ പേരിൽ ഒരാളും ഭയന്നു ജീവിക്കാൻ ഇടവരരുതെന്ന്​ കേസ്​ പരിഗണിക്കവെ കോടതി നിരീക്ഷിച്ചിരുന്നു

10.00 am: ഭരതനാട്യം നർത്തകൻ നവ്​തേജ്​ സിങ്​ ജോഹർ, മാധ്യമപ്രവർത്തകൻ സുനിൽ മെഹ്​റ, ഭക്ഷണശാല നടത്തിപ്പുകാരി റിതു ഡാൽമിയ, നീംറാന ഹോട്ടൽ സ്​ഥാപകൻ അമൻ നാഥ്​, ബിസിനസുകാരി അയേഷ കപൂർ എന്നിവരാണ്​ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്​

9.30 am: വീഡിയോ കാണാം: ഐപിസി 377ന്റെ ചരിത്രം

9.15 am: സ്വവര്‍ഗരതിക്ക് തടയിടുന്നത് വ്യക്തി സ്വാതന്ത്ര്യത്തിനും സ്വകാര്യതയുടെയും ലംഘനമാണെന്നും 2009 ജൂലൈയില്‍ ഉത്തരവ് പുറപ്പെടുവിച്ച് കൊണ്ട് ഡല്‍ഹി ഹൈക്കോടതി പറഞ്ഞിരുന്നു

9.10 am: പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ ഉഭയസമ്മത പ്രകാരം നടത്തുന്ന സ്വവര്‍ഗരതി തെറ്റല്ലെന്ന് ഡല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചിരുന്നു

9.05 am: 2001ല്‍ നാസ് ഫൗണ്ടേഷനാണ് 1862ല്‍ കൊളോണിയല്‍ കാലഘട്ടം മുതല്‍ സ്വവര്‍ഗലൈംഗികത കുറ്റമാക്കിയ സെക്ഷന്‍ 377നെതിരേ ആദ്യമായി രംഗത്ത് വന്നത്

9.00 am: ജൂലൈ 17ന് എല്‍ജിബിടി സമൂഹവും മനുഷ്യാവകാശ പ്രവര്‍ത്തകരും മിഷണറിമാരും തമ്മിലുള്ള വാദം കേട്ടശേഷം കഴിഞ്ഞ മാസം ഏഴിന് വീണ്ടും വാദം കേള്‍ക്കുകയും അന്ന് വിധി പറയല്‍ ഇന്നത്തേക്ക് മാറ്റുകയുമായിരുന്നു

Section 377 Gay LGBTQ Supreme Court
Section 377 Gay LGBTQ Supreme Court

8.55 am: ഹര്‍ജിക്ക് അനുകൂലമായോ പ്രതികൂലമായോ കേന്ദ്ര സര്‍ക്കാര്‍ നിലപാട് സ്വീകരിക്കാത്തത് ശ്രദ്ധേയമാണ്

8.50 am: പങ്കാളി ആരാണെന്ന് തീരുമാനിക്കുന്നത് അവനവനാണെന്നും മൃഗങ്ങളില്‍ പോലും അങ്ങനെയാണെന്ന് നേരത്തേ കോടതി നിരീക്ഷിച്ചിരുന്നു

8.44 am: ഹര്‍ജിക്കാര്‍ക്ക് അനുകൂലമാകുന്ന പ്രസ്താവനകളാണ് കോടതി ഹര്‍ജി പരിഗണിക്കുമ്പോള്‍ നടത്തിയിരുന്നത്. അത്കൊണ്ട് തന്നെ സ്വവര്‍ഗരതിക്ക് അനുകൂലമായ വിധിയാകുമെന്നാണ് നിഗമനം

8.40 am: 377ാം വകുപ്പ് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഇത് റദ്ദാക്കണമെന്നുമുളള ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി വിധി പ്രസ്താവിക്കുന്നത്

8.25 am: സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ചാണ് ഇന്ന് വിധി പ്രസ്താവിക്കുന്നത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Section 377 verdict supreme court live updates

Best of Express