ന്യൂഡൽഹി: സ്വവർഗ ലൈംഗികത കുറ്റകരമാണോ അല്ലയോ എന്ന വിഷയം വീണ്ടുമൊരിക്കൽ കൂടി ദേശീയ തലത്തിൽ തന്നെ ചൂടേറിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. രണ്ട് പതിറ്റാണ്ട് കാലമായി രാജ്യത്തിന്റെ പൊതുമണ്ഡലത്തിൽ വാദവും പ്രതിവാദവുമായി നിറഞ്ഞ് നിൽക്കുന്നതാണ് ഈ വിഷയം. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് വാദം കേൾക്കുമ്പോൾ രാജ്യം ഉറ്റുനോക്കുന്നത് ഇതുമായി ബന്ധപ്പെട്ട വിധി എന്താകുമെന്നാണ്?

“പ്രകൃതിവിരുദ്ധ കുറ്റകൃത്യം” ആണ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 377 വിശദീകരിക്കുന്നത്. ഇത് പ്രകാരം, “പ്രകൃതിയുടെ സ്വാഭാവിക ക്രമത്തിന് വിരുദ്ധമായി പുരുഷൻ, സ്ത്രീ, മൃഗം എന്നിവയുമായുളള ലൈംഗിക ബന്ധം ജീവപര്യന്തം തടവോ, പിഴയടക്കം പത്ത് വർഷം വരെ തടവോ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.”

നിയമത്തിന് അകത്ത് പറയുന്ന “പ്രകൃതിവിരുദ്ധം” എന്ന കാഴ്ചപ്പാട് ബ്രിട്ടീഷ് നിയമത്തിൽ നിന്ന് അതേപടി പകർത്തപ്പെട്ടതാണെന്നും ഇതിന് ഇന്ത്യൻ സാഹചര്യവുമായി ബന്ധമില്ലെന്നും അതിനാൽ തന്നെ ഇത് ഒഴിവാക്കണമെന്നുമാണ് കഴിഞ്ഞ അരനൂറ്റാണ്ടിലേറെ കാലമായി തുടരുന്ന വാദം.

1861: സെക്ഷൻ 377 നിയമമാകുന്നു

ബഗ്ഗറി ആക്ട് 1533 നെ മാതൃകയാക്കി 1861 ൽ ബ്രിട്ടീഷ് ഇന്ത്യയിലാണ് സ്വവർഗ ലൈംഗികത കുറ്റകൃത്യമാകുന്നത്. 1830 ൽ തോമസ് മക്കാളെ ആണ് ഈ നിയമം രൂപകൽപ്പന ചെയ്തത്. ഇത് നിയമമായത് 1860 ന് ശേഷവും.

2001: സെക്ഷൻ 377 ന് എതിരെ ആദ്യ കേസ് ഡൽഹിയിൽ

ഈ കാലങ്ങളിലെല്ലാം സെക്ഷൻ 377 മായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളിലെല്ലാം സാമൂഹ്യപ്രവർത്തകർ ഈ നിയമത്തെ എതിർത്തിരുന്നു. ഡൽഹി ഹൈക്കോടതിയിൽ ഈ നിയമത്തെ ചോദ്യം ചെയ്ത് ആദ്യ ഹർജി നൽകിയത് നാസ് ഫൗണ്ടേഷനായിരുന്നു. ഉഭയസമ്മത പ്രകാരമുളള സ്വവർഗ ലൈംഗികത അനുവദിക്കണമെന്നാണ് അവർ ആവശ്യപ്പെട്ടത്.

2003: നാസ് ഫൗണ്ടേഷന്റെ വാദം കോടതി തളളി

രണ്ട് വർഷം നീണ്ട വാദത്തിനൊടുവിൽ നാസ് ഫൗണ്ടേഷന്റെ ഹർജി തളളി ഡൽഹി ഹൈക്കോടതി നിലപാടെടുത്തു. ഇതിനെതിരെ 2006 ൽ നാസ് ഫൗണ്ടേഷൻ അപ്പീൽ പോയി. 2006 ൽ കേസ് വീണ്ടും വാദം കേൾക്കാൻ സുപ്രീം കോടതി ഡൽഹി ഹൈക്കോടതിക്ക് നിർദ്ദേശം നൽകി.

2009: സ്വവർഗ ലൈംഗികത കുറ്റകരമല്ലെന്ന് കോടതി

നാസ് ഫൗണ്ടേഷൻ സമർപ്പിച്ച കേസിൽ വീണ്ടും വാദം കേട്ട കോടതി ഉഭയസമ്മതപ്രകാരമുളള സ്വവർഗ ലൈംഗികത കുറ്റകരമല്ലെന്ന് നിലപാടെടുത്തു. ഇത് ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ നാഴികക്കല്ലായി മാറിയ കോടതി വിധിയായി വിലയിരുത്തപ്പെട്ടു.

2012: നിലവിലെ നിയമം മാറ്റാൻ ഹൈക്കോടതിക്ക് എന്തധികാരം?

രാജ്യത്ത് നിലനിൽക്കുന്ന ഭരണഘടനയിൽ മാറ്റം വരുത്താൻ കോടതിക്ക് എന്തധികാരം എന്നായിരുന്നു പിന്നീട് ഉയർന്ന ചോദ്യം. ഇതിനെ ചുറ്റിയുളള വാദം മൂന്ന് വർഷത്തോളം നീണ്ടു. സുപ്രീം കോടതി ജസ്റ്റിസുമാരായ ജി.എസ്.സിങ്‌വി, ജെ.എസ്.മുഖോപാദ്ധ്യായ എന്നിവരാണ് വാദം കേട്ടത്. 150 വർഷത്തിനിടയിൽ വെറും 200 പേർ മാത്രമാണ് ഈ കേസിൽ ശിക്ഷിക്കപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടിയ മുഖോപാദ്ധ്യായ ഈ ചെറുന്യൂനപക്ഷത്തിന് വേണ്ടിയാണോ ഹൈക്കോടതി ഇത്തരമൊരു വിധി പുറപ്പെടുവിച്ചത് എന്നും ചോദിച്ചു. നിയമം മാറ്റിയെഴുതാനുളള അധികാരം പാർലമെന്റിന് മാത്രമായതിനാൽ കേസിൽ അന്തിമ തീരുമാനം എടുക്കാൻ കോടതി പാർലമെന്റിനോട് ആവശ്യപ്പെട്ടു.

2015: സെക്ഷൻ 377 പാർലമെന്റിൽ

സ്വവർഗ ലൈംഗികതയുമായി ബന്ധപ്പെട്ട് പാർലമെന്റിലുയർന്ന ചോദ്യത്തിന് മറുപടി നൽകിയ അന്നത്തെ ആഭ്യന്തര മന്ത്രി കിരൺ റിജ്ജു, സർക്കാർ വിഷയത്തിൽ വ്യക്തമായ തീരുമാനം കൈക്കൊളളുമെന്ന് പറഞ്ഞു. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും വിധി വന്നാലുടൻ തീരുമാനം കൈക്കൊളളുമെന്നും അദ്ദേഹം പാർലമെന്റിൽ പറഞ്ഞു.

ഒരു വർഷത്തിന് ശേഷം ശശി തരൂർ പാർലമെന്റിൽ സ്വവർഗ ലൈംഗികത നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രൈവറ്റ് മെമ്പർ ബിൽ അവതരിപ്പിച്ചപ്പോൾ ലോക്‌സഭ അതിനെതിരായി വോട്ട് ചെയ്തു.

2016: അഞ്ച് പരാതിക്കാർ സുപ്രീം കോടതിയിലേക്ക്

സ്വവർഗ ലൈംഗികത കുറ്റകരമെന്ന നിയമത്തിനെതിരെ വീണ്ടും അഞ്ച് പേർ സുപ്രീം കോടതിയെ സമീപിച്ചു. എസ്.ജോഹർ, മാധ്യമപ്രവർത്തകൻ സുനിൽ മെഹ്റ, റിതു ദാൽമിയ, അമൻ നാത്, ആയിഷ കപൂർ എന്നിവർ പരാതിയുമായി സുപ്രീം കോടതിയിലെത്തി. എൽജിബിടിക്യു സമൂഹത്തിന്റെ ലൈംഗിക സ്വാതന്ത്ര്യത്തിനും ലിംഗ സമത്വത്തിനും അഭിമാനത്തിനും വേണ്ടി ഈ നിയമം പിൻവലിക്കണമെന്ന് സുപ്രീം കോടതിയിൽ അവർ ആവശ്യപ്പെട്ടു.

2018: കേസിൽ സുപ്രീം കോടതി വാദം തുടങ്ങി

അങ്ങിനെ രണ്ട് വർഷത്തിന് ശേഷം 2018 ജൂലൈ 10 ന് സ്വവർഗ ലൈംഗികത വീണ്ടും സുപ്രീം കോടതിയിൽ ചർച്ച വിഷയമായി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ആർ.എഫ്.നരിമാൻ, എ.എം.ഖൻവിൽകർ, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരാണ് കേസിൽ വാദം കേൾക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ