ന്യൂഡൽഹി: സ്വവർഗാനുരാഗം ക്രിമിനൽ കുറ്റമാക്കുന്ന ഇന്ത്യൻ പീനൽ കോഡിലെ 377-ാം വകുപ്പ് സംബന്ധിച്ച് വിധി സുപ്രീംകോടതി പുനഃപരിശോധിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉൾപ്പെട്ട മൂന്നംഗ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. 377-ാം വകുപ്പിന്റെ ഭരണഘടനാപരമായ സാധുതയായിരിക്കും കുടുതൽ അംഗങ്ങളുൾപ്പെട്ട ഭരണഘടനാ ബെഞ്ച്  പരിശോധിക്കുക.

ഒരു വിഭാഗം അവരുടെ തിരഞ്ഞെടുപ്പുകൾ ഒരിക്കലും ഭയത്തിൽ തുടരാൻ പാടില്ല. തിരഞ്ഞെടുപ്പുകൾ നിയമത്തിന്രെ അതിരുകൾ കടക്കാൻ പാടില്ല. പക്ഷേ, വ്യക്തികളുടെ സ്വാഭാവികമായുളള തിരഞ്ഞെടുക്കലുകൾ നിയമപ്രകാരം തടഞ്ഞ് നിർത്താനോ ചവിട്ടിതേയ്ക്കാനോ ഭരണഘടനയുടെ 21-ാം വകുപ്പ് പ്രകാരം പാടില്ല.

ഈ വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കാൻ കോടതി നോട്ടീസ് അയച്ചു. എൽജിബിടി കമ്മ്യൂണിറ്റിയിൽപ്പെട്ട അഞ്ച് പേർ നൽകിയ ഹർജിയിലാണ് നോട്ടീസ്. തങ്ങളുടെ ലൈംഗിക താൽപര്യത്തിന്രെ പേരിൽ നിരന്തരമുളള പൊലീസ് നടപടിയെ ഭയന്നാണ് ജീവിക്കുന്നതെന്ന് പറഞ്ഞാണ് അവർ കോടതിയെ സമീപിച്ചത്.

സ്വവർഗാനുരാഗം ക്രിമനിൽ കുറ്റമല്ലെന്ന് 2009ൽ ഡൽഹി ഹൈക്കോടതി വിധിച്ചിരുന്നു. എന്നാൽ 2013 ൽ ഹൈക്കോടതി വിധി അസാധുവാക്കി ജസ്റ്റിസ് ജി.എസ്.സിങ്‌വിയും എസ്.ജെ.മുഖോപാധ്യയുടെയും ബെഞ്ചിന്രെ വിധി വന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ലൈംഗിക അനുഭാവം സ്വകാര്യതയുടെ സാരവത്തായ ഘടകമാണെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. സ്വകാര്യതയും ലൈംഗിക താൽപര്യവും സംരക്ഷിക്കാനുളള അവകാശം ഭരണഘടനയുടെ 14,15, 21 എന്നീ വകുപ്പുകൾ പ്രകാരം മൗലികാവകാശം ആണെന്നും അതിൽ പറയുന്നു.

സെക്ഷൻ 377 സംബന്ധിച്ച വിധിയിൽ തിരുത്തൽ ആവശ്യപ്പെട്ടുകൊണ്ടുളള തിരുത്തൽ ഹർജി (ക്യുറേറ്റീവ് പെറ്റീഷൻ) നിലവിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്രെ പരിഗണനയിലാണ്. 2014ലാണ് ഈ ആവശ്യം ഉന്നയിച്ച് നാസ് ഫൗണ്ടേഷൻ ഉൾപ്പടെയുളളവർ കോടതിയെ സമീപിച്ചത്.

കൊളോണിയൽ കാലഘട്ടത്തിലാണ് “പ്രകൃതിവിരുദ്ധം” എന്നാരോപിച്ച് വൈവിധ്യമാർന്ന ലൈംഗിക അനുഭാവത്തെ കുറ്റകരമാക്കിയ ഐപിസി 377.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ