ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ മുഖ്യകേന്ദ്രമായ ഷഹീൻബാഗിൽ നിരോധനാജ്ഞ. ഷഹീൻബാഗിൽ സെക്ഷൻ 144 നിലവിൽ വന്നതായി ഡൽഹി പൊലീസ് അറിയിച്ചു. വടക്കു കിഴക്കൻ ഡൽഹിയിലെ കലാപ അന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇവിടെ കനത്ത പൊലീസ് കാവലും സജ്ജമാക്കിയിട്ടുണ്ട്.
രണ്ട് മാസത്തോളമായി ഷഹീൻബാഗിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ നടക്കുന്നുണ്ട്. സ്ത്രീകളടക്കം നിരവധി പേരാണ് രാത്രിയും ഇവിടെ പ്രതിഷേധിച്ചിരുന്നത്. റോഡുകൾ തടസപ്പെടുത്തി സമരം ചെയ്യുന്നവരെ ഒഴിപ്പിക്കാൻ പൊലീസിനു സാധിക്കുന്നില്ലെന്ന് ആരോപിച്ച് ഹിന്ദുസേന രംഗത്തെത്തിയിരുന്നു. ഷഹീൻബാഗിലേക്ക് പ്രതിഷേധ മാർച്ച് നടത്താനും ഇവർ തീരുമാനിച്ചിരുന്നു. എന്നാൽ, പിന്നീട് പ്രതിഷേധ മാർച്ച് ഉപേക്ഷിക്കുകയായിരുന്നു.
Read Also: ഒരു കൈ നോക്കിയാലോയെന്ന് ഷീല; ആ അഭിനയം നിനക്ക് വഴങ്ങില്ലെന്നു ശാരദ
വടക്കു കിഴക്കൻ ഡൽഹിയിലെ കലാപ അന്തരീക്ഷം ശാന്തമായി വരികയാണ്. ഇതുവരെ 42 പേരാണ് കലാപത്തിനിടെ കൊല്ലപ്പെട്ടത്. കലാപ കേസുകളിൽ 123 എഫ്ഐആറുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിവിധ കേസുകളിലായി 630 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഘർഷത്തെ തുടർന്ന് വടക്കു കിഴക്കൻ ഡൽഹിയിലെ വിദ്യാലയങ്ങൾ അടഞ്ഞുകിടക്കുകയാണ്. മാർച്ച് ഏഴ് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. സംഘർഷങ്ങൾ കണക്കിലെടുത്താണ് വിദ്യാലയങ്ങൾക്ക് അവധി. സംഘർഷ മേഖലകളിലെ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.