വിദ്യാര്‍ഥികള്‍ക്കു നേരെ വീണ്ടും ലാത്തിച്ചാര്‍ജ്; പൊലീസ് ക്രൂരതയ്‌ക്കെതിരെ നാളെ അധ്യാപകരുടെ പ്രതിഷേധം

ക്യാംപസിലെ ലൈറ്റുകള്‍ ഓഫാക്കിയ ശേഷം പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു

ന്യൂഡല്‍ഹി: വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചതിനെതിരെ ജെഎന്‍യു അധ്യാപക സംഘടന. നാളെ വൈകിട്ട് നാല് മണിയ്ക്ക് പൊലീസ് ക്രൂരതയ്‌ക്കെതിരെ പ്രതിഷേധ പ്രകടനം നടത്തുമെന്ന് ജെഎന്‍യു ടീച്ചേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. പ്രതിഷേധത്തിന്റെ വേദി നാളെയായിരിക്കും അറിയിക്കുക.

നേരത്തെ, രാത്രിയിലും പ്രതിഷേധം തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കു നേരെ പൊലീസ് ലാത്തി വീശി. വിദ്യാര്‍ഥി യൂണിയന്‍ ഭാരവാഹികളെ എച്ച്ആര്‍ഡി സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് കൊണ്ടു പോകുന്നതിനിടെയായിരുന്നു ലാത്തി ചാര്‍ജ്.

ക്യാംപസിലെ ലൈറ്റുകള്‍ ഓഫാക്കിയ ശേഷം പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളേയും മര്‍ദ്ദിച്ചതായാണ് പ്രതിഷേധക്കാര്‍ പറയുന്നത്. പകല്‍ കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥി നേതാക്കളെ പൊലീസ് വിട്ടയച്ചിരുന്നു.

ഹോസ്റ്റല്‍ ഫീസ് വര്‍ധനയ്‌ക്കെതിരേ പാര്‍ലമെന്റിലേക്കു മാര്‍ച്ച് നടത്തിയ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ക്കു നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. സഫ്ദര്‍ ജങ് കുടീരത്തിനു സമീപത്തുണ്ടായ ലാത്തിച്ചാര്‍ജില്‍ നിരവധി വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റു.

പ്രതിഷേധ സമരം സംഘര്‍ഷാവസ്ഥയിലേക്ക് മാറിയതോടെ ഡല്‍ഹി മെട്രെയിലെ നാല് ഗേറ്റുകള്‍ അടച്ചിരുന്നു. പിന്നീട് തുറന്നു. ഉദ്യോഗ് ഭവന്‍, പട്ടേല്‍ ചൗക്ക്, ലോക് കല്യാണ്‍, സെൻട്രല്‍ സെക്രട്ടേറിയറ്റ് എന്നിവിടങ്ങളിലെ മെട്രോ സ്‌റ്റേഷനുകളാണ് താല്‍ക്കാലികമായി അടച്ചിരുന്നത്. ഡല്‍ഹി മെട്രോ ട്വിറ്ററിലൂടെയാണ് വിവരം അറിയിച്ചത്.

മാര്‍ച്ചിനു നേതൃത്വം ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷ് ഘോഷ്, സെക്രട്ടറി സതീഷ് യാദവ്, മുന്‍ പ്രസിഡന്റ് എന്‍. സായ് ബാലാജി തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിദ്യാര്‍ഥികളെ പൊലീസും സിആര്‍പിഎഫും ചേര്‍ന്ന് മൃഗീയമായി മര്‍ദിച്ചതായി ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസ്താവനയില്‍ ആരോപിച്ചു.

”സമാധാനപരമായ മാര്‍ച്ച് തടസപ്പെടുത്താന്‍ പൊലീസ് ക്രൂരമായ മര്‍ദനമഴിച്ചുവിട്ടു. നിരവധി വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റു. യൂണിയന്‍ ഭാരവാഹികള്‍ ഉള്‍പ്പെടെ നിരവധി വിദ്യാര്‍ഥികള്‍ കസ്റ്റഡിയിലാണ്,”വിദ്യാര്‍ഥി യൂണിയന്‍ പ്രസ്താവനയില്‍ പറഞ്ഞു.

അതിനിടെ, വിദ്യാര്‍ഥികളുമായി മധ്യസ്ഥചര്‍ച്ചയ്ക്കു ശ്രമിക്കുകയാണെന്നു ഡെപ്യൂട്ടി കമ്മിഷണര്‍ മന്‍ദീപ് സിങ് രണ്‍ധാവ പറഞ്ഞു. ”പൊതുജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാല്‍ നിയമം കയ്യിലെടുക്കരുതെന്നും റോഡുകള്‍ ഉപരോധിക്കരുതെന്നും വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ഥികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയാണ്. പ്രശ്‌നത്തിന് ഉടന്‍ പരിഹാര കാണാനാവുമെന്നാണു പ്രതീക്ഷ,” അദ്ദേഹം പറഞ്ഞു.

രണ്ടാംഘട്ട ബാരിക്കേഡ് മറികടന്ന് മുന്നോട്ടുനീങ്ങിയ വിദ്യാര്‍ഥികളെ നേരത്തെ പൊലീസ് തടഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് മുൻ  നിശ്ചയിച്ച റൂട്ടില്‍നിന്നു മാറി മറ്റൊരു പാതയിലൂടെ വിദ്യാര്‍ഥികള്‍ മാര്‍ച്ച് തുടരുകയായിരുന്നു.

JNU, ജെഎൻയു, SFI, എസ്എഫ്ഐ, JNU Curfew, ജെഎൻയു നിരോധനാജ്ഞ, IE Malayalam, ഐഇ മലയാളം

പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണു ജെഎന്‍യു വിദ്യാര്‍ഥികള്‍ പാര്‍ലമെന്റിലേക്കു മാര്‍ച്ച് നടത്തുന്നത്. വിദ്യാര്‍ഥികള്‍ മാര്‍ച്ച് നടത്തുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റ് പരിസരത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

മാര്‍ച്ച്, തുടക്കത്തിൽ തന്നെ പൊലീസ് തടഞ്ഞിരുന്നെങ്കിലും ഫലമുണ്ടായില്ല. സര്‍വകലാശാലാ പ്രധാന കവാടത്തിനു സമീപം പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറിച്ചിട്ട് വിദ്യാര്‍ഥികള്‍ മുന്നോട്ടു നീങ്ങി. ഇതോടെ സംഘര്‍ഷമുണ്ടായി.

Read Also: ജെഎൻയു സമരം ശക്തമാകുന്നു; ക്യാമ്പസ് അടച്ചിട്ട് പ്രതിഷേധിക്കാൻ വിദ്യാർഥികൾ

ഫീസ് വര്‍ധനയ്‌ക്കെതിരേ ജെഎന്‍യു വിദ്യാര്‍ഥികള്‍ മൂന്നാഴ്ച മുന്‍പാണു സമരം തുടങ്ങിയത്. പാര്‍ലമെന്റ് മാര്‍ച്ച് നേരിടാന്‍ ബാബ ഗംഗാനാഥ് മാര്‍ഗില്‍ കേന്ദ്രീയ വിദ്യാലയത്തിനടുത്ത് ബാരിക്കേഡ് സ്ഥാപിച്ച പൊലീസ് ജലപീരങ്കികളും ഒരുക്കിനിര്‍ത്തിയിരുന്നു.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നടക്കുന്നതിനാല്‍ ഡല്‍ഹിയില്‍ വലിയ പൊലീസ് സന്നാഹമുണ്ട്. പാര്‍ലമെന്റ് ഗേറ്റിനു മുന്നില്‍ പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്. ഇന്നാരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 13 വരെ നീളും.

JNU, ജെഎൻയു, SFI, എസ്എഫ്ഐ, JNU Curfew, ജെഎൻയു നിരോധനാജ്ഞ, IE Malayalam, ഐഇ മലയാളം

സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം പാലിക്കണമെന്നു ജെഎന്‍യു റജിസ്ട്രാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. നിരാഹാര സമരം, ധര്‍ണ തുടങ്ങിയ ജനാധിപത്യ സമരങ്ങള്‍ സര്‍വകലാശാലാ ഭരണ ബ്ലോക്കിനു 100 മീറ്റര്‍ അകലെ മാത്രമേ നടത്താവൂയെന്നാണു ഹൈക്കോടതി ഉത്തരവ്.

അതിനിടെ, ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കു പിന്തുണയുമായി സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി രംഗത്തെത്തി. ജെഎന്‍യു പൊലീസ് ഉപരോധത്തിനു കീഴിലാണ്. അടിയന്തരാവസ്ഥയില്‍ പോലും ഇത്തരത്തില്‍ വിപുലമായി സേനയെ വിന്യസിച്ചതു കണ്ടിട്ടില്ല. ഫീസ് വര്‍ധനയ്‌ക്കെതിരായ പാര്‍ലമെന്റിലേക്കുള്ള വിദ്യാര്‍ഥികളുടെ സമാധാനപരമായ മാര്‍ച്ചിനെ പൊലീസ് ബലം പ്രയോഗിച്ച് തടയുകയാണ്. സമരം ചെയ്യാനുള്ള അടിസ്ഥാന ജനാധിപത്യ അവകാശം നിഷേധിക്കുന്നതിനെ ശക്തമായി അപലപിക്കുന്നു,” യെച്ചൂരി പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Section 144 imposed in jnu campus protest continues

Next Story
കാലാപാനിയില്‍നിന്ന് ഇന്ത്യ സൈന്യത്തെ പിന്‍വലിക്കണമെന്ന് നേപ്പാള്‍; പ്രതിഷേധംKalapani, കാലാപാനി, Nepal, നേപ്പാള്‍, India's new map, ഇന്ത്യയുടെ പുതിയ ഭൂപടം, Map controversy,  ഭൂപട വിവാദം, India- Nepal fight over new map, ഭൂപടത്തെച്ചൊല്ലി ഇന്ത്യ-നേപ്പാൾ തർക്കം, Nepal PM K P Oli, നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ഒലി, India-Nepal border, ഇന്ത്യ-നേപ്പാൾ അതിര്‍ത്തി, Indian-Nepal-Tibet border, ഇന്ത്യ-നേപ്പാൾ-ടിബറ്റ് അതിര്‍ത്തി, India, ഇന്ത്യ, Nepal communist party, നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express