ന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച വിവാദമായ കൊളോണിയൽ കാലഘട്ടത്തിലെ ശിക്ഷാ നിയമപ്രകാരം രാജ്യത്ത് 326 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടതായി കണക്കുകൾ. അതിൽ ആറ് പേരാണ് ശിക്ഷിക്കപ്പെട്ടതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ഇന്ത്യൻ ശിക്ഷാ നിമയമത്തിലെ124 (എ) വകുപ്പ് ആഥവാ രാജ്യദ്രോഹക്കുറ്റം വളരെയധികം ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് സുപ്രീം കോടതി കഴിഞ്ഞ ആഴ്ച നിരീക്ഷിച്ചിരുന്നു. സ്വാതന്ത്ര്യ സമര കാലത്ത് മഹാത്മാഗാന്ധിയെപ്പോലുള്ളവരെ അടിച്ചമർത്താൻ ബ്രിട്ടീഷുകാർ ഉപയോഗിച്ചിരുന്ന വ്യവസ്ഥ റദ്ദാക്കാത്തത് എന്തുകൊണ്ടാണെന്ന് കേന്ദ്രത്തോട് കോടതി ചോദിച്ചിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ 2014 നും 2019 നും ഇടയിൽ രാജ്യദ്രോഹ നിയമപ്രകാരം 326 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടതായി വ്യക്തമാക്കുന്നു. ഈ കേസുകളിൽ 141 കേസുകളിൽ കുറ്റപത്രങ്ങൾ ഫയൽ ചെയ്തപ്പോൾ ആറ് വർഷത്തിനിടെ ആറ് പേർ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. അസമിലാണ് ഏറ്റവും കൂടുതൽ രാജ്യദ്രോഹക്കേസുകൾ രജസിട്രർ ചെയ്തതെന്നും കണക്കുകൾ പറയുന്നു. 54 കേസുകളാണ് സംസ്ഥാനത്ത് ഈ കാലയളവിൽ രേഖപ്പെടുത്തിയത്.
2020 ലെ വിവരങ്ങൾ ആഭ്യന്തര മന്ത്രാലയം ഇതുവരെ തയ്യാറാക്കിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
ആസാമിൽ രജിസ്റ്റർ ചെയ്ത 54 രാജ്യദ്രോഹ കേസുകളിൽ 26 കേസുകളിൽ കുറ്റപത്രവും 25 കേസുകളിൽ വിചാരണയും പൂർത്തിയായി. എന്നാൽ 2014 നും 2019 നും ഇടയിലുള്ള ഈ കേസുകളിലൊന്നും ഒരാളും ശിക്ഷിക്കപ്പെട്ടിട്ടില്ല.
ആറ് വർഷത്തിനിടെ ഝാർഖണ്ഡിൽ ഐപിസി 124 (എ) വകുപ്പ് പ്രകാരം 40 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 29 കേസുകളിൽ കുറ്റപത്രങ്ങൾ സമർപ്പിക്കുകയും 16 കേസുകളിൽ വിചാരണ പൂർത്തിയാക്കുകയും ചെയ്തു.
ഹരിയാനയിൽ രാജ്യദ്രോഹ നിയമപ്രകാരം 31 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ 19 കേസുകളിൽ കുറ്റപത്രം സമർപ്പിക്കുകയും ആറ് കേസുകളിൽ വിചാരണ പൂർത്തിയാക്കുകയും ചെയ്തു.
കേരളത്തിലും ബീഹാർ, ജമ്മു കശ്മീർ എന്നിവിടങ്ങളിലും 25 വീതം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബീഹാറിലും കേരളത്തിലും ഒരു കേസിലും കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ജമ്മു കശ്മീർ മൂന്ന് കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു. എന്നാൽ ഈ മൂന്ന് സംസ്ഥാനങ്ങളിലും ഈ കേസുകളിലൊന്നും ഒരാളും ശിക്ഷിക്കപ്പെട്ടിട്ടില്ല.
കർണാടകയിൽ 22 രാജ്യദ്രോഹ കേസുകൾ ഫയൽ ചെയ്യപ്പെട്ടപ്പോൾ 17 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു. ഒരു കേസിൽ വിചാരണ പൂർത്തിയാക്കാൻ കഴിഞ്ഞു. എന്നിരുന്നാലും, ഈ കാലയളവിൽ ആരും ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല.
2014 നും 2019 നും ഇടയിൽ ഉത്തർപ്രദേശിൽ 17 രാജ്യദ്രോഹ കേസുകളും പശ്ചിമ ബംഗാളിൽ എട്ട് കേസുകളും ചുമത്തിയിട്ടുണ്ട്. യുപിയിൽ എട്ട് കേസുകളിലും പശ്ചിമ ബംഗാളിൽ അഞ്ച് കേസുകളിലും കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെങ്കിലും രണ്ട് സംസ്ഥാനങ്ങളിലും ആരെയും ശിക്ഷിച്ചിട്ടില്ല.
ഡൽഹിയിൽ 2014 നും 2019 നും ഇടയിൽ നാല് രാജ്യദ്രോഹ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഒരു കേസിലും കുറ്റപത്രം സമർപ്പിച്ചിട്ടില്ല.
മേഘാലയ, മിസോറം, ത്രിപുര, സിക്കിം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളായ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്, പുതുച്ചേരി, ചണ്ഡിഗഢ്, ദാമൻ ഡിയു, ദാദ്ര നഗർ ഹവേലി എന്നിവിടങ്ങളിലും ആർക്കെതിരെയും ഈ കാലയളവിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടില്ല.
മഹാരാഷ്ട്ര (2015 ൽ), പഞ്ചാബ് (2015), ഉത്തരാഖണ്ഡ് (2017) എന്നിവിടങ്ങളിൽ ഓരോ രാജ്യദ്രോഹ കേസും ഈ കാലയളവിൽ ഫയൽ ചെയ്തു.
ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2019ലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ രാജ്യദ്രോഹ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടത്. 93 കേസുകൾ ആ വർഷം രജിസ്ട്രർ ചെയ്തു.
2018 ൽ 70 ഉം 2017 ൽ 51 ഉം 2014 ൽ 47 ഉം 2016 ൽ 35 ഉം 2015 ൽ 30 ഉം കേസുകൾ റിപ്പോർട്ട് ചെയ്തു. 2019ൽ 40 കുറ്റപത്രങ്ങൾ ഫയൽ ചെയ്തു. 2018 ൽ 38, 2017 ൽ 27, 2016 ൽ 16, 2014ൽ 14, 2015 ൽ ആറ് എന്നിങ്ങനെയും കുറ്റപത്രങ്ങൾ ഫയൽ ചെയ്തു.
ശിക്ഷിക്കപ്പെട്ട ആറ് പേരിൽ രണ്ട് പേർക്കെതിരെ 2018 ലാണ് ശിക്ഷാവിധിയുണ്ടായത്. 2019, 2017, 2016, 2014 വർഷങ്ങളിൽ ഓരോരുത്തർക്കും ശിക്ഷ വിധിച്ചു. 2015 ൽ ആരും ശിക്ഷിക്കപ്പെട്ടിട്ടില്ല.
ഐപിസിയിലെ 124 എ വകുപ്പിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയും മുൻ മേജർ ജനറലും സമർപ്പിച്ച ഹരജി പരിശോധിക്കാൻ ജൂലൈ 15ന് ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് സമ്മതിച്ചിരുന്നു.
കേസുകളുടെ എണ്ണം കൂടുന്നതിലേക്ക് നയിച്ച “നിയമ ദുർവിനിയോഗമാണ്” ഇതിന്റെ പ്രധാന ആശങ്കയെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു.