/indian-express-malayalam/media/media_files/uploads/2021/06/Pune-4.jpg)
പൂനെ: ഏപ്രില്‍ നാലാം തീയതിയാണ് ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീട് രോഗ വ്യാപനം തീവ്രമാവുകയും മേയ് ആറാം തീയതി രാജ്യത്ത് 4.14 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 1.76 ലക്ഷം പേരുടെ ജീവന്‍ കവര്‍ന്നതിന് ശേഷം മഹാമാരി ശമിച്ചു തുടങ്ങിയതായാണ് വിദഗ്ധരുടെ അഭിപ്രായം.
കോവിഡ് മൂര്‍ധന്യാവസ്ഥയില്‍ എത്തിയതിന്റെ പകുതി കേസുകള്‍ മാത്രമാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് ശമനം കണ്ടു തുടങ്ങി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കാര്യമായ കുറവാണ് രാജ്യത്തുണ്ടായത്.
ഇതിനെല്ലാം പുറമെ ഏറ്റവും ആശ്വാസകരമാകുന്നത് മരണസംഖ്യയിലെ ഇടിവാണ്. പല സംസ്ഥാനങ്ങളിലും സ്മശാനങ്ങളില്‍ പോലും മൃതദേഹങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. പത്ത് ദിവസത്തോളം പ്രതിദിന മരണനിരക്ക് നാലായിരത്തിന് മുകളില്‍ ആയിരുന്നു. നിലവില്‍ മൂവായിരത്തിന് താഴെയാണ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്.
രണ്ടാം തരംഗത്തിന്റെ തീവ്രതയില്‍ നിന്ന് രാജ്യം മുക്തമായിരിക്കുന്നു. 1.22 ലക്ഷം രോഗബാധിതരാണ് ബുധനാഴ്ച ഉണ്ടായത്. ആദ്യ തരംഗത്തിനേക്കാള്‍ കൂടുതലാണിത്. അസം ഒഴികെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ ഇപ്പോഴും കേസുകള്‍ വര്‍ധിക്കുന്നുണ്ട്. രണ്ടാം തരംഗം പൂര്‍ണമായി അവസാനിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
"ഈ മാസം അവസാനത്തോടെ, പ്രതിദിന കേസുകളുടെ എണ്ണം ഇരുപതിനായിരത്തോട് അടുത്തായിരിക്കും. രണ്ടാമത്തെ തരംഗം ആരംഭിക്കുന്നതിന് മുമ്പ് ജനുവരി അവസാനം ഉണ്ടായിരുന്ന അതേ സാഹചര്യം," കോവിഡിന്റെ ഗതി പ്രവചിക്കാൻ കമ്പ്യൂട്ടർ സ്റ്റിമുലേഷൻ നടത്തുന്ന ഐഐടി കാൺപൂരിലെ പ്രൊഫ. മനീന്ദ്ര അഗർവാൾ പറഞ്ഞു.
Also Read: കോവിഡില്‍ നിന്നും കുട്ടികളെ സംരക്ഷിക്കാന്‍ സര്‍ജ് പ്ലാനുമായി ആരോഗ്യ വകുപ്പ്
"സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ സഹായിച്ചുവെന്നതില്‍ സംശയമില്ല. ലോക്ക്ഡൗണില്ലാതെ തന്നെ തീവ്രത കുറഞ്ഞേനെ. 4.14 ലക്ഷം കേസുകള്‍ എന്നതില്‍ വര്‍ധനവ് ഉണ്ടായേനെയെന്ന് മാത്രം. അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ലെങ്കിൽ ഈ മാസം അവസാനത്തോടെ രണ്ടാം തരംഗം ഇല്ലാതെയാകും," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"ഐസിഎംആര്‍ പുറത്തിറക്കിയ സര്‍വേ പ്രകാരം ശാസ്ത്രീയ മാര്‍ഗത്തിലൂടെ കേസുകള്‍ സ്ഥിരീകരിക്കുമ്പോള്‍ 25 ഓളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നുണ്ട്. രാജ്യത്തെ രോഗബാധിതരുടെ എണ്ണം സ്ഥിരീകരിച്ച കേസുകളുടെ 25 മടങ്ങാണ്. ഈ അനുപാതത്തില്‍ വലിയ മാറ്റം രണ്ട് തരംഗത്തിലും സംഭവിച്ചിട്ടില്ല," പ്രൊഫ. മനീന്ദ്ര വ്യക്തമാക്കി.
നിലവില്‍ ഇന്ത്യയില്‍ ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് 2.8 കോടി പേരാണ് രോഗബാധിതരായിട്ടുള്ളത്. കണക്കുകള്‍ പ്രകാരമാണെങ്കില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ 70 കോടി ആളുകള്‍ക്ക് രോഗം ബാധിച്ചിരിക്കാം. കോവിഡ് വ്യാപനത്തിന്റെ തീവ്രത എത്രത്തോളമായിരുന്നെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
മറ്റൊരു പ്രധാനപ്പെട്ട ഘടകം വാക്സിനേഷനാണ്. 22 കോടി പേരാണ് ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചിട്ടുള്ളത്. രാജ്യത്തെ 50 കോടി ജനങ്ങള്‍ക്കെങ്കിലും വാക്സിന്‍ മൂലമോ അല്ലാതെയോ വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടാകാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.