/indian-express-malayalam/media/media_files/2026/02/04/russia-ukraine-2026-02-04-18-55-24.jpg)
(Photo: UAE Presidential Court)
അബുദാബി: റഷ്യ-യുക്രൈയ്ൻ യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രണ്ടാം ഘട്ട ത്രികക്ഷി ചർച്ചകൾക്ക് അബുദാബിയിൽ തുടക്കം. റഷ്യയുടെയും യുക്രെയ്ന്റെയും പ്രതിനിധികൾക്കൊപ്പം അമേരിക്കൻ ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. ഏകദേശം നാല് വർഷമായി തുടരുന്ന യുദ്ധത്തിന് രാഷ്ട്രീയ പരിഹാരം കാണാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഉന്നതതല യോഗം.
യുക്രൈയ്ൻ നാഷണൽ സെക്യൂരിറ്റി ആൻഡ് ഡിഫൻസ് കൗൺസിൽ മേധാവി റുസ്തം ഉമറോവ് ആണ് ചർച്ചകൾ ആരംഭിച്ച വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. രണ്ട് ദിവസമായി നടക്കുന്ന ചർച്ചയിൽ റഷ്യ, യുക്രൈയ്ൻ പ്രതിനിധികൾക്കൊപ്പം അമേരിക്കൻ പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫ്, ജാരെദ് കുഷ്നർ എന്നിവരും പങ്കെടുക്കുന്നുണ്ട്.
Also Read: യുക്രെയ്ൻ യുദ്ധം; റഷ്യയുടെ നിർണായക നീക്കം, സമാധാന ചർച്ചകൾക്കായി സെലെൻസ്‌കിയെ ക്ഷണിച്ചു
ജനുവരി 23, 24 തീയതികളിൽ അബുദാബിയിൽ വെച്ച് തന്നെയായിരുന്നു ആദ്യഘട്ട ചർച്ചകൾ നടന്നത്. 2022-ൽ റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷം മൂന്ന് രാജ്യങ്ങളും നേരിട്ട് പങ്കെടുക്കുന്ന ആദ്യത്തെ ഔദ്യോഗിക കൂടിക്കാഴ്ചയായിരുന്നു അത്. ആദ്യ ചർച്ചകൾ ക്രിയാത്മകമായിരുന്നു എന്ന് ഇരുപക്ഷവും വിലയിരുത്തിയെങ്കിലും യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിർണായക തീരുമാനങ്ങൾ ഉണ്ടായിരുന്നില്ല.
സമാധാന ചർച്ചകൾ പുനരാരംഭിച്ചിട്ടുണ്ടെങ്കിലും യുക്രെയ്നിലെ ഊർജ്ജ നിലയങ്ങൾ ലക്ഷ്യമിട്ടുള്ള റഷ്യൻ ആക്രമണങ്ങൾ തുടരുന്നത് ചർച്ചകൾക്ക് മേൽ നിഴൽ വീഴ്ത്തുന്നുണ്ട്. ഊർജ്ജ നിലയങ്ങൾ ആക്രമിക്കില്ലെന്ന വാഗ്ദാനം റഷ്യ ലംഘിച്ചതായി യുക്രൈയ്ൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്‌കി ആരോപിച്ചു. അതേസമയം, സമാധാനപരമായ ഒത്തുതീർപ്പിന് വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും എന്നാൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സൈനിക നടപടി തുടരുമെന്നുമാണ് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചത്.
Also Read: മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ച് കേന്ദ്രം
ഡൊനെറ്റ്‌സ്ക്, ലുഹാൻസ്ക് മേഖലകളിൽ നിന്ന് യുക്രൈയ്ൻ പിന്മാറണമെന്നും സപ്പോറീഷ്യ ആണവനിലയത്തിന്റെ നിയന്ത്രണം വിട്ടുനൽകണമെന്നുമാണ് റഷ്യയുടെ പ്രധാന ആവശ്യം. എന്നാൽ നിലവിലെ അതിർത്തി നിലനിർത്തിക്കൊണ്ട് യുദ്ധം അവസാനിപ്പിക്കണമെന്ന നിലപാടിലാണ് യുക്രൈയ്ൻ.
Read More: ജമ്മുവിൽ 20 മണിക്കൂർ നീണ്ട ഏറ്റുമുട്ടൽ: ജെയ്‌ഷെ കമാൻഡർ ഉൾപ്പെടെ രണ്ട് പാക് ഭീകരരെ വധിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us