മുംബൈ: വ്യാപാര ക്രമക്കേട്​ സംബന്ധിച്ച സെബിയുടെ അന്വേഷണത്തിൽ കുടുങ്ങി ഗുജറാത്ത്​ മുഖ്യമന്ത്രി വിജയ്​ രുപാനി. രുപാനി അംഗമായ ഹിന്ദു അൺഡിവൈഡഡ്​ ഫാമിലി ക്ര​മക്കേട്​ നടത്തിയെന്നാണ്​ സെബിയുടെ കണ്ടെത്തൽ. രുപാനിയുടെ കുടംബത്തോട്​ 15 ലക്ഷം രൂപ പിഴയടക്കാനും നിർദേശിച്ചിട്ടുണ്ട്​. ഓഹരി വിപണിയിൽ ലിസ്​റ്റ്​ ചെയ്​തിട്ടുള്ള സ്ഥാപനമായ സാരംഗ്​ കെമിക്കലുമായി ബന്ധപ്പെട്ട് നടത്തിയ​ വ്യാപാരത്തിൽ രൂപാനി ക്രമക്കേട്​ നടത്തിയെന്നാണ്​ സെബിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്​.

വിജയ് രുപാനി ഗുജറാത്ത് മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നതിന് അഞ്ചുവര്‍ഷം മുമ്പ് 2011 ജനുവരിക്കും ജൂണിനുമിടയിലാണ് മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായ ഓഹരി ക്രയവിക്രയം നടന്നത്. ഹിന്ദു അവിഭക്ത കുടുംബം എന്ന നിലയിലാണ് രുപാനി ഓഹരി ഇടപാടു നടത്തിയിരുന്നത്. രൂപാനി കുടുംബത്തിന് 15 ലക്ഷം രൂപ പിഴ ചുമത്തിയതിന് പുറമെ സെബി മറ്റു മൂന്നു വ്യക്തികള്‍ക്ക് 70 ലക്ഷം രൂപ വീതം പിഴ വിധിച്ചിട്ടുണ്ട്. കുറ്റക്കാരായ 22 പേരും പരസ്​പരം ബന്ധപ്പെട്ടാണ് പ്രവര്‍ത്തിച്ചതെന്ന് സെബിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

സാരംഗ് കെമിക്കല്‍സിന്റെ ഓഹരികള്‍ അതുമായി ബന്ധമുള്ള ഇടപാടുകാര്‍തന്നെ പരസ്​പരം വാങ്ങിക്കൂട്ടുകയും അതുവഴി ഈ ഓഹരിക്ക് പ്രിയമുണ്ടെന്നു വരുത്തുകയുമായിരുന്നു. ഓഹരിവില കൃത്രിമമായി പെരുപ്പിച്ചു കാണിച്ച ശേഷം ഇവരുടെ കൈവശമുള്ള ഓഹരികള്‍ പുറത്തുള്ളവര്‍ക്ക് വിറ്റൊഴിച്ച് ലാഭമുണ്ടാക്കി. രണ്ട് ദല്ലാളന്‍മാരിലൂടെ 20 പേര്‍ ചേര്‍ന്ന് 33 ശതമാനം വിപണി മൂല്യമുള്ള ഓഹരികളാണ് വാങ്ങിയത്. പിന്നീട് 86 ശതമാനം വിപണിമൂല്യമുള്ള ഓഹരികള്‍ അവര്‍ വിറ്റു. രുപാനിയുടെ കുടുംബം ഇത്തരത്തില്‍ 87,311 ഓഹരികളാണ് വിറ്റത്. മൊത്തം വിറ്റ ഓഹരികളുടെ 0.1 ശതമാനം വരും.

ഗുജറാത്തിൽ തെരഞ്ഞെുടപ്പ്​ നടക്കാനിരിക്കെ മുഖ്യമന്ത്രിക്കെതിരായ ആരോപണം രാഷ്​ട്രീയ വിഷയമായി ഉയർന്നുവരാൻ സാധ്യതയുണ്ട്​. വരുംദിവസങ്ങളിൽ പ്രതിപക്ഷം മുഖ്യപ്രചാരണ ആയുധമാക്കുക രുപാനിക്കെതിരായ ആരോപണങ്ങളായിരിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook