ന്യൂഡല്‍ഹി: അദാനിക്കെതിരായ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം നീട്ടി നല്‍കണമെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). അദാനി-ഹിന്‍ഡന്‍ബര്‍ഗ് വിവാദത്തില്‍ അന്വേഷണം നടത്തുന്നതിനുള്ള സമയപരിധി ആറ് മാസം കൂടി നീട്ടി നല്‍കണമെന്നാണ് സെബി സുപ്രീംകോടതിയോട് ആവശ്യപ്പെട്ടത്. ലിസ്റ്റ് ചെയ്തതും അല്ലാത്തതും വിദേശ സ്ഥാപനങ്ങളുടേത് ഉള്‍പ്പെടുന്ന സങ്കീര്‍ണ്ണമായ ഇടപാടുകളില്‍ ആഴത്തിലുള്ള അന്വേഷണങ്ങള്‍ ആവശ്യമാണെന്നും ചൂണ്ടികാട്ടി സെബി സുപ്രീം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു.
റോയിട്ടേഴ്‌സാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. അതേസമയം ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ സെബിയും അദാനി ഗ്രൂപ്പും തയാറായില്ല. യുഎസ് ആസ്ഥാനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ജനുവരിയില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ അദാനിയുടെ ഭരണരീതികളെക്കുറിച്ചുള്ള ആശങ്കകള്‍ ഉന്നയിച്ചതിനെത്തുടര്‍ന്ന് സുപ്രീം കോടതി വിഷയത്തില്‍ അന്വേഷണം നടത്താന്‍ സെബിയെ ചുമതലപ്പെടുത്തുകയായിരുന്നു.
മെയ് രണ്ടിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി സമയം അനുവദിച്ചിരുന്നു. ഈ കാലാവധി അവസാനിക്കാനിരിക്കെയാണ് സമയം നീട്ടണമെന്ന സെബി സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
വിഷയത്തില്‍ ശരിയായ അന്വേഷണം നടത്താനും കണ്ടെത്തലുകളില്‍ എത്തിച്ചേരാനും കൂടുതല്‍ സമയം ആവശ്യമാണെന്നും സെബി സുപ്രീംകോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറഞ്ഞു. അന്വേഷണത്തില്‍ നിരവധി അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ നിന്ന് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇത് സ്വതന്ത്രമായി പരിശോധിക്കേണ്ടതും വിദേശ സ്ഥാപനങ്ങളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടേണ്ടതും ആവശ്യമാണ്, കാരണം സൂക്ഷ്മപരിശോധനയില്‍ ചില ഇടപാടുകളില്‍ വിദേശ ബന്ധങ്ങളും ഉള്‍പ്പെടുന്നു. അപേക്ഷയില്‍ പറയുന്നു.