ന്യൂഡല്‍ഹി: വിപണിയുടെ ചിട്ടയായതും കാര്യക്ഷമവുമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നു സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). ചില വ്യക്തിഗത ഓഹരികളിലെ അമിതമായ ചാഞ്ചാട്ടം പരിഹരിക്കാന്‍ നിരീക്ഷണ നടപടികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സെബി വ്യക്തമാക്കി.
അദാനി ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ഓഹരികള്‍ തകരുന്നതിനെച്ചൊല്ലി വിവാദം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണു സെബിയുടെ പ്രതികരണം. വാര്‍ത്താ ഏജന്‍സിയായ പി ടി ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
”ഒരു ബിസിനസ് ഗ്രൂപ്പിന്റെ ഓഹരികളില്‍ അസാധാരണമായ വില മാറ്റം നിരീക്ഷിക്കപ്പെട്ടു. പ്രശ്‌നം പരിഹരിക്കാന്‍ എല്ലാ നിരീക്ഷണ നടപടികളും സ്വീകരിച്ചിട്ടുണ്ട്,”അദാനി ഗ്രൂപ്പിന്റെ പേര് പരാമര്‍ശിക്കാതെ സെബി പ്രസ്താവനയില്‍ പറഞ്ഞു.
”സെബി അതിന്റെ അധികാരത്തിന്റെ ഭാഗമായി, വിപണിയുടെ ക്രമവും കാര്യക്ഷമവുമായ പ്രവര്‍ത്തനം നിലനിര്‍ത്താന്‍ ശ്രമിക്കുന്നു. പ്രത്യേക ഓഹരികളിലെ അമിതമായ ചാഞ്ചാട്ടം പരിഹരിക്കുന്നതിനായി നിര്‍വചിക്കപ്പെട്ടതും പൊതുവായി ലഭ്യമായതുമായ നിരീക്ഷണ നടപടികള്‍ (ഐ എസ് എം ചട്ടക്കൂട് ഉള്‍പ്പെടെ) ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിലയിലെ ചാഞ്ചാട്ടത്തിന്റെ നിശ്ചിത വ്യവസ്ഥകള്‍ പ്രകാരം ഏതു ഓഹരിയിലും ഈ സംവിധാനം സ്വയമേവ പ്രവര്‍ത്തനക്ഷമമാകും,”സെബി അറിയിച്ചു.
അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷല്‍ ഇക്കണോമിക് സോണ്‍, അംബുജ സിമെന്റ്‌സ് എന്നീ അദാനി ഗ്രൂപ്പിന്റെ മൂന്നു കമ്പനികളെ ഓഹരി വിപണികളായ ബി എസ് ഇ(ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്)യും എന്‍ എസ് ഇ (നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്)യും അവരുടെ ഹ്രസ്വകാല അധിക നിരീക്ഷണ നടപടി(എ എസ് എം)ക്കു കീഴിലാക്കിയിട്ടുണ്ട്. അതായത് ഇന്‍ട്രാ-ഡേ ട്രേഡിങ്ങിനു 100 ശതമാനം മുന്‍കൂര്‍ മാര്‍ജിന്‍ ആവശ്യമാണ്. ഈ ഓഹരികളിലെ ഊഹക്കച്ചവടവും ഷോര്‍ട്ട് സെല്ലിങ്ങും തടയാന്‍ ലക്ഷ്യമിട്ടാണ് ഈ നടപടി.
അദാനി ഗ്രൂപ്പ് ‘ഓഹരി വിപണിയില്‍ കൃത്രിമം’ നടത്തുന്നതായി യു എസ് ആസ്ഥാനമായുള്ള ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ച ആരോപണമാണ് ഇപ്പോഴത്തെ സ്ഥിതിയിലേക്കു കാര്യങ്ങള്‍ എത്തിച്ചത്. കാര്യങ്ങള്‍ വഷളായതോടെ അദാനി എന്റര്‍പ്രൈസസ് 20,000 കോടി രൂപയുടെ ഫോളോ-ഓണ്‍ പബ്ലിക് ഓഫര്‍ (എഫ്പിഒ) റദ്ദാക്കിയിരുന്നു. ഇത് ഇന്ത്യയുടെ സ്ഥൂല സാമ്പത്തിക അടിസ്ഥാനങ്ങളെയും പ്രതിച്ഛായയെയും ബാധിക്കില്ലെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞ് മണിക്കൂറുകള്‍ക്കമാണു സെബിയൂടെ പ്രസ്താവന വന്നിരിക്കുന്നത്.
അദാനി വിഷയത്തില്‍ നിയന്ത്രണ ഏജന്‍സികള്‍ അവരുടെ ജോലി ചെയ്യുമെന്നും വിപണികളുടെ സ്ഥിരത ഉറപ്പാക്കാന്‍ അവര്‍ക്കു ശേഷിയുണ്ടെന്നും ധനമന്ത്രി പറഞ്ഞു. റെഗുലേറ്റര്‍മാര്‍ സര്‍ക്കാരില്‍നിന്ന് സ്വതന്ത്രരാണെന്നും ‘ഉചിതമായത് ചെയ്യാന്‍ അവര്‍ സ്വന്തമായി ശേഷിയുണ്ടെന്നും അതിനാല്‍ വിപണി നന്നായി നിയന്ത്രിക്കപ്പെടുന്നുവെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.