ന്യൂഡല്‍ഹി: കോടതി വളപ്പില്‍ പൊലീസും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷം. ഡല്‍ഹിയിലെ ടിസ് ഹസാരി കോടതി വളപ്പിലാണ് സംഘര്‍ഷമുണ്ടായത്. വെടിവയ്‌പും ഉണ്ടായാതായാണ് വിവരം. ഒരു അഭിഭാഷകന് പരുക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഘര്‍ഷത്തിനിടെ വാഹനത്തിന് തീയിട്ടു. പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷമായി മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതാണോ യഥാര്‍ത്ഥ കാരണമെന്ന് വ്യക്തമായിട്ടില്ല.
‘പൊലീസ് വാഹനവും ഒരു അഭിഭാഷകന്റെ വാഹനവും തമ്മില്‍ കൂട്ടിയിടിച്ചു. ഇതോടെ അഭിഭാഷകന്‍ പൊലീസുകാരോട് ദേഷ്യപ്പെട്ടു. തുടര്‍ന്ന് ആറ് പൊലീസുകാര്‍ ചേര്‍ന്ന് അഭിഭാഷകനെ സ്റ്റേഷനിലേക്ക് കൊണ്ടു പോയി മർദിക്കുകയായിരുന്നു. ഇത് കണ്ട് മറ്റുള്ളവര്‍ പൊലീസിനെ വിളിച്ചു വരുത്തി. സംഭവ സ്ഥലത്ത് എത്തിയ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ അകത്തേക്ക് പ്രവേശിക്കാന്‍ സമ്മതിച്ചില്ല. ഇതോടെ കോടതിയെ വിവരം അറിയിക്കുകയായിരുന്നു. ആറു ജഡ്ജിമാരടങ്ങുന്ന സംഘം അവിടെയെത്തിയെങ്കിലും അവരേയും അകത്തേക്ക് പോകാന്‍ അനുവദിച്ചില്ല. അവര്‍ തിരികെ പോകാന്‍ തുടങ്ങുമ്പോള്‍ അകത്തു നിന്നും പൊലീസുകാര്‍ വെടിവയ്ക്കുകയായിരുന്നു.” ബാര്‍ അസോസിയേഷന്‍ പ്രതിനിധിയായ ജയ് ബിസ്വാള്‍ പറയുന്നു.
എന്നാല്‍ വെടിവച്ചെന്ന ആരോപണം ഡല്‍ഹി പൊലീസ് തള്ളി. സംഭവ സ്ഥലത്ത് സേനയെ വിന്യസിച്ചിട്ടുണ്ട്. അതേസമയം, സംഘര്‍ഷത്തിനിടെ പ്രതികളിലൊരാള്‍ രക്ഷപ്പെടുകയും ചെയ്തതായാണ് വിവരം.