ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയില്‍ അച്ചടക്കം നടപ്പിലാക്കുന്നതിനും ക്രമസമാധാനം നിലനിര്‍ത്തുന്നതിനും ഏഴംഗ സമിതിയെ നിയോഗിച്ച് അധികൃതര്‍.ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളെ തടഞ്ഞുവച്ചതിന് പിന്നാലെയാണിത്.
ഡല്‍ഹി യൂണിവേഴ്സിറ്റി പ്രോക്ടര്‍ രജനി അബി അധ്യക്ഷനായുള്ള സമിതിയെ വൈസ് ചാന്‍സലര്‍ രൂപീകരിച്ചതായി സര്‍വകലാശാല രജിസ്ട്രാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. ഹന്‍സ്രാജ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. രമ, കിരോരിമല്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ദിനേശ് ഖട്ടാര്‍ എന്നിവരുള്‍പ്പെടെ ആറ് അംഗങ്ങളും സമിതിയിലുണ്ട്.
2023 ജനുവരി 27-ന് ഡല്‍ഹി സര്‍വകലാശാലയിലെ ആര്‍ട്സ് ഫാക്കല്‍റ്റിക്ക് പുറത്ത് ഗേറ്റ് നമ്പര്‍ 4-ന് എതിര്‍വശത്ത് നടന്ന സംഭവം കമ്മിറ്റി പ്രത്യേകം പരിശോധിച്ചേക്കുമെന്ന് അറിയിപ്പില്‍ പറയുന്നു. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. ജനുവരി 30 വൈകുന്നേരം 5 മണിക്കകം വൈസ് ചാന്‍സലര്‍ക്ക് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
വെള്ളിയാഴ്ച ആര്‍ട്സ് ഫാക്കല്‍റ്റിയിലെ 24 വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സര്‍വകലാശാലയിലെ സുരക്ഷാ ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളും തമ്മില്‍ വാക്കേറ്റമുണ്ടായി. ഡോക്യുമെന്ററിയുടെ രണ്ട് ഭാഗങ്ങള്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നു, ഒന്ന് നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യയുടെയും (എന്‍എസ്യുഐ) മറ്റൊന്ന് ഭീം ആര്‍മി സ്റ്റുഡന്റ് ഫെഡറേഷന്റെയും നേതൃത്ത്വത്തിലായിരുന്നു. രണ്ട് സ്‌ക്രീനിങ്ങിനും അനുമതി നല്‍കിയിട്ടില്ലെന്ന് സര്‍വകലാശാല അഡ്മിനിസ്‌ട്രേഷന്‍ പറഞ്ഞിരുന്നു. ഈ ആഴ്ച ആദ്യം ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലും ജാമിയ മില്ലിയ ഇസ്ലാമിയയിലും ഡോക്യുമെന്ററിയുടെ പ്രദര്‍ശനം വിവാദത്തിലായിരുന്നു.