ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങള്‍ക്കു നേരെയുള്ള ആക്രമണമാണെന്ന് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍.

”ഭരണഘടനയ്‌ക്കെതിരായ ആക്രമണമാണ്. ഇന്ത്യയെന്ന ആശയത്തിനു നേരെയുള്ള ആക്രമണമാണ്. ഫെഡറലിസത്തിന്റെ ആത്മാവിന് എതിരെയാണ്. ജമ്മു കശ്മീരിലെ ഓരോ പൗരന്റേയും വ്യക്തിസ്വാതന്ത്രത്തിന് മേലുള്ള ആക്രമണമാണ്. അതിനാല്‍ നമ്മുടെ ജനാധിപത്യ മൂല്യങ്ങള്‍ക്കെതിരെയുള്ള ആക്രമണമാണിത്” ലോക്‌സഭയില്‍ സംസാരിക്കുകകയായിരുന്നു തരൂര്‍.

നോട്ട്‌നിരോധനത്തിന് തുല്യമാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരണം നല്‍കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.

Read More: ‘അമിത് ഷാ പറയുന്നത് പച്ചക്കള്ളം, ഞാന്‍ വീട്ടുതടങ്കലില്‍’: ഫാറൂഖ് അബ്ദുള്ള

”അവസാനമായി പ്രധാനമന്ത്രി നമ്മളെ ഞെട്ടിച്ചത് നമുക്ക് ഓര്‍മ്മയുണ്ട്. തുടക്കത്തില്‍ അഭിനന്ദിക്കപ്പെട്ടതാണത്. ഇന്നത്തെ പോലെ. അത് നോട്ട് നിരോധനമെന്ന ദുരന്തമായിരുന്നു. ആ നീക്കത്തിന്റെ ആഘാതം രാജ്യം ഇന്നും നേരിടുന്നുണ്ട്. നോട്ട് നിരോധനത്തിന് തുല്യമാണിതെന്നും ഞാന്‍ ഭയപ്പെടുന്നു” തരൂര്‍ പറഞ്ഞു. ചെറിയ ആഘാതങ്ങള്‍ വലിയ ആഘാതങ്ങളിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ തന്നെ വിനോദ സഞ്ചാര മേഖലയില്‍ ആഘാതം ഏറ്റിട്ടുണ്ടെന്നും ഇത് കൂടുതല്‍ രൂക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ നേതാക്കളെ അറസ്റ്റ് ചെയ്യുന്നതിലൂടെ സര്‍ക്കാര്‍ ജനാധിപത്യ വിരുദ്ധരെയാണ് പ്രോത്സാഹിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രധാന പാര്‍ട്ടികളേയും നേതാക്കളേയും പ്രാധാന്യമില്ലാത്തതാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.

Also Read: കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണോ? അധീറിന്റെ ‘സെല്‍ഫ് ഗോള്‍’, സോണിയക്കും രാഹുലിനും അതൃപ്തി

ജമ്മു കശ്മീരിലെ ജനങ്ങളോടോ ജനപ്രതിനിധികളോടോ ചോദിക്കാതെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ കശ്മീര്‍ ജനതയും ഇന്ത്യയും തമ്മിലുള്ള ഭരണഘടനപരമായ അടിസ്ഥാന ബന്ധം തന്നെ സര്‍ക്കാര്‍ മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. ഇത് ഹൃദയഭേദകമായ വഞ്ചനയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook